< Back
World
Iran missile attack to Israel
World

ഇസ്രായേലിലേക്ക് ഇറാന്റെ മിസൈൽ ആക്രമണം

Web Desk
|
13 Jun 2025 11:55 PM IST

സെൻട്രൽ ഇസ്രയേൽ, ജെറുസലേം എന്നിവിടങ്ങളിലേക്ക് മിസൈൽ എത്തി

തെൽ അവീവ്: ഇസ്രായേലിലേക്ക് ഇറാന്റെ മിസൈൽ ആക്രമണം. ഇറാൻ തുടർച്ചയായി നിരവധി മിസൈൽ ആക്രമണങ്ങൾ നടത്തിയതായാണ് റിപ്പോർട്ട്. ആക്രമണം ഇസ്രായേൽ സ്ഥിരീകരിച്ചു. ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിക്ക് മാറണമെന്ന് ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടു. വ്യക്തമായ നിർദേശം ലഭിച്ചതിന് ശേഷം മാത്രമേ സുരക്ഷിത സ്ഥാനങ്ങളിൽ നിന്ന് പുറത്തിറങ്ങാവൂ എന്നും സൈന്യം നിർദേശിച്ചു.

ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിൽ സ്‌ഫോടനം നടന്നതായാണ് റിപ്പോർട്ട്. ഇവിടെ നിന്ന് പുകപടലങ്ങൾ ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇറാൻ ആക്രമണം തുടങ്ങിയതോടെ ഇസ്രായേലിൽ മുഴുവൻ അപായ സൈറണുകൾ മുഴങ്ങുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

തെൽ അവീവിലേക്കാണ് ആക്രമണം നടക്കുന്നത്. സെൻട്രൽ ഇസ്രായേൽ, ജെറുസലേം എന്നിവിടങ്ങളിലേക്ക് മിസൈൽ എത്തി. വൻ സ്‌ഫോടന ശബ്ദങ്ങൾ തുടരുന്നതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മിസൈൽ പ്രതിരോധ സംവിധാനം പ്രവർത്തിക്കുന്നതായി ഇസ്രായേൽ അറിയിച്ചു. മിസൈലുകൾ പതിച്ചതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പോസ്റ്റ് ചെയ്യരുതെന്ന് ഇസ്രായേൽ. ശത്രുക്കൾ നോക്കിയിരിക്കുന്നതായും ഐഡിഎഫ്.

ഇസ്രായേലിലേക്ക് നൂറിലധികം മിസൈലുകൾ അയച്ചതായി ഇറാൻ വ്യക്തമാക്കി. ഇസ്രായേലാണ് യുദ്ധം തുടങ്ങിവെച്ചതെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ പറഞ്ഞു. ചെയ്ത കുറ്റത്തിൽ നിന്ന് രക്ഷപ്പെടാൻ അനുവദിക്കില്ല. തിരിച്ചടിക്ക് സൈന്യം ഒരുങ്ങിയതായും ഖാംനഈ.

ഇസ്രയേലി ഫൈറ്റർ ജെറ്റ് പൈലറ്റിനെ പിടികൂടിയതായി ഇറാൻ അവകാശപ്പെട്ടു. സൈന്യത്തെ ഉദ്ധരിച്ച് ഇറാൻ തസ്നീം ന്യൂസ് ഏജൻസിയുടേതാണ് റിപ്പോർട്ട്.

Similar Posts