
ആണവായുധത്തിന് തുല്യം; യുക്രൈനിൽ ഒറേഷ്‌നിക് മിസൈൽ പ്രയോഗിച്ച് റഷ്യ
|യൂറോപ്യൻ യൂണിയന്റെയും നാറ്റോയുടെയും അതിർത്തിക്ക് തൊട്ടടുത്ത് ഇത്തരമൊരു മാരകായുധം പ്രയോഗിച്ചത് യൂറോപ്പിന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് യുക്രൈൻ
കീവ്: പടിഞ്ഞാറൻ ഉക്രെയ്നിലെ ലവീവ് തലസ്ഥാനമായ കീവ് എന്നിവിടങ്ങളിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ പുതുതായി വികസിപ്പിച്ച 'ഒറേഷ്നിക്' മിസൈൽ ഉപയോഗിച്ചതായി റിപ്പോർട്ട്. ഇതിനെത്തുടർന്ന് റഷ്യയ്ക്ക് മേൽ അന്താരാഷ്ട്ര സമ്മർദം വർധിപ്പിക്കണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടു. യൂറോപ്യൻ യൂണിയന്റെയും നാറ്റോയുടെയും അതിർത്തിക്ക് തൊട്ടടുത്ത് ഇത്തരമൊരു മാരകായുധം പ്രയോഗിച്ചത് യൂറോപ്പിന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് യുക്രൈൻ ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്ച പുലർച്ചെ റഷ്യ നടത്തിയ മിസൈൽ - ഡ്രോൺ ആക്രമണങ്ങളിൽ കീവിൽ നാല് പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ലവീവിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളും ലക്ഷ്യം വെച്ചതായാണ് റിപ്പോർട്ടുകൾ. ഈ ആക്രണണത്തിലാണ് റഷ്യ ഒറേഷ്‌നിക് മിസൈൽ ഉപയോഗിച്ചതായുള്ള റിപ്പോർട്ടുകൾ. മണിക്കൂറിൽ 13,000 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഈ മിസൈൽ തടയുക അസാധ്യമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിൻ അവകാശപ്പെടുന്നു.
കഴിഞ്ഞ മാസം പുടിന്റെ ഔദ്യോഗിക വസതിക്ക് നേരെ യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തിനുള്ള തിരിച്ചടിയാണ് ഈ നീക്കമെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം പറയുന്നത്. എന്നാൽ പുടിന്റെ വസതിക്ക് നേരെ ആക്രമണം നടന്നുവെന്ന വാദം യുക്രൈൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തള്ളിക്കളഞ്ഞു. റഷ്യയുടെ ഈ നടപടി അവിവേകമാണെന്നും ഇതിനെതിരെ ശക്തമായ പ്രതികരണം വേണമെന്നും യുക്രൈൻ വിദേശകാര്യമന്ത്രി ആൻഡ്രി സിബിഹ പറഞ്ഞു. അത്യാധുനിക ആയുധങ്ങൾ നൽകി തങ്ങളെ സഹായിക്കണമെന്ന് യുക്രൈൻ ആവർത്തിച്ചു.
നാല് വർഷത്തോളമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ വെടിനിർത്തൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, വെടിനിർത്തലിന് ശേഷം യൂറോപ്യൻ സൈന്യത്തെ യുക്രൈനിൽ വിന്യസിക്കാനുള്ള നീക്കത്തെ റഷ്യ ശക്തമായി എതിർത്തു. യുക്രൈനിലെത്തുന്ന വിദേശ സൈനികർ തങ്ങളുടെ ലക്ഷ്യമായിരിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി. യൂറോപ്പിന്റെ സുരക്ഷാ സാഹചര്യങ്ങൾ കൂടുതൽ വഷളാക്കുന്നതാണ് റഷ്യയുടെ പുതിയ മിസൈൽ പ്രയോഗമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.