World
സൈനികര്‍ക്ക് ഐഡിഎഫ് നല്‍കുന്നത് കാലഹരണപ്പെട്ട വാഹനങ്ങള്‍; ഗസ്സയില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബം
World

'സൈനികര്‍ക്ക് ഐഡിഎഫ് നല്‍കുന്നത് കാലഹരണപ്പെട്ട വാഹനങ്ങള്‍'; ഗസ്സയില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബം

Web Desk
|
27 Jun 2025 11:26 AM IST

ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഏഴ് ഇസ്രായേല്‍ സൈനികരിലൊരാളുടെ മാതാവാണ് ആരോപണവുമായി രംഗത്തു വന്നത്

ഗസ്സ: ഇസ്രായേല്‍ സൈന്യത്തിനെതിരെ ആരോപണവുമായി തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസില്‍ കൊല്ലപ്പെട്ട ഏഴ് ഇസ്രായേല്‍ സൈനികരുടെ കുടുംബങ്ങള്‍. ഇസ്രായേല്‍ സൈനികര്‍ക്ക് യാത്ര ചെയ്യാന്‍ ഐഡിഎഫ് നല്‍കുന്നത് കാലഹരണപ്പെട്ട കവചിത വാഹനങ്ങളെന്ന് കൊല്ലപ്പെട്ട സൈനികന്റെ മാതാവ് കുറ്റപ്പെടുത്തി. ചൊവ്വാഴ്ച ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഏഴ് ഇസ്രായേല്‍ സൈനികരിലൊരാളുടെ മാതാവാണ് ആരോപണവുമായി രംഗത്തു വന്നത്.

വിഷയം ചൂണ്ടിക്കാണിച്ച് ബറ്റാലിയന്‍ കമാന്‍ഡര്‍ക്ക് സൈനികരുടെ കുടംബം കത്ത് അയച്ചു. പതിയിരുന്നുള്ള അപ്രതീക്ഷിത ആക്രമണത്തിലാണ് 605ാമത് കോംബാറ്റ് എഞ്ചിനീയറിംഗ് ബറ്റാലിയനിലെ എല്ലാ അംഗങ്ങളും കൊല്ലപ്പെട്ടത്. ഖാന്‍ യൂനിസിലെ ഏറ്റുമുട്ടലില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടതായി ബുധനാഴ്ചയാണ് ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചത്.

''കേടുപാടുകള്‍ ഉള്ളതും അനുയോജ്യവുമല്ലാത്ത ഉപകരണങ്ങള്‍ കാരണമാണ് ഞങ്ങളുടെ മക്കള്‍ കൊല്ലപ്പെട്ടത്. അവ യാതൊരു സംരക്ഷണവും നല്‍കാത്തതാണെന്ന് അറിഞ്ഞിട്ടും സൈന്യകരെ അതില്‍ വിന്യസിച്ചു. ആഴ്ചകള്‍ക്ക് മുമ്പ് വാഹനം മാറ്റി സ്ഥാപിക്കാമെന്ന് ഒരു ഉദ്യാഗസ്ഥന്‍ വാഗാദാനം നല്‍കിയെങ്കിലും ഒന്നും മാറിയില്ല,'' കൊല്ലപ്പെട്ട സൈനികന്റെ അമ്മ പറഞ്ഞു.

ആധുനികവും ഉപയോഗിക്കാത്തതുമായ ഉപകരണങ്ങള്‍ ലഭ്യമായിരുന്നു. എന്നിട്ടും കേടായതും കാലഹരണപ്പെട്ടതുമായ ഉപകരണങ്ങള്‍ ഉപയോഗിച്ച് യുദ്ധം ചെയ്യാന്‍ സൈനികര്‍ നിര്‍ബന്ധിതരായെന്ന് അമ്മമാര്‍ ആരോപിച്ചു. ''നടപടി എടുക്കാന്‍ കൂടുതല്‍ സൈനികര്‍ കൊല്ലപ്പെടണോ? അതിനായി കാത്തിരിക്കുകയാണോ. സൈന്യത്തിന് അനുവദിച്ച ബജറ്റ് എവിടെയാണ്,'' ബറ്റാലിയന്‍ കമാന്‍ഡര്‍ക്ക് അയച്ച കത്തില്‍ അമ്മമാര്‍ ചോദിച്ചു.

605ാമത് കോംബാറ്റ് എഞ്ചിനീയറിംഗ് ബറ്റാലിയനിലെ ഏഴ് ഇസ്രായേലി സൈനികര്‍ ചൊവ്വാഴ്ച ഖാന്‍ യൂനിസില്‍ വാഹനമോടിക്കുമ്പോള്‍ തീവ്രവാദികള്‍ അവരുടെ വാഹനത്തില്‍ ബോംബ് സ്ഥാപിച്ചതിനെ തുടര്‍ന്ന് തീപിടിച്ചാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹമാസ് പിന്നീട് ഏറ്റെടുത്തു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഫലസ്തീന്‍ പ്രദേശത്ത് ഇസ്രായേലി ആക്രമണങ്ങളില്‍ 74 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

Related Tags :
Similar Posts