
'കുടുംബത്തിൽ ഒരു അത്യാവശ്യമുണ്ട്, വീട്ടിൽ പോകണം'; എമര്‍ജൻസി ലീവ് ചോദിച്ച് നെതര്‍ലന്‍ഡ്സിലെ ഇന്ത്യൻ ജീവനക്കാരി, ഞെട്ടിപ്പിച്ച് മാനേജരുടെ മറുപടി
|അശ്വി താംകെ എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിൽ അനുഭവം പങ്കുവച്ചത്
ആംസ്റ്റര്‍ ഡാം: ഏതൊരു ജീവനക്കാരന്‍റെയും അവകാശമാണ് അവധി. പല സ്ഥാപനങ്ങളും തൊഴിലാളികൾക്ക് അര്‍ഹമായ അവധി നിഷേധിക്കുന്ന സാഹചര്യങ്ങളുമുണ്ട്. കുടുംബത്തിലെ മെഡിക്കൽ എമര്‍ജൻസി കാരണം ലീവ് ചോദിച്ച നെതര്‍ലന്‍ഡ്സിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ജീവനക്കാരിക്ക് ഉണ്ടായ അനുഭവം സോഷ്യൽമീഡിയയെ ആകെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
അശ്വിനി താംകെ എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിൽ അനുഭവം പങ്കുവച്ചത്. അത്യാവശ്യമായി വീട്ടിൽ പോകാനായി അവസാന നിമിഷം ഇന്ത്യയിലേക്ക് വിമാനം ബുക്ക് ചെയ്യേണ്ടിവന്ന സാഹചര്യത്തിൽ അശ്വിനി മാനേജരെ സമീപിച്ചു. മാനേജര്‍ എന്തുപറയും എന്നോര്‍ത്ത് ആശങ്കയോടെയാണ് അവധിയെക്കുറിച്ച് അറിയിച്ചത്. മുംബൈയിൽ നിന്നും ജോലി ചെയ്യാൻ സാധിക്കുമോ എന്നും ആരാഞ്ഞിരുന്നു. എന്നാൽ അദ്ദേഹത്തിന്‍റെ മറുപടി ഞെട്ടിക്കുന്നതായിരുന്നു. ''നിങ്ങൾക്ക് സാധിക്കുമെങ്കിൽ മുംബൈയിൽ നിന്ന് ജോലി ചെയ്യാം. മടിക്കേണ്ട, അവധി എടുക്കൂ..ടെന്‍ഷന്‍റെ കാര്യമില്ല, കുടുംബമാണ് വലുത്'' എന്നായിരുന്നു താംകെയുടെ ഡച്ച് മാനേജരുടെ മറുപടി.
അടിയന്തര സാഹചര്യങ്ങളിൽ പോലും ജീവനക്കാര്‍ അവധി ആവശ്യപ്പെട്ടാൽ നിഷേധിക്കുന്ന ഇന്ത്യയിലെ തൊഴിൽ സംസ്കാരവുമായി താരതമ്യപ്പെടുത്തുമ്പോൾ നെതര്‍ലന്‍ഡ്സ് ഇങ്ങനെയാണ് വ്യത്യസ്തമാകുന്നതെന്ന് അശ്വിനി വിശദീകരിക്കുന്നു. അടിയന്തര ഘട്ടങ്ങളിൽ അവധി ചോദിക്കുന്നത് സമ്മര്‍ദകരമാകുന്ന ഒരു സംസ്കാരത്തിൽ വരുന്ന തന്നെ ഈ പ്രതികരണം അത്ഭുതപ്പെടുത്തിയെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. നെതർലൻഡ്‌സിലെ ഈ അനുഭവം ജോലിസ്ഥലത്തെ ബഹുമാനം, വിശ്വാസം, മനുഷ്യത്വം എന്നിവയുടെ ഒരു മാതൃക പ്രകടമാക്കുന്നുവെന്ന് അവർ പറഞ്ഞു.
നിരവധി പേരാണ് ഈ പോസ്റ്റിനോട് പ്രതികരിച്ചത്. ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും തൊഴിൽ സംസ്കാരത്തെക്കുറിച്ചുള്ള വിശാലമായ ചര്‍ച്ചക്ക് ഈ പോസ്റ്റ് തുടക്കമിട്ടു. "ഇന്ത്യയിൽ ജോലി ചെയ്യുമ്പോൾ ഞാൻ ഒരിക്കലും ഇങ്ങനെ ഒരു അവസ്ഥ നേരിട്ടിട്ടില്ല. കൂടാതെ, ഇന്ത്യയിലെ ഈ സംസ്കാരം മാറ്റേണ്ടത് നമ്മുടെ ഉത്തരവാദിത്തമല്ലേ?" എന്ന് ദീപ്തി എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് എഴുതി.എന്നാൽ നെതര്‍ലൻഡ്സിൽ നിന്നും തനിക്ക് ഇത്തരത്തിൽ ഒരു അനുഭവമുണ്ടായിട്ടില്ലെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. "മിക്ക ആളുകളെയും സംബന്ധിച്ചിടത്തോളം, കൂടുതൽ കഠിനാധ്വാനം ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നത് പണമല്ല. ഇതുപോലുള്ള കാര്യങ്ങളാണ്" നെറ്റിസൺസ് ചൂണ്ടിക്കാട്ടി.