< Back
World
ഖത്തറിലെ ഇറാൻ ആക്രമണം; ആശങ്ക വേണ്ടെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം
World

ഖത്തറിലെ ഇറാൻ ആക്രമണം; ആശങ്ക വേണ്ടെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം

Web Desk
|
24 Jun 2025 12:07 AM IST

ഖത്തറിലെ സ്ഥിതിഗതികൾ ശാന്തമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു

ദോഹ: ഖത്തറിൽ യുഎസ് സൈനിക താവളത്തിന് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തിൽ ആശങ്ക വേണ്ടെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. സ്ഥിതിഗതികൾ ശാന്തമാണെന്നും പരിഭ്രാന്തിപ്പെടുത്തുന്ന വിവരങ്ങളും ഊഹാപോഹങ്ങളും പങ്കുവെക്കരുതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഖത്തറിലെ ജനജീവിതം സാധാരണ നിലയിലായിരിക്കുകയാണ്. ആക്രമണത്തിൽ ആർക്കും പരിക്കുകൾ ഉണ്ടായിട്ടില്ല. ആക്രമണത്തെ അപലപിച്ച് യുഎഇയും സൗദി അറേബ്യയും രം​ഗത്തെത്തി. ഇറാന്റെ ആക്രമണം അന്തരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരെയായിരുന്നു ഇറാന്റെ ആക്രമണം. ദോഹയിൽ സ്‌ഫോടന ശബ്ദം കേട്ടതായാണ് റിപ്പോർട്ടുകളുള്ളത്. ഖത്തറിലെ അമേരിക്കയുടെ അല്‍-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ടാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. യുഎസ് താവളങ്ങളിൽ ആക്രമണം നടത്താൻ ഇറാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് ആക്രമണം. ഖത്തറിൽ യുഎസ് സൈനിക താവളത്തില്‍ ആക്രമണം നടത്തിയതായി ഇറാൻ സൈന്യം സ്ഥിരീകരിച്ചു.

ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരെയുള്ള യുഎസിന്റെ ആക്രമണത്തിന് തിരിച്ചടിയായാണ് ദോഹയിലുള്ള യുഎസ് സൈനിക താവളം ഇറാൻ ആക്രമിച്ചത്. ആറോളം മിസൈലുകൾ അയച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മധ്യപൂർവദേശത്തുള്ള യുഎസ് സൈനിക താവളങ്ങൾ ആക്രമിക്കാൻ ഇറാൻ തയാറെടുപ്പ് നടത്തുകയാണെന്നും ഇതിനായി മിസൈൽ ലോഞ്ചറുകൾ സജ്ജമാക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Similar Posts