< Back
World
Iran won’t accept ‘imposed war or peace, won’t surrender’: Khamenei
World

'അടിച്ചേൽപ്പിക്കുന്ന യുദ്ധവും സമാധാനവും അംഗീകരിക്കില്ല'; ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ

Web Desk
|
18 Jun 2025 5:34 PM IST

യുഎസ് ഇടപെടലുകൾ പരിഹരിക്കാനാവാത്ത പ്രത്യാഘാതമുണ്ടാക്കുമെന്നും ഖാംനഇ മുന്നറിയിപ്പ് നൽകി.

തെഹ്‌റാൻ: ഇസ്രായേലിനും അമേരിക്കക്കും മുന്നറിയിപ്പുമായി ഇറാൻ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇ. അടിച്ചേൽപ്പിക്കുന്ന യുദ്ധവും സമാധാനവും അംഗീകരിക്കില്ല. ആരുടെയും ധാർഷ്ട്യം അംഗീകരിക്കില്ല. ഇറാൻ ജനതയുടെ പോരാട്ട ചരിത്രം അറിയാത്തവർ ഭീഷണിയുടെ ഭാഷയുമായി ഇങ്ങോട്ട് വരേണ്ട. അടിച്ചേൽപ്പിച്ച യുദ്ധത്തിനെതിരെ ധീരമായ പോരാട്ടം തുടരുമെന്നും ഖാംനഇ വ്യക്തമാക്കി. യുഎസ് ഇടപെടലുകൾ പരിഹരിക്കാനാവാത്ത പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതിനിടെ കൂടുതൽ മൊസാദ് ഏജന്റുമാരെ അറസ്റ്റ് ചെയ്തതായി ഇറാൻ അറിയിച്ചു. ഇറാനെതിരെ ആക്രമണത്തിന് തയ്യാറെടുത്തവരാണ് അറസ്റ്റിലായതെന്ന് സൈന്യം പറഞ്ഞു. ഇന്ന് 10-ൽ കൂടുതൽ പേരാണ് മൊസാദ് ബന്ധത്തിൽ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പിടികൂടിയ മൊസാദ് ചാരൻമാരെ ഇറാൻ വധിച്ചിരുന്നു.

ഇന്ന് ഇറാനിലെ 40 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ അവകാശപ്പെട്ടു. പടിഞ്ഞാറൻ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം എക്‌സിൽ പറഞ്ഞു. ഏകദേശം 25 ഫൈറ്റർ ജെറ്റുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇറാനിലെ മിസൈൽ സംഭരണ കേന്ദ്രങ്ങൾ തകർക്കാൻ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി.

ഇസ്രായേൽ ആക്രമണങ്ങളിൽ യുഎസ് നേരിട്ട് പങ്കാളിയാകുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അതിനിടെ ഇറാൻ നയതന്ത്ര നീക്കങ്ങൾ സജീവമാക്കി. പരമാവധി രാജ്യങ്ങളുമായി സംസാരിച്ച് നയതന്ത്ര നീക്കങ്ങൾ ഊർജിതമാക്കാൻ ഇറാൻ പ്രസിഡന്റ് മഹ്മൂദ് പെഷസ്‌കിയാൻ മന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. മേഖലയിൽ യുദ്ധം വ്യാപിക്കാതിരിക്കാനും യുഎസ് ഇടപെടൽ ഒഴിവാക്കാനും അറബ് രാജ്യങ്ങളുടെ സമ്മർദം സഹായിക്കുമെന്നാണ് ഇറാൻ കരുതുന്നത്.

അതിനിടെ ചൈനയും മേഖലയിലെ പ്രശ്‌നങ്ങളിൽ ഇടപെടുന്നതായാണ് റിപ്പോർട്ട്. ഇറാനെതിരായ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ചൈനീസ് വിമാനങ്ങൾ ഇറാനിൽ എത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആയുധങ്ങളുമായാണ് ചൈനീസ് വിമാനങ്ങൾ എത്തിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ട്രംപ് ഭരണകൂടത്തിന്റെ നീക്കം എന്താവുമെന്നാണ് ഇനി അറിയാനുള്ളത്. ഇറാനെതിരായ ആക്രമണത്തിൽ പങ്കാളിയാവണമെന്ന സയണിസ്റ്റ് ലോബിയുടെ കടുത്ത സമ്മർദം ട്രംപിനുണ്ട്. ഇറാനെതിരെ ആക്രമണം നടത്താൻ ഏറ്റവും അനുയോജ്യമായ സമയമാണ് ഇതെന്നാണ് ഇസ്രായേലിനെ പിന്തുണയ്ക്കുന്നവർ വിലയിരുത്തുന്നത്.

Similar Posts