< Back
World
Benjamin Netanyahu
World

നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനൊരുങ്ങി അന്താരാഷ്ട്ര ക്രിമിനൽ കോടതി; ഒഴിവാക്കാൻ ഇസ്രായേൽ

Web Desk
|
29 April 2024 10:43 AM IST

ഐ.സി.സിയുടെ അറസ്റ്റ് വാറണ്ട് വാര്‍ത്തകളില്‍ നെതന്യാഹു അസ്വസ്ഥനാണെന്നും അസാധാരണമായ സമ്മർദ്ദത്തിലാണെന്നും ഇസ്രായേലി പത്രമായ മാരിവ് റിപ്പോർട്ട് ചെയ്യുന്നുണ്ട്

ഗസ്സസിറ്റി: ഗസ്സയില്‍ നിര്‍ബാധം തുടരുന്ന ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐ.സി.സി) ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച സൂചനകൾ ഇസ്രായേൽ സർക്കാറിന് മുതിർന്ന നിയമ ഉദ്യോഗസ്ഥർ നൽകി.

നെതന്യാഹുവിന് പുറമേ, പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും ചീഫ് ഓഫ് സ്റ്റാഫ് ഹെർസി ഹലേവി എന്നിവര്‍ക്കെതിരെയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അധിനിവേശ വെസ്റ്റ് ബാങ്കിലെയും ഗസ്സ മുനമ്പിലെയും ഇസ്രേയാൽ അതിക്രമങ്ങളെക്കുറിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി നിലവിൽ അന്വേഷിക്കുന്നുണ്ട്.

അതേസമയം ഐ.സി.സിയുടെ അറസ്റ്റ് വാറണ്ട് വാര്‍ത്തകളില്‍ നെതന്യാഹു അസ്വസ്ഥനാണെന്നും അസാധാരണമായ സമ്മർദ്ദത്തിലാണെന്നും ഇസ്രായേലി പത്രമായ മാരിവ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈയാഴ്ച ടെൽ അവീവിൽ മുതിർന്ന ഇസ്രായേൽ ഉദ്യോഗസ്ഥർ അടിയന്തര യോഗങ്ങൾ ചേർന്ന് ഐ.സി.സിയുടെ നീക്കങ്ങള്‍ ചർച്ച ചെയ്തതായും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത് ഒഴിവാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ള ലോകനേതാക്കളെ നെതന്യാഹു കഴിഞ്ഞ ദിവസങ്ങളിൽ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

അതേസമയം സ്വയരക്ഷക്ക് വേണ്ടിയാണ് രാജ്യത്തിന്റെ ശ്രമങ്ങളെന്നും അതിനെ തുരങ്കംവെക്കുന്ന ഐ.സി.സിയുടെ ഒരു ശ്രമവും ഇസ്രായേൽ ഒരിക്കലും അംഗീകരിക്കില്ലെന്നും നെതന്യാഹു എക്സില്‍ കുറിച്ചു. അറസ്റ്റ് വാറണ്ട് വാര്‍ത്തകള്‍ ഒരു ഭാഗത്ത് സജീവമാകുമ്പോഴും യുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് തന്നെയാണ് നെതന്യാഹു വ്യക്തമാക്കുന്നത്. ഹേഗിലെ കോടതി എടുക്കുന്ന തീരുമാനങ്ങളൊന്നും ഇസ്രായേലിനെ ബാധിക്കില്ലെന്നും ലക്ഷ്യംപൂര്‍ത്തിയാകുംവരെ മുന്നോട്ടുപോകുമെന്നും നെതന്യാഹു വ്യക്തമാക്കി.

ഗസ്സയിലെ അതിക്രമങ്ങളില്‍ നിന്നും വിട്ടുനിൽക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് കഴിഞ്ഞ ജനുവരിയില്‍ ഐ.സി.സി ഉത്തരവിട്ടിരുന്നുവെങ്കിലും ഇസ്രായേൽ ഭരണകൂടം അവഗണിക്കുകയാണ് ചെയ്തത്. 34,000ത്തിലേറെ ഫലസ്തീനികളാണ് ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത്. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സമാനതകളില്ലാത്ത ദുരിതം ആണ് ഫലസ്തീന്‍ ജനത ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പട്ടിണിയും അത്യാവശ്യത്തിന് മരുന്നില്ലാത്തതുമൊക്കെ ആ ജനതയെ ഇഞ്ചിഞ്ചായി മരണത്തിലേക്ക് തള്ളിവിടുകയാണ്.

Similar Posts