< Back
World
ഗസ്സയിലേത് വംശഹത്യയെന്ന് ഇസ്രായേലിലെ രണ്ട് പ്രമുഖ മനുഷ്യാവകാശ സംഘടനകൾ
World

ഗസ്സയിലേത് വംശഹത്യയെന്ന് ഇസ്രായേലിലെ രണ്ട് പ്രമുഖ മനുഷ്യാവകാശ സംഘടനകൾ

Web Desk
|
28 July 2025 10:35 PM IST

ഇതാദ്യമായാണ് ഇസ്രായേലില്‍ നിന്നുള്ള സംഘടനകള്‍ ഗസ്സയിലേത് വംശഹത്യയാണെന്ന് ആരോപിക്കുന്നത്.

തെല്‍അവിവ്: ഗസ്സയില്‍ തങ്ങളുടെ രാജ്യം നടത്തുന്നത് വംശഹത്യയാണെന്ന് രണ്ട് പ്രമുഖ ഇസ്രായേലി മനുഷ്യാവകാശ സംഘടനകൾ. ഇതാദ്യമായാണ് ഇസ്രായേലില്‍ നിന്നുള്ള സംഘടനകള്‍ ഗസ്സയിലേത് വംശഹത്യയാണെന്ന് ആരോപിക്കുന്നത്. ബൈത് സലേം, ഫിസിഷ്യൻസ് ഫോർ ഹ്യൂമൻ റൈറ്റ്‌സ് എന്നീ സംഘടനകളാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ഉന്നയിക്കുന്ന വംശഹത്യ എന്ന പ്രയോഗം ഉപയോഗിക്കുന്നത്.

ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക ഫയൽ ചെയ്തതും വംശഹത്യ കേസാണ്. ഇത് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പരിഗണനയിലുമാണ്. അതേസമയം ഇസ്രായേലിലെ സര്‍ക്കാറിന്റെ ശക്തമായ വിമര്‍ശകര്‍ പോലും വംശഹത്യ എന്ന് ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ ഇസ്രായേലില്‍ ഏറെ സ്വാധീനമുള്ള രണ്ട് സംഘടനകളുടെ ആരോപണം ഇസ്രായേലിനുള്ള തിരിച്ചടിയായി.

"നമ്മുടെ വംശഹത്യ" എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൽ, സാധാരണക്കാരായ ഫലസ്തീനികളുടെ മേലുള്ള ഇസ്രായേലിന്റെ കടന്നാക്രമണത്തെക്കുറിച്ചും അത് അവരിലേല്‍പ്പിച്ച പ്രത്യാഘാതങ്ങളൊക്കെയാണ് ബൈത് സലേം പറയുന്നത്.

ഗസ്സയില്‍ പതിനായിരക്കണക്കിന് ഫലസ്തീനികളെ കൊന്നൊടുക്കിയത്, വലിയ പ്രദേശങ്ങൾ തകർത്തുതരിപ്പണമാക്കിയത്, ഇരുപത് ലക്ഷം ജനങ്ങളെയെല്ലാം നിർബന്ധിതമായി കുടിയിറക്കിയത്, ഭക്ഷണത്തിനും മറ്റ് അവശ്യ സാധനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയത് എന്നിവയൊക്കെ റിപ്പോര്‍ട്ടിലുണ്ട്. ഗസ്സ മുനമ്പിലെ ഫലസ്തീൻ സമൂഹത്തെ മനഃപൂർവ്വം നശിപ്പിക്കുന്നതിനുള്ള ഏകോപിത നടപടിയായാണ് ഇസ്രായേലിന്റേതും ബൈത് സലേം ചൂണ്ടിക്കാട്ടുന്നു. ഗസ്സയില്‍, ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം സംഘടനയുടെ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് നെതന്യാഹു സര്‍ക്കാറിലെ ഉന്നതന്‍ രംഗത്ത് എത്തി. റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്നും സാധാരണക്കാരെയല്ല, ഹമാസിനെയാണ് സൈന്യം ലക്ഷ്യമിടുന്നതെന്ന് ഇസ്രായേൽ സർക്കാർ വക്താവ് ഡേവിഡ് മെൻസർ പറഞ്ഞു. ഫലസ്തീനികളെ നശിപ്പിക്കാൻ ഇസ്രായേൽ യഥാർത്ഥത്തിൽ ഉദ്ദേശിച്ചിരുന്നെങ്കിൽ, രണ്ട് ദശലക്ഷം ടൺ സഹായം ആ പ്രദേശത്തേക്ക് നൽകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts