
സമാധാന ആവശ്യങ്ങൾക്കുള്ള ആണവ പദ്ധതി തുടരും; ഇസ്രായേലിന്റെ ഏത് ആക്രമണവും പ്രതിരോധിക്കാൻ സജ്ജം: ഇറാൻ പ്രസിഡന്റ്
|ഇസ്രായേലുമായുള്ള വെടിനിർത്തൽ കരാറിൽ തങ്ങൾക്ക് ആത്മവിശ്വാസമില്ലെന്നും ഇറാൻ പ്രസിഡന്റ് വ്യക്തമാക്കി.
തെഹ്‌റാൻ: ഇസ്രായേലിന്റെ ഏത് ആക്രമണവും പ്രതിരോധിക്കാൻ തന്റെ രാജ്യം സജ്ജമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാറിൽ താൻ ശുഭാപ്തി വിശ്വാസിയല്ല. സമാധാന ആവശ്യങ്ങൾക്കുള്ള ആണവ പദ്ധതി തുടരുമെന്നും 'അൽ ജസീറ'ക്ക് നൽകിയ അഭിമുഖത്തിൽ ഇറാൻ പ്രസിഡന്റ് വ്യക്തമാക്കി.
ഇറാന്റെ ആണവ പദ്ധതികൾ അവസാനിപ്പിക്കാൻ പാശ്ചാത്യൻ രാഷ്ട്രങ്ങൾ വഴിതേടുന്നതിനിടെയാണ് പദ്ധതി തുടരുമെന്ന് പെഷസ്‌കിയാൻ ആവർത്തിച്ചത്. ഇസ്രായേലിന്റെ ഏത് സൈനിക നീക്കത്തെയും നേരിടാൻ തങ്ങൾ തയ്യാറാണ്. വേണ്ടിവന്നാൽ തങ്ങളുടെ സൈന്യം ഇസ്രായേലിനകത്ത് കടന്നുകയറി ഇനിയും ആക്രമണം നടത്തുമെന്നും പെഷസ്‌കിയാൻ വ്യക്തമാക്കി.
വെടിനിർത്തൽ കരാറിൽ തങ്ങൾ ആത്മവിശ്വാസമില്ല. ഇസ്രായേൽ തങ്ങളെ ആക്രമിച്ചപ്പോൾ തിരിച്ചും ആക്രമണം നടത്തി. അവർ തങ്ങളെ ശക്തമായി പ്രഹരിച്ചപ്പോൾ തങ്ങളും തിരിച്ച് ശക്തമായി പ്രഹരിച്ചു. അവർക്ക് വലിയ നാശനഷ്ടങ്ങളുണ്ടായെങ്കിലും അത് മറച്ചുവെക്കുകയാണ്. ഇറാൻ നേതൃത്വത്തെ സമ്പൂർണമായി ഇല്ലാതാക്കാനായിരുന്നു ഇസ്രായേൽ ശ്രമിച്ചത്. എന്നാൽ അതിൽ അവർ പരാജയപ്പെട്ടെന്നും പെഷസ്‌കിയാൻ പറഞ്ഞു.
പശ്ചാത്യൻ ശക്തികളുടെ എതിർപ്പ് തങ്ങൾ പരിഗണിക്കുന്നില്ലെന്നും ആണവ സമ്പുഷ്ടീകരണം തുടരുമെന്നും ഇറാൻ പ്രസിഡന്റ് വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ടാണ് ആണവപദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്. ഇറാന് ആണവായുധം ഉണ്ടാകരുതെന്നാണ് യുഎസ് പ്രസിഡന്റ് ട്രംപ് പറയുന്നത്. അത് തങ്ങൾ അംഗീകരിക്കുന്നു. രാഷ്ട്രീയവും മതപരവും മാനുഷികവും തന്ത്രപരവുമായ നിലപാടിന്റെ ഭാഗമായാണ് തങ്ങൾ ആണവായുധങ്ങൾ നിരസിക്കുന്നതെന്നും പെഷസ്‌കിയാൻ വ്യക്തമാക്കി.