< Back
World
ആക്രമിച്ച് ഓടിയൊളിക്കാമെന്ന് ഇനി കരുതേണ്ട; ആ കാലമൊക്കെ കഴിഞ്ഞു-ഇറാന്റെ അവസാന സന്ദേശം
World

'ആക്രമിച്ച് ഓടിയൊളിക്കാമെന്ന് ഇനി കരുതേണ്ട; ആ കാലമൊക്കെ കഴിഞ്ഞു'-ഇറാന്റെ അവസാന സന്ദേശം

Web Desk
|
26 Jun 2025 11:41 AM IST

കീഴടങ്ങുന്ന രാജ്യമല്ല തങ്ങളെന്നും ഇറാന്റെയും ഇറാന്‍ ജനതയുടെയും ചരിത്രം അറിയുന്നവര്‍ക്ക് അത് അറിയാമെന്നും പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയും അവസാനമായി ഇസ്രായേലിനും അമേരിക്കയ്ക്കും ലോകത്തിന് ഒന്നാകെയും ശക്തമായ സന്ദേശവും കൈമാറി

''കുറ്റകൃത്യങ്ങള്‍ ചെയ്തു സുരക്ഷിതരായി ഇരിക്കാമെന്ന് സയണിസ്റ്റ് ഭരണകൂടം കരുതേണ്ട. നമ്മുടെ തിരിച്ചടി പതിഞ്ഞ രീതിയിലായിരിക്കില്ലെന്ന് ഇറാന്‍ ജനതയ്ക്ക് ഉറപ്പുനല്‍കുകകയാണ്. 'അടിക്കുക, എന്നിട്ട് ഓടിയൊളിക്കുക' എന്ന ഇസ്രായേലിന്റെ സ്ഥിരം പരിപാടി അനുവദിക്കില്ല. ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും.''

ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ വാക്കുകളാണിത്. ജൂണ്‍ 13ന് ഇസ്രായേലിന്റെ ആദ്യ ആക്രമണത്തോട് ഖാംനഇ നടത്തി പ്രതികരണമായിരുന്നു അത്. ഇപ്പോഴിതാ രണ്ട് ആഴ്ചയോളം നീണ്ട ആക്രമണ-പ്രത്യാക്രമണങ്ങള്‍ക്കൊടുവില്‍ വെടിനിര്‍ത്തുന്നതിനു തൊട്ടുമുന്‍പും അതേ സന്ദേശം തന്നെ ഇറാന്‍ നല്‍കിയിരിക്കുന്നു. ഇത്തവണ അമേരിക്കയ്ക്കുള്ള സന്ദേശമായിരുന്നു അത്. ആക്രമണം നടത്തി ഓടിയൊളിക്കുന്ന ആ കാലമൊക്കെ കഴിഞ്ഞെന്നാണ് ഇറാന്‍ വിപ്ലവ ഗാര്‍ഡും ഒടുവില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ജൂണ്‍ 13ന്റെ പുലര്‍ച്ചെയില്‍, ഇറാന്‍ മണ്ണില്‍ ഇസ്രായേല്‍ യുദ്ധ വിമാനങ്ങള്‍ നടത്തിയ വന്‍ ബോംബ് വര്‍ഷവും കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്കുശേഷമാണു പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ പ്രതികരണം വരുന്നത്. സമീപകാലത്ത് ഇറാനില്‍നിന്നു വരുന്ന വാര്‍ത്തകളും അവരുടെ പ്രതിരോധ നീക്കങ്ങളുമെല്ലാം പിന്തുടരുന്നവര്‍ അന്ന് ഖാംനഇയുടെ വാക്കുകള്‍ക്ക് അത്ര വിലകൊടുത്തു കാണില്ല. ഗസ്സ യുദ്ധത്തിലുടനീളം കണ്ട, വലിയ വായിലുള്ള സ്ഥിരം വാക്കസര്‍ത്തുകളില്‍ ഒന്നു മാത്രമാകും അതെന്നാകും അന്ന് എല്ലാവരും കരുതിയത്.

ഇറാന്‍ കമാന്‍ഡര്‍മാരുടെയും ആണവശാസ്ത്രജ്ഞരുടെയും ഇടയ്ക്കിടെയുള്ള കൊലപാതകം മുതല്‍ രാജ്യത്തിന്റെ അതിഥിയായെത്തിയ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ തെഹ്‌റാനില്‍ ഞെട്ടിപ്പിക്കുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടതു വരെയുള്ള ഉദാഹരണങ്ങള്‍ മുന്നിലുണ്ട്. അതിനോടെല്ലാം ഇറാന്‍ എങ്ങനെയാണു പ്രതികരിച്ചതെന്നും നമുക്കറിയാം.

2024 ഏപ്രിലിലും ഒക്ടോബറിലും ഇസ്രായേല്‍ നഗരങ്ങള്‍ ലക്ഷ്യമാക്കി നടത്തിയ രണ്ട് ആക്രമണങ്ങള്‍ കണ്ടതാണ്. ആദ്യത്തെ ആക്രമണത്തിന് ഇസ്രായേലില്‍ ഒരു പോറലുമേല്‍പ്പിക്കാനായിരുന്നില്ല. 200ഓളം മിസൈലുകള്‍ അയച്ചുകൊണ്ടുള്ള രണ്ടാം ആക്രമണം ഇസ്രായേലിനെ ഞെട്ടിപ്പിച്ചിരുന്നുവെന്നതു സത്യമാണ്. മൊസാദ് ആസ്ഥാനവും ഇസ്രായേല്‍ സൈനിക താവളങ്ങളും വരെ ഇറാന്റെ മിസൈലുകള്‍ അന്ന് എത്തിയിരുന്നു. എന്നാല്‍, ആക്രമണം നടത്തി പെട്ടെന്നു പിന്തിരിയുകയായിരുന്നു ഇറാന്‍ ചെയ്തത്. സംഘര്‍ഷം കൂടുതല്‍ മൂര്‍ച്ഛിക്കാതിരിക്കാനും വലിയ യുദ്ധസമാന സാഹചര്യത്തിലേക്കു നീളാതിരിക്കാനും പ്രത്യേക കരുതലോടെയായിരുന്നു ഓപറേഷന്‍.

ഇറാന്‍ ആഭ്യന്തരമായി തകര്‍ന്നിരിക്കുകയാണെന്ന ഒരു വിലയിരുത്തലാണ് അന്താരാഷ്ട്ര നിരീക്ഷകരെല്ലാം നടത്തിയിരുന്നത്. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ഉപരോധങ്ങളില്‍ കുടുങ്ങി ഇറാന്‍ സാമ്പത്തികമായി തകര്‍ന്നിരിക്കുന്നു. ഇന്റലിജന്‍സ് തലത്തില്‍ എങ്ങും വലിയ ചോര്‍ച്ചകള്‍ മറനീക്കി പുറത്തുവരുന്നു. സൈനികമായി ബലഹീനമായിരിക്കുന്നു. പശ്ചിമേഷ്യയിലെ സഖ്യകക്ഷികളെല്ലാം സമ്പൂര്‍ണമായി തകര്‍ന്നടിഞ്ഞിരിക്കുന്നു. കാല്‍നൂറ്റാണ്ടു കാലം സിറിയയെ അടക്കിഭരിച്ച ഉറ്റ സഖ്യകക്ഷി ബശ്ശാറുല്‍ അസദിന്റെ വീഴ്ചയും ലബനാനിലെ ഹിസ്ബുല്ലയുടെ പതനവുമായിരുന്നു ഏറ്റവും വലിയ ക്ഷീണം. ഗസ്സയില്‍ ഹമാസിന്റെ അടിത്തറയും വലിയൊരളവില്‍ ഇസ്രായേല്‍ തകര്‍ത്തിരുന്നു. എല്ലാത്തിനും മീതെ ഭരണകൂടത്തിനും പരമോന്നത നേതാവിനുമെതിരെ സ്വന്തം ജനതയ്ക്കകത്ത് രോഷം പുകയുന്നുവെന്ന പ്രചാരണങ്ങളും.

ഇങ്ങനെയൊക്കെയായിരുന്നു പടിഞ്ഞാറന്‍ മാധ്യമങ്ങളുടെയും അന്താരാഷ്ട്രീയ വിദഗ്ധരുടെയും വിലയിരുത്തല്‍. ഇസ്രായേലിനും അമേരിക്കയ്ക്കും കിട്ടിയ ഇന്റലിജന്‍സ് വിവരങ്ങളും അതുതന്നെയാകും. പലതവണ ഇറാനെ ആക്രമിക്കാന്‍ നെതന്യാഹു നീക്കം നടത്തുന്നത് ആ ഒരു ആത്മവിശ്വാസത്തില്‍ തന്നെയാണ്. ഒരു തവണ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ നേരിട്ട് ഇടപെട്ട് തടയുന്നുണ്ട്.

ഒടുവില്‍ യുഎസ് അനുമതിയില്ലാതെ ഇറാന്റെ ആണവ കേന്ദ്രങ്ങളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും കയറി അടിക്കുകയായിരുന്നു ഇസ്രായേല്‍. 'ഓപറേഷന്‍ റൈസിങ് ലയണ്‍' എന്നു പേരിട്ട അസാധാരണ സൈനിക നീക്കം. ഇറാന്റെ ഭാഗത്തുനിന്ന് ഒരു പ്രകോപനവുമില്ലാതെയായിരുന്നു നടപടി എന്നും ഓര്‍ക്കണം.

സംഭവത്തിനു പിന്നാലെ ആദ്യം പ്രതികരണം നടത്തിയ ഇറാന്‍ നേതാക്കളില്‍ ഒരാള്‍ അവരുടെ പരമോന്നത നേതാവ് തന്നെയായിരുന്നു. ആയത്തുല്ല അലി ഖാംനഇ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. ''ഞങ്ങളുടെ പ്രിയപ്പെട്ട മണ്ണില്‍ ഒരു കുറ്റകൃത്യം നടന്നിരിക്കുന്നു. ജനവാസ കേന്ദ്രങ്ങള്‍ ആക്രമിച്ചുകൊണ്ട് തങ്ങളുടെ ദുഷ്ടസ്വഭാവം വെളിപ്പെടുത്തിയിരിക്കുകയാണ് അക്രമികള്‍. കടുത്തതും വേദന നിറഞ്ഞതുമായ ശിക്ഷയാണ് അവരെ കാത്തിരിക്കുന്നത്.''-ഖാംനഇ ഇസ്രായേലിനു നല്‍കിയ ശക്തമായ മുന്നറിയിപ്പ് ഇങ്ങനെയായിരുന്നു. ആക്രമണത്തില്‍ സൈന്യത്തിന്റെ തലപ്പത്തെ പ്രമുഖരെയും പ്രമുഖരായ ആണവ ശാസ്ത്രജ്ഞരെയുമെല്ലാം ഇറാനു നഷ്ടപ്പെട്ടിരുന്നു. മരണം വരിച്ചവര്‍ക്കെല്ലാം ഉടന്‍ പകരക്കാരെ നിയമിക്കുമെന്നും അവര്‍ പ്രതികാര നടപടികളുമായി മുന്നോട്ടുപോകുമെന്നും ഖാംനഇ മുന്നറിയിപ്പ് നല്‍കി. ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പിന്നീട് നടന്നതെല്ലാം ചരിത്രമാണ്. കഴിഞ്ഞ കുറച്ചുനാളായി ലോകം കണ്ട ഇറാനായിരുന്നില്ല പിന്നീട് കണ്ടത്. തെല്‍ അവീവിലും ജറൂസലേമിലും ഹൈഫയിലുമെല്ലാം ഇറാന്‍ മിസൈലുകള്‍ തുരുതുരാ വര്‍ഷിച്ചു. വമ്പന്‍ പ്രതിരോധ സംവധാനങ്ങളെല്ലാം ഭേദിച്ച് ഇസ്രായേലിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിലെല്ലാം വന്‍ പ്രഹരമുണ്ടാക്കി. ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ പലതവണ ആക്രമണം നടത്തിയിട്ടും ഇസ്രായേലിനു വിജയം കാണാനായില്ല. ഒടുവില്‍ അമേരിക്ക ഇറങ്ങി വന്‍ ബോംബ് ആക്രമണം നടത്തുകയാണ് ഇറാന്റെ മണ്ണില്‍. ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലെ മൂന്ന് ആണവ നിലയങ്ങള്‍ ലക്ഷ്യമാക്കി ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും ടോമഹോക്ക് ക്രൂസ് മിസൈലുകളും ഉപയോഗിച്ച് നടത്തിയ വന്‍ ആക്രമണം.

അമേരിക്ക ഇടപെട്ടതോടെ ഇറാന്‍ ഒന്ന് അടങ്ങുമെന്നാണ് എല്ലാവരും കരുതിയത്. പശ്ചിമേഷ്യയിലെ യുഎസ് താവങ്ങള്‍ ആക്രമിക്കാനുള്ള സാധ്യത നിലനില്‍ക്കുമ്പോഴും നേരിട്ട് പ്രത്യാക്രമണം നടത്തില്ല. പകരം ഹൂത്തികളെയോ ഇറാഖിലെ ഷിയാ മിലീഷ്യയെയോ ഉപയോഗിച്ച് കണക്കു തീര്‍ക്കുകയാകും ഇറാന്‍ ചെയ്യുക എന്നായിരുന്നു പൊതുവിലയിരുത്തല്‍. അമേരിക്കയെ ദ്രോഹിച്ചാല്‍ ഇസ്രായേലിനെ നേരിട്ട പോലെയാകില്ല, ഇറാഖിന്റെ അനുഭവമായിരിക്കും കാത്തിരിക്കുന്നതെന്നു വരെ മുന്നറിയിപ്പുകളുണ്ടായി.

എന്നാല്‍, യുഎസ് ആക്രമണം കഴിഞ്ഞ് രണ്ടാം നാള്‍ അപ്രതീക്ഷിതമായി യുഎസ് താവളം ലക്ഷ്യമാക്കി ഇറാന്‍ മിസൈലുകള്‍ അയയ്ക്കുന്നു. അതും ഉറ്റ സുഹൃദ് രാജ്യമായ ഖത്തറിന്റെ മണ്ണിലുള്ള അമേരിക്കയുടെ അല്‍ഉദൈദ് സൈനിക താവളത്തിനുനേരെ. ഖത്തറിനു നേരത്തെ തന്നെ കൃത്യമായ വിവരങ്ങള്‍ കൈമാറിയായിരുന്നു ആക്രമണം. ആക്രമണം മിലിട്ടറി ബേസില്‍ വലിയ നാശം വിതച്ചില്ലെന്നതു ശരിയാണ്. പക്ഷേ, അതൊരു പ്രതീകാത്മകമായൊരു ഓപറേഷനാണ് ഇറാന്. അമേരിക്ക ഇറങ്ങിയാല്‍ ഭയന്നു പിന്മാറുമെന്നും, അവര്‍ക്കു നേരെ കൈയോങ്ങാന്‍ ആരും ഭയക്കുമെന്നുമൊക്കെ കെട്ടിപ്പൊക്കിയുണ്ടാക്കിയ ഭീഷണികള്‍ക്കു മുകളിലായിരുന്നു ഇന്നലെ രാത്രിയിലെ ഇറാന്റെ പ്രഹരം.

ഒടുവില്‍, അമേരിക്കയ്ക്കും അവര്‍ ആ സന്ദേശം നല്‍കിയിരിക്കുന്നു. അടിച്ച് ഓടിരക്ഷപ്പെടുന്ന കാലമൊക്കെ കഴിഞ്ഞെന്നാണ് ഇറാന്‍ വ്യക്തമാക്കിയത്. തിരിച്ചടിക്കാതെ അടങ്ങിയിരിക്കില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഇറാന്‍ വിപ്ലവ ഗാര്‍ഡ്. കീഴടങ്ങുന്ന രാജ്യമല്ല തങ്ങളെന്നും ഇറാന്റെയും ഇറാന്‍ ജനതയുടെയും ചരിത്രം അറിയുന്നവര്‍ക്ക് അത് അറിയാമെന്നും പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയും അവസാനമായി ഇസ്രായേലിനും അമേരിക്കയ്ക്കും ലോകത്തിന് ഒന്നാകെയും ശക്തമായ സന്ദേശവും കൈമാറിയിരിക്കുകയാണിപ്പോള്‍.

Similar Posts