
പാശ്ചാത്യ രാജ്യങ്ങളെ വെല്ലുവിളിക്കാൻ ഇറാൻ-റഷ്യ റെയിൽവേ ലൈൻ
|റഷ്യ, അസർബൈജാൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ നിലവിലുള്ള റെയിൽവേകളെ ബന്ധിപ്പിക്കുന്ന ഒരു ഗതാഗത ഇടനാഴിയാണ് അസ്താര–റഷ്ത്–കാസ്‌വിൻ റെയിൽവേ
മോസ്കോ: പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തെ മറികടക്കാനുള്ള പുതിയ പദ്ധതിയുമായി ഇറാനും റഷ്യയും. ആഗോള വ്യാപാരത്തെ എന്നെന്നേക്കുമായി പുനർനിർമിക്കാൻ കഴിയുന്ന റാഷ്ത് മുതൽ അസ്താര വരെയുള്ള 162 കിലോമീറ്റർ റെയിൽവേ ലൈൻ പദ്ധതിക്ക് രൂപം നൽകുകയാണ് ഇരു രാജ്യങ്ങളും. റഷ്യ, അസർബൈജാൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ നിലവിലുള്ള റെയിൽവേകളെ ബന്ധിപ്പിക്കുന്ന ഒരു ഗതാഗത ഇടനാഴിയാണ് അസ്താര–റഷ്ത്–കാസ്‌വിൻ റെയിൽവേ.
ഇന്റർനാഷണൽ നോർത്ത്–സൗത്ത് ട്രാൻസ്‌പോർട്ട് കോറിഡോറിന്റെ ചട്ടക്കൂടിനുള്ളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. റഷ്യ, അസർബൈജാൻ, ഇറാൻ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ ഗതാഗത, വിവര റൂട്ടുകൾ സംയോജിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഏകദേശം 1.6 ബില്യൺ യൂറോ ചെലവിൽ നിർമിക്കുന്ന റെയിൽവേ ലൈനിന് റഷ്യയാണ് പ്രധാനമായും ധനസഹായം നൽകുന്നത്. 2025 ജനുവരിയിൽ ഒപ്പുവച്ച 20 വർഷത്തെ സമഗ്ര തന്ത്രപരമായ പങ്കാളിത്ത ഉടമ്പടിയുടെ ഭാഗമായി റഷ്യൻ എഞ്ചിനീയർമാരാണ് ഈ പദ്ധതി നിർമിക്കുന്നത്. ഈ ഇടനാഴി ഇരു രാഷ്ട്രങ്ങളെയും ഒരു സമാന്തര സാമ്പത്തിക ക്രമത്തിൽ നിർണായക പങ്കാളികളാക്കി മാറ്റുന്നു.
പദ്ധതി പൂർത്തിയായാൽ പാശ്ചാത്യ നാവിക സാന്നിധ്യമില്ലാത്ത ഈ റൂട്ടുകളിലൂടെ പ്രതിവർഷം എണ്ണ, വാതകം, ഉരുക്ക്, ഭക്ഷണം, യന്ത്രങ്ങൾ ഉൾപ്പടെ 20 ദശലക്ഷം ടൺ വരെ ചരക്ക് ഇതിലൂടെ കൊണ്ടുപോകാൻ സാധിക്കും. സൂയസ് കനാലോ മലാക്ക കടലിടുക്ക് പോലുള്ള സമുദ്ര ചോക്ക്പോയിന്റുകൾ പോലെയല്ല. ഈ പ്രദേശങ്ങൾ അമേരിക്കൻ കപ്പലുകൾക്ക് ഉപരോധിക്കാനോ യൂറോപ്യൻ ബാങ്കുകൾക്ക് മരവിപ്പിക്കാനോ കഴിയില്ല.