< Back
World
ഇനി ഒന്നിച്ച് നേരിടും; പുതിയ സൗഹൃദത്തിന് തുടക്കം കുറിച്ച് ഇന്ത്യയും ചൈനയും റഷ്യയും
World

ഇനി ഒന്നിച്ച് നേരിടും; പുതിയ സൗഹൃദത്തിന് തുടക്കം കുറിച്ച് ഇന്ത്യയും ചൈനയും റഷ്യയും

Web Desk
|
2 Sept 2025 6:26 AM IST

അമേരിക്കയുടെ ലോക പൊലീസിങ്ങിനെതിരായ ത്രികക്ഷി സഖ്യമാണ് അണിയറയിൽ ഒരുങ്ങുന്നത്

ന്യൂഡൽഹി: ലോകരാജ്യങ്ങൾക്കിടയിൽ പുതിയ സൗഹൃദത്തിന് തുടക്കം കുറിച്ച് ഇന്ത്യയും ചൈനയും റഷ്യയും. അമേരിക്കയുടെ ലോക പൊലീസിങ്ങിനെതിരായ ത്രികക്ഷി സഖ്യമാണ് അണിയറയിൽ ഒരുങ്ങുന്നത്. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഉയർത്തുന്ന വെല്ലുവിളികളെ തരണം ചെയ്യുകയാണ് പുതിയ അച്ചുതണ്ടിന്റെ ലക്ഷ്യം.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധത്തെ മറികടക്കാൻ ലോകരാജ്യങ്ങൾക്കിടയിൽ പുതിയ വാതിലുകൾ തുറക്കുകയാണ് ഇന്ത്യ. റഷ്യയുടെയും ചൈനയുടെയും പിന്തുണയോടെ അമേരിക്കക്കെതിരായ വിലപേശലിന് ഇന്ത്യ തയ്യാറെടുക്കുകയാണ്. നിർജീവ അവസ്ഥയിലായിരുന്ന ഷാങ്ഹായ് സഹകരണ രാജ്യങ്ങളുടെ കൂട്ടായ്മ പൊതു ശത്രുവിനെതിരെ ഒന്നിക്കുകയാണ്.

ലോകത്ത് ക്രൂഡോയിൽ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന റഷ്യയും അഫ്ഗാനിസ്ഥാനും എസ്‌സിഒയിലെ അംഗ രാജ്യങ്ങളായ ഇന്ത്യക്കും ചൈനയ്ക്കും സഹായകരമായ രീതിയിൽ ഇന്ധനം നൽകുകയാണെങ്കിൽ തെക്കൻ ഏഷ്യൻ രാജ്യങ്ങളുടെ സാമ്പത്തിക ഭദ്രത വർധിക്കും. വിമാനങ്ങളും യുദ്ധസാമഗ്രികളും എണ്ണയും തങ്ങൾ നൽകുമെന്ന അമേരിക്കൻ താൽപര്യങ്ങളെ വേരോടെ പിഴുതെറിയുകയാണ് ചൈനയുടെയും റഷ്യയുടെയും ലക്ഷ്യം. അമേരിക്കയുടെ ഏക ദ്രുവ ലോക ക്രമത്തിൽ നിന്നും, 25 വർഷങ്ങൾ പിന്നിടുമ്പോൾ ബഹു ദ്രുവ സഹകരണ സഖ്യത്തിലേക്ക് ലോകം മാറുകയാണ്.

ഡിസംബറിൽ ക്വാട് സമ്മേളനത്തിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ലാദ്മിർ പുടിൻ കൂടി ഇന്ത്യ സന്ദർശിക്കുന്നതോടെ, ഏഷ്യൻ രാജ്യങ്ങളുടെ സഹകരണം കൂടുതൽ വർധിക്കും. അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പിന്നോട്ടില്ല എന്ന ഇന്ത്യയുടെ നിലപാടിന് റഷ്യയുടെയും ചൈനയുടെയും പിന്തുണ ലഭിക്കുന്നതോടെ ഏഷ്യൻ രാജ്യങ്ങൾക്കിടയിലെ ത്രികക്ഷി സഖ്യത്തിൽ ഇന്ത്യ നിർണ്ണായക ശക്തിയായി മാറും.

Similar Posts