< Back
World
ബലൂചിസ്ഥാനിലെ ട്രെയിൻ റാഞ്ചലിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് പാകിസ്താൻ; രൂക്ഷ വിമർശനവുമായി ഇന്ത്യ
World

ബലൂചിസ്ഥാനിലെ ട്രെയിൻ റാഞ്ചലിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് പാകിസ്താൻ; രൂക്ഷ വിമർശനവുമായി ഇന്ത്യ

Web Desk
|
14 March 2025 10:52 AM IST

'ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയാണെന്ന് ലോകത്തിന് മുഴുവൻ അറിയാം'

ഇസ്ലാമാബാദ്: ബലൂചിസ്ഥാനിലെ ജാഫർ എക്സ്പ്രസ് റാഞ്ചലിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാകിസ്താന്റെ ആരോപണങ്ങളെ തള്ളി ഇന്ത്യ. പാകിസ്താൻ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ശക്തമായി ആരോപണങ്ങളെ തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയാണെന്ന് ലോകത്തിന് മുഴുവൻ അറിയാം. സ്വന്തം ആഭ്യന്തര പ്രശ്‌നങ്ങളുടെയും പരാജയങ്ങളുടെയും ഉത്തരവാദിത്തം മറ്റുള്ളവരിലേക്ക് മാറ്റുന്നതിന് പകരം പാകിസ്താൻ സ്വന്തത്തിലേക്ക് നോക്കണമെന്നും ജയ്‌സ്വാൾ വ്യക്തമാക്കി.

ജാഫർ എക്സ്പ്രസ് ആക്രമണത്തിൽ ഉൾപ്പെട്ട വിമതർക്ക് അഫ്ഗാനിസ്ഥാനിലെ ഭീകര സംഘടനാ നേതാക്കളുമായി ബന്ധമുണ്ടെന്ന് പാകിസ്ഥാൻ വിദേശകാര്യ വക്താവ് ഷഫ്ഖത്ത് അലി ഖാൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇന്ത്യ പാകിസ്ഥാനിലെ തീവ്രവാദത്തിൽ പങ്കാളിയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. പിന്നാലെയാണ് രൂക്ഷ വിമർശനവുമായി ഇന്ത്യ രംഗത്തെത്തിയത്.

ഈ മാസം 11 നാണ് ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) പാകിസ്താനിൽ ട്രെയിൻ തട്ടിയെടുത്തത്. പാകിസ്താനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ നിന്ന് ഖൈബർ പഖ്തൂൺഖ്വയിലെ പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്സ്പ്രസ് ആണ് ബിഎൽഎ തട്ടിയെടുത്തത്. ഒമ്പത് ബോഗികളിലായി 400 ലധികം യാത്രക്കാരുമായി യാത്ര ചെയ്യുകയായിരുന്ന ട്രെയിൻ തട്ടിയെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പിന്നീട് ബിഎൽഎ പുറത്ത് വിട്ടിരുന്നു.

ട്രെയിൻ ഹൈജാക്ക് ചെയ്ത 33 ബിഎൽഎ വിമതരെയും വധിച്ചതായി പാകിസ്ഥാൻ സുരക്ഷാ സേന അവകാശപ്പെട്ടിരുന്നു. എന്നാൽ പരാജയം മറച്ചുവെക്കാനുള്ള സൈന്യത്തിന്റെ ശ്രമമാണിതെന്ന് ബിഎൽഎ പറഞ്ഞു. ട്രെയിൻ പിടിച്ചെടുത്ത ഉടൻ തന്നെ സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും സ്വമേധയാ മോചിപ്പിച്ചെന്നും ബാക്കിയുള്ളവർക്കായി പോരാട്ടം നടക്കുകയാണെന്നും ബി‌എൽ‌എ വക്താവ് വ്യക്തമാക്കി.

Similar Posts