< Back
World
sugary drinks
World

പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, മദ്യം, പുകയില എന്നിവയുടെ വില 50% വർധിപ്പിക്കുക; ലോകരാജ്യങ്ങളോട് ലോകാരോഗ്യ സംഘടന

Web Desk
|
4 July 2025 7:32 PM IST

വില വര്‍ധനവിലൂടെ പ്രമേഹം, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന ദോഷകരമായ ഉൽപന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാൻ കഴിയുമെന്ന് ഡബ്ള്യൂ എച്ച്ഒ വിശ്വസിക്കുന്നു

ജനീവ: അടുത്ത പത്ത് വർഷത്തിനുള്ളിൽ പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, മദ്യം, പുകയില എന്നിവയുടെ വില 50 ശതമാനം വർധിപ്പിക്കാൻ ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്ത് ലോകാരോഗ്യ സംഘടന. സെവില്ലെയിൽ നടന്ന യുഎൻ ഫിനാൻസ് ഫോർ ഡെവലപ്‌മെന്‍റ് കോൺഫറൻസിലാണ് ഈ നിര്‍ദേശം ഉയര്‍ന്നത്. വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ നിയന്ത്രിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

വില വര്‍ധനവിലൂടെ പ്രമേഹം, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന ദോഷകരമായ ഉൽപന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാൻ കഴിയുമെന്ന് ഡബ്ള്യൂ എച്ച്ഒ വിശ്വസിക്കുന്നു. ലോകമെമ്പാടുമുള്ള പൊതുജനാരോഗ്യ വെല്ലുവിളികളെ നേരിടുന്നതിനുള്ള നിർണായക ചുവടുവെപ്പായിട്ടാണ് ഈ നീക്കം കാണപ്പെടുന്നത്.''ഹെൽത്ത് ടാക്സുകൾ നമ്മുടെ പക്കലുള്ള ഏറ്റവും കാര്യക്ഷമമായ ഉപകരണങ്ങളിൽ ഒന്നാണ്. പ്രവർത്തിക്കേണ്ട സമയമാണിത്" ലോകാരോഗ്യ സംഘടന പ്രതിനിധി ജെറമി ഫറാർ പറഞ്ഞു. "3 ബൈ 35"(3 by 35) എന്നറിയപ്പെടുന്ന ലോകാരോഗ്യ സംഘടനയുടെ തന്ത്രപരമായ പദ്ധതി, ഈ നികുതി നയത്തിൽ നിന്ന് 2035 ഓടെ 1 ട്രില്യൺ ഡോളർ സമാഹരിക്കാനുള്ള സാധ്യത ലക്ഷ്യമിടുന്നു.

വികസന സഹായം ശുഷ്കമായ പൊതുകടമുള്ള രാജ്യങ്ങൾക്കും ഇത് ഗണ്യമായ സാമ്പത്തിക ഉത്തേജനം നൽകും. ഈ രാജ്യങ്ങളുടെ ആരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് എടുത്തുപറഞ്ഞു.പണപ്പെരുപ്പം കൂടി കണക്കിലെടുക്കുമ്പോൾ, ഒരു ഇടത്തരം വരുമാനമുള്ള രാജ്യത്ത് നികുതി ചുമത്തിയ ഉൽപന്നത്തിന്റെ വില പ്രായോഗികമായി 4 ഡോളറിൽ നിന്ന് 2035 ആകുമ്പോഴേക്കും 10 ഡോളറായി ഉയരുമെന്ന് ഡബ്ള്യൂ എച്ച്ഒ ആരോഗ്യ സാമ്പത്തിക ശാസ്ത്രജ്ഞൻ ഗില്ലെർമോ സാൻഡോവൽ വിശദീകരിച്ചു.

സമാനമായ രീതിയിൽ നികുതി വര്‍ധിപ്പിക്കുകയും ആരോഗ്യത്തിന് ഹാനികരമായ ഉൽപന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുകയും ചെയ്ത കൊളംബിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം. എന്നാൽ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം വ്യവസായ പ്രതിനിധികളുടെ എതിര്‍പ്പിന് കാരണമായിട്ടുണ്ട്. "പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്ക് നികുതി ഏർപ്പെടുത്തിയത് ഒരു രാജ്യത്തും ആരോഗ്യപരമായ ഫലങ്ങൾ മെച്ചപ്പെടുത്തുകയോ പൊണ്ണത്തടി കുറയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് കാണിക്കുന്ന വ്യക്തമായ തെളിവുകൾ ലോകാരോഗ്യ സംഘടന അവഗണിക്കുന്നത് വളരെയധികം ആശങ്കാജനകമാണ്." ഇന്‍റർനാഷണൽ കൗൺസിൽ ഓഫ് ബിവറേജസ് അസോസിയേഷന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടർ കേറ്റ് ലോട്ട്മാൻ വിമര്‍ശിച്ചു.

Similar Posts