< Back
World
Indian Tech CEO Kills Wife
World

യുഎസിൽ ഭാര്യയെയും മകനെയും വെടിവച്ചു കൊന്ന ശേഷം ഇന്ത്യാക്കാരനായ ടെക് സംരംഭകൻ ജീവനൊടുക്കി

Web Desk
|
30 April 2025 11:52 AM IST

സംഭവസമയത്ത് വീട്ടിൽ ഇല്ലാതിരുന്നതിനാൽ ദമ്പതികളുടെ മറ്റൊരു മകൻ കൊലപാതകത്തിൽ നിന്ന് രക്ഷപ്പെട്ടു

വാഷിംഗ്ടൺ: യുഎസിൽ ഭാര്യയെയും മകനെയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഇന്ത്യാക്കാരനായ ടെക് സംരംഭകൻ ജീവനൊടുക്കി. ഹർഷവർധന എസ്. കിക്കേരി(57), ഭാര്യ ശ്വേത പന്യം (44) ഇവരുടെ 14 വയസുള്ള മകൻ എന്നിവരാണ് മരിച്ചത്. സംഭവസമയത്ത് വീട്ടിൽ ഇല്ലാതിരുന്നതിനാൽ ദമ്പതികളുടെ മറ്റൊരു മകൻ കൊലപാതകത്തിൽ നിന്ന് രക്ഷപ്പെട്ടു.

ഹര്‍ഷവര്‍ധനയുടെ വാഷിംഗ്ടണിലെ ന്യൂകാസിലിലുള്ള വീട്ടിൽ വെച്ച് ഏപ്രിൽ 24നാണ് സംഭവം.കൊലപാതകത്തിനുള്ള പ്രകോപനം എന്താണെന്ന് വ്യക്തമല്ലെന്ന് കേസ് അന്വേഷിക്കുന്ന കിംഗ് കൗണ്ടി ഷെരീഫ് ഓഫീസിലെ ഉദ്യോഗസ്ഥർ പറഞ്ഞു. കുടുംബത്തിന് എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി തോന്നിയിട്ടില്ലെന്ന് അയൽവാസികൾ പറഞ്ഞു. വീട്ടിൽ നിന്നും ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല.

റോബോട്ടിക്സ് വിദഗ്ധനായിരുന്ന മുൻപ് യുഎസിൽ മൈക്രോസോഫ്റ്റിൽ ജോലി ചെയ്തിരുന്നു. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ കെആർ പേട്ട് താലൂക്കിൽ നിന്നുള്ള ഹര്‍ഷവര്‍ധന സാങ്കേതികവിദ്യയ്ക്ക് നൽകിയ സംഭാവനകൾക്ക് ഇന്ത്യയിലും യുഎസിലും അംഗീകാരം നേടിയിരുന്നു. 2017ൽ കിക്കേരിയുടെ കുടുംബവും ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയും മൈസൂരു കേന്ദ്രമായി റോബോട്ടിക് സ്റ്റാർട്ടപ്പായ ഹോളോവേൾഡ് സ്ഥാപിക്കുകയും ചെയ്തു. ഓട്ടോമേഷനിലും നിര്‍മിത ബുദ്ധിയിലും നൂതനാശയങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പ്രവർത്തിച്ചിരുന്നത്. കരിയറിന്‍റെ ഉന്നതിയിൽ നിൽക്കുമ്പോൾ, അതിർത്തി സുരക്ഷയ്ക്കായി റോബോട്ടുകളെ ഉപയോഗിക്കാനുള്ള നിർദേശവുമായി കിക്കേരി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു.കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2022ൽ കമ്പനി പ്രവര്‍ത്തനം നിര്‍ത്തി. തുടര്‍ന്ന് കിക്കേരിയും കുടുംബവും അമേരിക്കയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.

Similar Posts