< Back
World
ഇസ്രായേലിനെതിരെ നെതർലാൻഡ്‌സ് സർക്കാർ നടപടി സ്വീകരിക്കണം: ഗസ്സക്ക് പിന്തുണയുമായി ഹേഗിൽ പടുകൂറ്റൻ റാലി
World

'ഇസ്രായേലിനെതിരെ നെതർലാൻഡ്‌സ് സർക്കാർ നടപടി സ്വീകരിക്കണം': ഗസ്സക്ക് പിന്തുണയുമായി ഹേഗിൽ പടുകൂറ്റൻ റാലി

Web Desk
|
19 May 2025 9:00 AM IST

ഏകദേശം ഒരുലക്ഷത്തിലധികം ആളുകളാണ് പ്രതിഷേധത്തിന്റെ ഭാഗമായത്. 20 വർഷത്തിനിടയിലെ രാജ്യത്തെ ഏറ്റവും വലിയ പ്രതിഷേധറാലിക്കാണ് കഴിഞ്ഞ ദിവസം ഹേഗ് സാക്ഷ്യംവഹിച്ചത്

ഹേഗ്: ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരെ ഡച്ച് സർക്കാരിന്റെ നിലപാട് കർശനമാക്കണമെന്നാവശ്യപ്പെട്ട് നെതര്‍ലാന്‍ഡ്സിലെ ഹേഗില്‍ പടുകൂറ്റന്‍ റാലി.

ഏകദേശം ഒരുലക്ഷത്തിലധികം ആളുകളാണ് പ്രതിഷേധത്തിന്റെ ഭാഗമായത്. 20 വർഷത്തിനിടയിലെ രാജ്യത്തെ ഏറ്റവും വലിയ പ്രതിഷേധറാലിക്കാണ് കഴിഞ്ഞ ദിവസം ഹേഗ് സാക്ഷ്യംവഹിച്ചത്. മാലിവെൽഡ് സ്ക്വയറിൽ നടന്ന പ്രകടനം അന്താരാഷ്ട്ര, പ്രാദേശിക എൻ‌ജി‌ഒകളുടെ വിശാലമായ സഖ്യമാണ് ഏകോപിപ്പിച്ചത്.

പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തിയായിരുന്നു പ്രകടനം. ചുവപ്പ് വസ്ത്രം ധരിച്ചെത്തിയ പ്രതിഷേധക്കാര്‍ ഗസ്സക്ക് പിന്തുണ അറിയിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 70,000ത്തിലധികം ആളുകൾ പ്രകടനത്തിൽ പങ്കെടുത്തിട്ടുണ്ട്. അതേസമയം ഒരുലക്ഷം ആളുകളാണ് പ്രതിഷേധത്തിന്റെ ഭാഗമായതെന്ന് സംഘാടക എൻ‌ജി‌ഒകളിലൊന്നായ ഓക്സ്ഫാം നോവിബ് വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ മാർച്ച് മുതൽ ഗസ്സയില്‍ നൂറുകണക്കിനാളുകള്‍ പട്ടിണി കിടന്ന് മരിച്ചുവെന്ന് പ്രതിഷേധത്തിൽ പങ്കെടുത്തവര്‍ വ്യക്തമാക്കി.

ഗസ്സയിലെ ഇസ്രായേലിന്റെ നടപടികൾക്ക് മുന്നിൽ ഡച്ച് സർക്കാർ മൗനം പാലിക്കുകയാണെന്നും കര്‍ശനമായ നിലപാട് സ്വീകരിക്കണമെന്നും റാലിയെ അഭിസംബോധന ചെയ്തവര്‍ വ്യക്തമാക്കി. യുദ്ധനിയമങ്ങൾ ഇസ്രായേൽ ആവർത്തിച്ച് ലംഘിച്ചിട്ടും നെതര്‍ലാന്‍ഡ് സര്‍ക്കാര്‍ ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

അതേസമയം ഗസ്സയിൽ കൊടുംക്രൂരതകളുടെ പരമ്പര തുടരുകയാണ്​ ഇസ്രായേൽ. ഇന്നലെ മാത്രം കൊന്നുതള്ളിയത്​ 144 ഫലസ്തീനികളെയാണ്. ഇതോടൊപ്പം കൂടുതൽ സൈനികരെ വിന്യസിച്ച്​ കരയാക്രമണവും ശക്​തമാക്കിയിരിക്കുകയാണ് ഇസ്രായേൽ സേന. ഗസ്സയെ നിരായുധീകരിക്കും ​വരെ ആക്രമണം നിർത്തില്ലെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വ്യക്തമാക്കുന്നു.

Similar Posts