< Back
World
യുഎസിന്റെ സമ്മർദങ്ങൾക്ക് വഴങ്ങില്ല: ട്രംപിന്റെ ഭീഷണികൾക്കിടയിലും നിലപാട് വ്യക്തമാക്കി ഇറാൻ
World

'യുഎസിന്റെ സമ്മർദങ്ങൾക്ക് വഴങ്ങില്ല': ട്രംപിന്റെ ഭീഷണികൾക്കിടയിലും നിലപാട് വ്യക്തമാക്കി ഇറാൻ

റിഷാദ് അലി
|
22 Feb 2026 10:40 PM IST

ഗൾഫ് മേഖലയിൽ പിരിമുറുക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് പെസഷ്കിയാന്റെ പ്രതികരണം

തെഹ്റാന്‍: അമേരിക്കയുടെ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ.

ഗൾഫ് മേഖലയിൽ പിരിമുറുക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് പെസഷ്കിയാന്റെ പ്രതികരണം. രണ്ട് വിമാനവാഹിനിക്കപ്പലുകളും ഡസൻ കണക്കിന് യുദ്ധവിമാനങ്ങളും വിന്യസിച്ചുകൊണ്ട് അമേരിക്ക മേഖലയിൽ തങ്ങളുടെ സൈനിക സാന്നിധ്യം വർദ്ധിപ്പിച്ചിട്ടുണ്ട്. കരാറിലെത്തിയില്ലെങ്കില്‍ അക്രമിക്കുമെന്ന് ട്രംപ് അടുത്തിടെയും ഭീഷണി മുഴക്കിയിരുന്നു.

"ഈ പ്രതിസന്ധികൾക്ക് മുന്നിലൊന്നും ഞങ്ങൾ തലകുനിക്കില്ല''- ഇറാനിയൻ പാരാലിമ്പിക്സ് ടീം അംഗങ്ങളെ ആദരിക്കുന്ന ചടങ്ങിലായിരുന്നു പെസഷ്കിയാന്റെ പ്രസ്താവന.

''ലോകശക്തികൾ നമ്മെ തലകുനിപ്പിക്കാൻ അണിനിരക്കുകയാണ്. പ്രതിസന്ധികൾക്ക് മുന്നിൽ നിങ്ങൾ എങ്ങനെയാണോ തലകുനിക്കാതെ നിന്നത്, അതുപോലെ ഈ പ്രശ്നങ്ങൾക്ക് മുന്നിൽ നമ്മളും തലകുനിക്കില്ല"-അദ്ദേഹം പറഞ്ഞു.

ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട് പരോക്ഷ ചർച്ചകൾ ഈ മാസം ആദ്യം ഒമാനിൽ പുനരാരംഭിച്ചിരുന്നു. രണ്ടാം ഘട്ടം കഴിഞ്ഞ ആഴ്ച സ്വിറ്റ്സർലൻഡിലാണ് നടന്നത്. ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെന്ന് ഇരുകൂട്ടരും പറയുമ്പോഴും യുദ്ധഭീതി നിലനില്‍ക്കുന്നുണ്ട്. അമേരിക്ക മുന്നോട്ടുവെക്കുന്ന കാര്യങ്ങളില്‍ ചിലത് ഇറാന്‍ സ്വീകരിച്ചിട്ടില്ല. അതേസമയം നയതന്ത്രപരമായൊരു പരിഹാരം തങ്ങളുടെ കൈയെത്തും ദൂരത്തുണ്ടെന്ന് തോന്നുന്നതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കിയിരുന്നു. കരാറിന്റെ കരട് രൂപം അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ അന്തിമമാക്കാൻ തന്റെ രാജ്യം പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

Similar Posts