അനിശ്ചിതത്വത്തിനൊടുവിൽ ഇറാൻ- യുഎസ് ചർച്ച നാളെ; മസ്കത്തിലാണ് ചര്‍ച്ച
|ഇസ്താംബുളിൽ നിന്ന് വേദി മാറ്റണമെന്ന ഇറാന്‍റെ ആവശ്യം ഒടുവിൽ അമേരിക്ക അംഗീകരിക്കുകയായിരുന്നു
തെഹ്റാന്‍: അനിശ്ചിതത്വത്തിന് ഒടുവിൽ ഇറാനും അമേരിക്കയും തമ്മിലുള്ള ആണവചർച്ച നാളെ ഒമാൻ തലസ്ഥാനമായ മസ്കത്തിൽ നടക്കും. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ഛിയാണ് പ്രഖ്യാപനം നടത്തിയത്. പുതിയ ആണവകേന്ദ്രം നിർമിക്കാനുള്ള ഇറാൻ പദ്ധതി തടയുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. ബാലിസ്റ്റിക് മിസൈൽ പദ്ധതി ഒഴിച്ചുനിർത്തിയുള്ള ഇറാൻ ചർച്ച വിജയിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ.
ഇസ്താംബുളിൽ നിന്ന് വേദി മാറ്റണമെന്ന ഇറാന്‍റെ ആവശ്യം ഒടുവിൽ അമേരിക്ക അംഗീകരിക്കുകയായിരുന്നു. ഇതോടെയാണ് ഒമാനിലെ മസ്കത്തിൽ നാളെ ഇറാൻ-അമേരിക്ക ആണവ ചർച്ച നടക്കുന്നത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ഛിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഗൾഫ് ഉൾപ്പെടെ മധ്യസ്ഥ രാജ്യങ്ങൾ നടത്തിയ നയതന്ത്ര നീക്കമാണ് ഭിന്നത പരിഹരിക്കാൻ വഴിതുറന്നത്. ഇറാന് പറയാനുള്ളത് കേൾക്കണമെന്നും ചർച്ച റദ്ദാക്കരുതെന്നും ആവശ്യപ്പെട്ട് മേഖലയിലെ ഒമ്പത് അറബ്, മുസ്ലിം രാജ്യങ്ങൾ അമേരിക്കയെ സമീപിച്ചിരുന്നു. ഇവരുടെ അഭ്യർഥന മുൻനിർത്തിയാണ് അമേരിക്ക വഴങ്ങിയതെന്ന് യുഎസ് മാധ്യമം 'ആക്സിയസ്' റിപ്പോർട്ട്ചെയ്തു. ഗൾഫ് മേഖലയിൽ വൻ സൈനിക സന്നാഹങ്ങൾ തുടരുന്നതിനിടെയാണ് മസ്കത്തിൽ ഇറാൻ-അമേരിക്ക നിർണായക ചർച്ച നടക്കുന്നത്. പുതുതായി മറ്റൊരു ആണവകേന്ദ്രം കൂടി തുറക്കാൻ ഇറാൻ ശ്രമിക്കുന്നതായും വേണ്ടിവന്നാൽ ഇവിടെയും പോർവിമാനങ്ങൾ അയച്ച് ബോംബ് വർഷിക്കുമെന്നും യുഎസ് പ്രസിഡന്റ്ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
നേരെത്ത, അമേരിക്ക തകർത്ത ആണവകേന്ദ്രത്തിൽ എത്തിചേരാനുള്ള ഇറാൻ ശ്രമം ഇനിയും വിജയിച്ചില്ലെന്നും ട്രംപ് പറഞ്ഞു. ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ പദ്ധതി കൂടി ഉൾപ്പെടുത്താതെ ഇറാനുമായുള്ള ചർച്ച ഫലപ്രദമാകില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു. ഇറാനെ നേരിടുന്നതു സംബന്ധിച്ച് പല മാർഗങ്ങളും യുഎസ്പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ പരിഗണനയിൽ ഉണ്ടെന്നും ഇറാനുള്ള മുന്നറിയിപ്പെന്നോണം യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.
പ്രതിരോധത്തിനപ്പുറം ശക്തമായ പ്രത്യാക്രമണശേഷി കൂടി കൈവരിക്കാൻ കഴിഞ്ഞ ഇറാനുമായുള്ള ഏറ്റുമുട്ടൽ ശത്രുവിന് എളുപ്പമാകില്ലെന്ന് ഇറാൻ സൈനികമേധാവി പറഞ്ഞു. കഴിഞ്ഞ ദിവസം തെൽ അവീവിൽ എത്തിയ യുഎസ് പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫ് ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി വിശദ ചർച്ച നടത്തി. ഇറാനുമായുള്ള ചർച്ചയിൽ നിന്ന് അമേരിക്ക പിൻവാങ്ങണം എന്ന ആവശ്യമാണ് ഇസ്രായേൽ മുന്നോട്ടുവെച്ചത്. ചൈനീസ് പ്രസിഡന്‍റ് ക്സി ജിൻ പിങുമായുള്ള ചർച്ചയിൽ ഇറാൻപ്രശ്നം വിഷയമായെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു