< Back
World
ഇസ്രായേലിലേക്ക് ഇറാന്റെ ക്ലസ്റ്റർ മിസൈലുകളും;  വ്യാപക നാശനഷ്ടങ്ങൾ, ഐഡിഎഫ് പറയുന്നത്...
World

ഇസ്രായേലിലേക്ക് ഇറാന്റെ ക്ലസ്റ്റർ മിസൈലുകളും; വ്യാപക നാശനഷ്ടങ്ങൾ, ഐഡിഎഫ് പറയുന്നത്...

റിഷാദ് അലി
|
5 March 2026 10:05 AM IST

പരമാവധി നാശനഷ്ടങ്ങൾ വരുത്തുക എന്നതാണ് ക്ലസ്റ്റര്‍ മിസൈലുകളിലൂടെ ഇറാന്‍ ലക്ഷ്യമിടുന്നത്

തെല്‍ അവീവ്: ഇറാന്റെ ക്ലസ്റ്റർ മിസൈലുകൾ ഇസ്രായേലിലുടനീളം നാശനഷ്ടങ്ങള്‍ വരുത്തുന്നതായി റിപ്പോര്‍ട്ട്. സംഘര്‍ഷം ആരംഭിച്ചതിനുശേഷം ഇസ്രായേലിന് നേരെ ഇറാൻ ചുരുങ്ങിയത് ആറ് ക്ലസ്റ്റർ മിസൈലുകളെങ്കിലും തൊടുത്തുവിട്ടെന്നാണ് ഹാരെറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സിവിലിയൻ ജനതയ്ക്ക് പരമാവധി നാശനഷ്ടങ്ങൾ വരുത്തുക എന്നതാണ് ഇറാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.

ക്ലസ്റ്റര്‍ മിസൈലുകളുടെ വാർഹെഡ് താഴേക്ക് പതിക്കുന്നതിനിടയിൽ തുറക്കുകയും, ഏകദേശം 8 കിലോമീറ്റർ (5 മൈൽ) ചുറ്റളവിൽ, 2.5 കിലോഗ്രാം (5.5 പൗണ്ട്) വീതം സ്ഫോടകവസ്തുക്കളുള്ള 20-ഓളം ചെറിയ വെടിക്കോപ്പുകൾ ചിതറിക്കുകയും അവിടങ്ങളിലൊക്കെ സ്ഫോടനം നടക്കുന്നുവെന്നുമാണ് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) വ്യക്തമാക്കുന്നത്. ഇറാന്റെ മറ്റ് ബാലിസ്റ്റിക് മിസൈൽ പോർമുനകളേക്കാൾ ക്ലസ്റ്റർ മിസൈലുകൾ ഭീഷണിയാണെന്ന് ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥർ പറയുന്നു. ഒരൊറ്റ സ്ഥലത്ത് പതിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നാശം വരുത്തും എന്നതിനാലാണിത്. എന്നാല്‍ ഓരോ ക്ലസ്റ്റർ ബോംബുകളിൽ നിന്നുമുള്ള സ്ഫോടനത്തിന്റെ തീവ്രത കുറവാണെന്നും സൈന്യം പറയുന്നു.

അതേസമയം ഇറാന്റെ പരമ്പരാഗത ബാലിസ്റ്റിക് മിസൈൽ പോർമുനകളിൽ ഏകദേശം 500 കിലോഗ്രാം സ്ഫോടകവസ്തുക്കൾ നിറച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നതെന്നും ഇത് വൻതോതിലുള്ള നാശനഷ്ടങ്ങൾ വരുത്താൻ ശേഷിയുള്ളവയാണെന്നും ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ സംഘർഷത്തിലും 2025 ജൂണിലെ യുദ്ധത്തിലും ഇസ്രായേലിന് നേരെ ക്ലസ്റ്റർ ബോംബ് വാർഹെഡുകൾ ഘടിപ്പിച്ച ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ പലതവണ തൊടുത്തുവിട്ടതായി ഐഡിഎഫ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇവയില്‍ പലതും വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തടുത്തെന്നും ഐഡിഎഫ് അവകാശപ്പെടുന്നു.

ഹൂത്തികളും കഴിഞ്ഞ വർഷം ഇസ്രായേലിന് നേരെ ക്ലസ്റ്റർ ബോംബ് പോർമുനകളുള്ള നിരവധി മിസൈലുകൾ വിക്ഷേപിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ മധ്യഭാഗത്തുള്ള വിവിധയിടങ്ങളിൽ ക്ലസ്റ്റർ ബോംബ് പോർമുനയിൽ നിന്നുള്ള സ്ഫോടനങ്ങളില്‍ ചൊവ്വാഴ്ച 12 പേർക്ക് പരിക്കേറ്റതായി മെഡിക്കൽ സംഘം അറിയിച്ചിരുന്നു. മധ്യ ഇസ്രായേലിൽ ക്ലസ്റ്റർ ബോംബ് വാർഹെഡ് പൊട്ടിത്തെറിക്കുകയും ഡസൻ കണക്കിന് അവശിഷ്ടങ്ങൾ ആകാശത്തിലൂടെ അതിവേഗത്തിൽ പായുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

മിസൈൽ അവശിഷ്ടങ്ങൾ കുഴിബോംബുകൾക്ക് സമാനമായി പ്രവർത്തിച്ചേക്കാം എന്നതിനാൽ പൊതുജനങ്ങൾ അവയുടെ അടുത്തേക്ക് പോകരുതെന്നും, അത്തരം അവശിഷ്ടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അധികൃതരെ അറിയിക്കണമെന്നുമാണ് ഐഡിഎഫ് ഹോം ഫ്രണ്ട് കമാൻഡ് മുന്നറിയിപ്പ് നല്‍കുന്നത്.

Similar Posts