< Back
World
Indian immigrant in the US who started as a cab driver now makes 2 million dollar annually

Photo| Special Arrangement

World

19ാം വയസിൽ യുഎസിലേക്ക് കുടിയേറി കാർ ഡിസ്പാച്ചറായി തുടക്കം; ഇന്ന് രണ്ട് ദശലക്ഷം ഡോളർ വരുമാനമുള്ള ബിസിനസുകാരൻ

Web Desk
|
27 Oct 2025 8:47 PM IST

കുടുംബത്തിലെ പ്രതിസന്ധി മൂലം സുഹൃത്ത് പങ്കാളിത്തം ഉപേക്ഷിച്ചു. ഇതോടെ ഒരു വർഷത്തോളം സ്ഥാപനം അടച്ചുപൂട്ടിയിടേണ്ടിവന്നു.

വാഷിങ്ടൺ: 19ാം വയസിൽ വലിയ പ്രതീക്ഷകളൊന്നുമില്ലാതെ ഒരു ചെറുപ്പക്കാരൻ സ്വന്തം നാടുവിട്ട് യുഎസിലേക്ക് കുടിയേറുന്നു. വിഷാദരോഗിയായിരുന്ന ആ ചെറുപ്പക്കാരൻ അങ്ങനെ അവിടെ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്ത് തുടങ്ങുന്നു. കാറിന്റെ വളയം പിടിച്ച് തന്റെ ഉപജീവനം ആരംഭിച്ച ആ കുടിയേറ്റക്കാരന് ഇന്ന് വയസ് 38. അന്നത്തേതിന്റെ ഇരട്ടി പ്രായത്തിലെത്തിയിരിക്കെ ഇന്ന് അമേരിക്കയിൽ രണ്ട് ദശലക്ഷത്തിലധികം രൂപ വാർഷികവരുമാനമുള്ള ബിസിനസുകാരനാണ് അയാൾ.

കോളജ് പഠനം ഉപേക്ഷിച്ച് അമേരിക്കയിലേക്ക്

2006ലാണ് മണി സിങ് ജന്മനാടായ പഞ്ചാബിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് വിമാനം കയറുന്നത്. അന്ന് പ്രായം വെറും 19. എന്നാൽ തന്റെ ഭാവിയെ വിഷാദത്തിന് വിട്ടുകൊടുക്കാൻ ആ യുവാവ് തയാറായിരുന്നില്ല. മനസില്ലാമനസോടെ തുടങ്ങിയ ശ്രമം ഒടുവിൽ അയാളുടെ അമേരിക്കൻ സ്വപ്നത്തിന്റെ തുടക്കമായി മാറി. ആദ്യകാലത്ത് ഒരു ടാക്സി ഡിസ്പാച്ചറായി മണിക്കൂറിൽ ആറ് ഡോളർ സമ്പാദിച്ച സിങ്, ഇന്ന് പ്രതിവർഷം രണ്ട് മില്യൺ ഡോളറിലധികം (17.65 കോടി) വരുമാനം ലഭിക്കുന്ന രണ്ട് വിജയകരമായ ബിസിനസുകൾ കെട്ടിപ്പടുക്കുന്നതിലേക്ക് വളർന്നു.

'ഞാൻ ഒരു വർഷത്തോളം വിഷാദത്തിലായിരുന്നു. നാട്ടിലേക്ക് തിരിച്ചുപോകണമെന്നുണ്ടായിരുന്നു. സാമൂഹികമായി ഞാനേറെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു'- മണി സിങ് മനസ് തുറന്നു. 'യുഎസിലേക്ക് മാറിയ ഞാൻ, അമ്മയുടെ ഉപദേശപ്രകാരമാണ് ജോലി ചെയ്യാൻ തുടങ്ങിയത്. ആദ്യം ഒരു മരുന്ന് കടയിൽ ജോലി ചെയ്തു. പിന്നീട് അമ്മാവന്റെ ക്യാബ് കമ്പനിയിൽ ഡിസ്പാച്ചറായി ജോലി ചെയ്തു. മണിക്കൂറിൽ ഏകദേശം ആറ് ഡോളറായിരുന്നു സമ്പാദ്യം'- അദ്ദേഹം തുടർന്നു.

ടാക്സി കമ്പനിയിൽ ഏകദേശം പത്ത് വർഷത്തോളം ജോലി ചെയ്തു. ഇതിനിടെ ഡ്രൈവറായും ജോലി ചെയ്ത മണിസിങ് പിന്നീട് അഞ്ച് ക്യാബുകൾ സ്വന്തമാക്കി. സ്വന്തമായി ഡിസ്പാച്ച് സംവിധാനം നടത്തുകയും പിന്നീട് ഡ്രൈവേഴ്‌സ് നെറ്റ്‌വർക്ക് ആരംഭിക്കുകയും ചെയ്തു. ഇത് പിന്നീട് സ്വതന്ത്ര ഡ്രൈവർമാർക്കുള്ള മാർക്കറ്റിങ്- പരസ്യ പ്ലാറ്റ്‌ഫോമായ എടിസിഎസ് പ്ലാറ്റ്‌ഫോം സൊല്യൂഷൻസായി മാറി.

കൂടാതെ, അമ്മയുടെ സലൂൺ ബിസിനസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മൗണ്ടൻ വ്യൂവിൽ ഡാൻഡീസ് ബാർബർഷോപ്പ് ആൻഡ് ബിയേർഡ് സ്റ്റൈലിസ്റ്റ് എന്ന സ്ഥാപനം തുറന്നു. അതൊരു പരീക്ഷണമായിരുന്നു. പക്ഷേ ഫലം കണ്ടു. സിഎൻബിസിയുടെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷം ഡാൻഡീസിന് 1.07 മില്യൺ ഡോളർ വരുമാനമാണ് ലഭിച്ചത്. അതേസമയം എടിസിഎസ് പ്ലാറ്റ്‌ഫോം 1.18 മില്യൺ ഡോളർ വരുമാനവും നേടി. രണ്ട് ബിസിനസുകളും ലാഭകരമായി മുന്നോട്ടുപോകുന്നു.

തിരിച്ചടികളുടെ ഭൂതകാലം

വിജയം കൈവരിക്കുന്നതിനു മുമ്പുള്ള പ്രതിസന്ധിയുടെ ഭൂതകാലവും സിങ് പങ്കുവെച്ചു. 'ടാക്സി സമ്പാദ്യത്തിൽ നിന്ന് 75,000 ഡോളർ നിക്ഷേപിക്കുകയും പുതിയ സ്ഥാപനത്തിന്റെ പെർമിറ്റുകളും പേപ്പർ വർക്കുകളും പൂർത്തിയാക്കാൻ ഒരു വർഷം കഷ്ടപ്പെടുകയും ചെയ്തു. കട മുറി വാടകയ്ക്ക് എടുത്ത് അത് തുറക്കാനുള്ള ലൈസൻസ് ലഭിക്കാൻ ഒരു വർഷം കാത്തിരിക്കേണ്ടിവന്നു. എന്നാൽ അതുവരെയുള്ള വാടക തനിക്ക് അടയ്ക്കേണ്ടിവന്നു'- മണി സിങ് പറഞ്ഞു.

'ബാർബർ മേഖലയിൽ പ്രവർത്തന പരിചയമില്ലാത്തതിനാൽ ഒരു സുഹൃത്തുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടു. പിന്നീട്, ആറ് മാസത്തിന് ശേഷം, കോവിഡ് മഹാമാരി തിരിച്ചടിയായി. കുടുംബത്തിലെ പ്രതിസന്ധി മൂലം സുഹൃത്ത് പങ്കാളിത്തം ഉപേക്ഷിച്ചു. ഇതോടെ ഒരു വർഷത്തോളം സ്ഥാപനം അടച്ചുപൂട്ടിയിടേണ്ടിവന്നു. പക്ഷേ അപ്പോഴും വാടക നൽകേണ്ടതുണ്ടായിരുന്നു'- സിങ് വിശ​ദമാക്കി.

ബിസിനസിൽ തിരിച്ചടികൾ നേരിട്ടതോടെ പിടിച്ചുനിൽക്കാൻ സിങ് വായ്പകൾ എടുത്തു. സുഹൃത്തുക്കളിൽ നിന്ന് പണം കടം വാങ്ങി. സിങ്ങിന് എല്ലാം വിൽക്കേണ്ടി വന്നു. കുറച്ച് ഭക്ഷണം മാത്രമായിരുന്നു അക്കാലത്ത് കഴിച്ചിരുന്നത്. ഒടുവിൽ ബിസിനസ് മാറി. ഇന്ന് മൂന്ന് ഡാൻഡീസ് ഔട്ട്‌ലെറ്റുകൾ സിങ്ങിന് സ്വന്തമായുണ്ട്. അതിൽ 25 പേർക്ക് ജോലി നൽകുന്നു. ലൈഫ് ഇൻഷുറൻസ് ലോണും ക്രെഡിറ്റ് കാർഡ് കടവും അടച്ചുതീർത്തു. 2023ൽ ഡാൻഡീസ് ലാഭകരമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.

പഞ്ചാബിലെ തന്റെ ബാല്യകാലമാണ് ജീവിതത്തിൽ അച്ചടക്കവും സ്ഥിരോത്സാഹവും സമ്മാനിച്ചതെന്ന് സിങ് പറയുന്നു. പഞ്ചാബിൽ തന്റെ കുടുംബം അക്രമങ്ങളോടും അസ്ഥിരതയോടും പോരാടിയ സമയമായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴും താൻ ദിവസത്തിൽ 15 മുതൽ 16 മണിക്കൂർ വരെ ജോലി ചെയ്യുന്നുണ്ടെന്നും മണി സിങ് പറഞ്ഞു. ബാർബർമാർക്കുള്ള ബുക്കിങ് ആപ്പായ ബാർബേഴ്‌സ് നെറ്റ്‌വർക്ക് നിർമിക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്നും സിങ് പ്രത്യാശ പങ്കുവച്ചു. താൻ ഒരിക്കലും വിരമിക്കില്ലെന്നും അവസാന ശ്വാസം വരെ ജോലി ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts