
ഇറാൻ ലക്ഷ്യമിട്ടത് ബെൻ ഗുരിയോൺ എയർപോർട്ടും ഇസ്രായേലിന്റെ കമാൻഡ് കൺട്രോൾ സെന്ററുകളും
|ആണവകേന്ദ്രങ്ങള്‍ അമേരിക്ക ആക്രമിച്ചതിന് മറുപടിയായി 40 മിസൈലുകളാണ് ഇറാൻ ഇസ്രായേലിലേക്ക് അയച്ചത്
തെല്‍അവിവ്: യുഎസ് ആക്രമണത്തിന് പിന്നാലെ തിരിച്ചടിച്ച് ഇറാൻ. ആണവകേന്ദ്രങ്ങള്‍ അമേരിക്ക ആക്രമിച്ചതിന് മറുപടിയായി 40 മിസൈലുകളാണ് ഇസ്രായേലിലേക്ക് ഇറാനയച്ചത്. ബെൻ ഗുരിയോൺ എയർപോർട്ട്, ബയോളജിക്കൽ ഇൻവെസ്റ്റിഗേഷൻ കേന്ദ്രങ്ങൾ, കമാൻഡ് കൺട്രോൾ സെന്ററുകൾ എന്നിവയെയാണ് ഇറാൻ ലക്ഷ്യമിട്ടത്.
ഖൈബർ മിസൈലുകൾ ആദ്യമായി ഉപയോഗിച്ചെന്ന് ഇറാൻ സൈന്യം അറിയിച്ചു. പ്രത്യാക്രമണത്തിന് മുതിരരുതെന്ന ട്രംപിന്റെ ഭീഷണി തള്ളിയാണ് ഇറാന്റെ തിരിച്ചടി. ഇറാൻ സൈന്യത്തെ ആക്രമിച്ച് നിരവധി പേരെ വധിച്ചെന്ന് ഇസ്രായേലിന്റെ അവകാശവാദം. എന്നാൽ ഇക്കാര്യം ഇറാൻ സ്ഥിരീകരിച്ചിട്ടില്ല
ഇസ്രായേലിലെ പത്തിടങ്ങളിലാണ് മിസൈല്‍ നേരിട്ടുപതിച്ചത്. ഹൈഫയിലും തെല്‍അവിവിലും ജറുസലേമിലും ഒരേ സമയമാണ് ആക്രമണം നടത്തിയത്. ഹൈഫയില്‍ മാത്രം 40 മിസൈലുകളാണ് ഇറാന്‍ അയച്ചത്. ഹൈഫയിലെ നിരവധി കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തെൽ അവീവിന്റെ ചില ഭാഗങ്ങളിൽ മിസൈലുകൾ നേരിട്ട് പതിച്ചു. തെക്കൻ തെൽ അവിവിലെ നെസ് സിയോണയിലെ തകർന്ന കെട്ടിടത്തിൽ 20 പേർ കുടുങ്ങി കിടക്കുന്നതായി ഇസ്രായേൽ ആർമി റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഒരു ഭയവും വേണ്ടെന്ന് ഇറാൻ വീണ്ടും വ്യക്തമാക്കി. ഒരു ആണവ കേന്ദ്രത്തിൽ നിന്നും പുറത്തേക്ക് റേഡിയേഷൻ പ്രശ്നം ഉണ്ടാകില്ലെന്നും ജനങ്ങൾക്ക് സ്വസ്ഥമായി സാധാരണ ജീവിതം തുടരാമെന്നും ആറ്റോമിക് എനർജി ഓർഗനൈസേഷൻ അറിയിപ്പ് നൽകി.
ഇറാന്‍റെ മിസൈലുകളെ പ്രതിരോധിച്ചെന്ന് ഇസ്രായേലും അവകാശപ്പെട്ടു. ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഇസ്രായേലിൽ 16 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ കുട്ടികളുമുണ്ടെന്നാണ് വിവരം. ഇതില്‍ രണ്ടുപേരുടെ നിലഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
ഇറാന്‍ തിരിച്ചടിയെത്തുടര്‍ന്ന് ഇസ്രായേലിലുടനീളം അപായ സൈറനുകള്‍ മുഴങ്ങി. ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ മുഴുവൻ വിമാനത്താവളങ്ങളും ഇസ്രായേൽ അടച്ചിരുന്നു . മുൻകരുതൽ എന്ന നിലയിൽ വ്യോമാതിർത്തികൾ അടച്ചതായി ഇസ്രായേൽ എയർപോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. വ്യോമാതിർത്തികൾ അടച്ചതിനാൽ ഈജിപ്തിലേക്കും ജോർദാനിലേക്കും ഉള്ള കരമാർഗങ്ങൾ തുറന്നിരിക്കുന്നതായി തുറമുഖ അതോറിറ്റി അറിയിച്ചു.