
'അവസാനം നിങ്ങളുടെ കൈയിലായിരിക്കില്ല'; തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ
|യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ
തെഹ്‌റാൻ: യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ. ഒരു പ്രത്യാക്രമണത്തിന് ഇറാൻ തയ്യാറെടുക്കുകയാണെന്ന് ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അതേസമയം, ഇസ്രായേൽ ആക്രമണത്തോട് പ്രതികരിച്ച് ഇറാൻ ദേശീയ സുരക്ഷാ കമ്മീഷൻ മേധാവി ഇബ്രാഹിം അസീസി. 'ഞങ്ങൾ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു!. ഇപ്പോൾ നിങ്ങൾ തുടങ്ങിവെച്ചു. അവസാനം നിങ്ങളുടെ കൈയില്ലായിരിക്കില്ല.' ഇബ്രാഹിം അസീസി പറഞ്ഞു.
ഇസ്രായേലിന്റെ ആക്രമണത്തെത്തുടർന്ന് ആശുപത്രികളിൽ ജാഗ്രത പാലിച്ചിട്ടുണ്ടെന്ന് ഇറാൻ ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞതായി തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തെഹ്‌റാനിലേക്ക് ആംബുലൻസുകൾ അയച്ചിട്ടുണ്ടെന്നും പരിക്കേറ്റവരുടെ എണ്ണവും കൃത്യമായ സ്ഥലങ്ങളും സ്ഥിരീകരിച്ചുകഴിഞ്ഞാൽ പ്രഖ്യാപിക്കുമെന്നും വക്താവ് പറഞ്ഞു. ആക്രമണത്തിൽ ഇറാൻ പ്രസിഡന്റ് പെസെഷ്കിയാൻ സുരക്ഷിതനാണെന്നും പ്രസിഡന്റിന്റെ ഓഫീസിലെ ഒരു സ്രോതസിനെ ഉദ്ധരിച്ച് ഇറാന്റെ വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. ഇറാനിയൻ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ഐആർഎൻഎ ഉൾപ്പെടെയുള്ള ഇറാനിയൻ വാർത്താ വെബ്‌സൈറ്റുകൾ സൈബർ ആക്രമണങ്ങൾ നേരിടുന്നതായി ഇറാന്റെ തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അതേസമയം, ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാനാണ് യുഎസ് ലക്ഷ്യമിടുന്നതെന്ന് ഒരു ഉറവിടത്തെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഇറാൻ മന്ത്രാലയങ്ങളെയും ആണവോർജ സംഘടനയെയും ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് ഇറാൻ സ്ഥിരീകരിച്ചു. ഇറാനെതിരെയുള്ള യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണങ്ങൾ 'ഇറാൻ ഭരണകൂടത്തിൽ നിന്നുള്ള ആസന്നമായ ഭീഷണികൾ ഇല്ലാതാക്കുക' എന്ന ലക്ഷ്യത്തോടെയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.