< Back
World
Iranian missiles hit Israels Ben Gurion Airport.
World

ഇസ്രായേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ ഇറാൻ്റെ മിസൈല്‍ ആക്രമണം

ശരത് ലാൽ തയ്യിൽ
|
6 March 2026 4:38 PM IST

ഇസ്രായേലിലെ പ്രധാന നഗരമായ തെല്‍ അവിവില്‍ ഇന്നലെ രാത്രി ഇറാൻ്റെ കനത്ത മിസൈല്‍ ആക്രമണമുണ്ടായിരുന്നു

തെല്‍ അവിവ്: ഇസ്രായേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം. വിമാനത്താവളത്തിനുള്ളില്‍ മിസൈല്‍ പതിച്ചു. ഇസ്രായേലിലെ ഏറ്റവും വലിയ വിമാനത്താവളമാണിത്. ഇസ്രായേല്‍ സൈന്യം ആക്രമണം സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. ശക്തിയേറിയ ഖോറംഷഹര്‍ മിസൈലുകള്‍ ഇസ്രായേല്‍ വിമാനത്താവളത്തെ ലക്ഷ്യമാക്കി വിക്ഷേപിച്ചതായി ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡ് പറഞ്ഞിരുന്നു. വന്‍ നശീകരണശേഷിയുള്ള മിസൈലുകളാണിത്.

ഇസ്രായേലിലെ പ്രധാന നഗരമായ തെല്‍ അവിവില്‍ ഇന്നലെ രാത്രി ഇറാന്റെ കനത്ത മിസൈല്‍ ആക്രമണമുണ്ടായിരുന്നു. ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും നിരവധി കെട്ടിടങ്ങള്‍ക്ക് തകരാറുണ്ടായതായി ഇസ്രായേലി എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു. തെഹ്‌റാനില്‍ ഇസ്രായേല്‍ നടത്തിയ കനത്ത ആക്രമണത്തിന് മറുപടിയായാണ് ഇറാന്‍ തെല്‍ അവിവിലേക്ക് മിസൈലുകളയച്ചത്.

ഇസ്രായേലിന്റെ വാണിജ്യ കേന്ദ്രമായ നഗരത്തിലെ താമസകേന്ദ്രങ്ങളില്‍ ആക്രമണത്തെ തുടര്‍ന്ന് തീപടര്‍ന്നു. ഇവിടങ്ങളില്‍ നിന്ന് താമസക്കാരെ നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നു. 'തെല്‍ അവിവിന്റെ ഹൃദയത്തിലേക്ക് മിസൈലുകള്‍ തൊടുത്തു' എന്നാണ് ഇറാന്‍ സ്റ്റേറ്റ് മീഡിയ അറിയിച്ചത്. അതേസമയം, ഇറാന്റെ മിസൈലുകളെ പ്രതിരോധിക്കുകയാണെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു.

ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1332 ആയി. ഏഴ് ദിവസമായി തുടരുന്ന യുദ്ധം മേഖലയെ ആകെ സംഘര്‍ഷഭരിതമാക്കിയിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനികതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം തുടരുകയാണ്. ഇറാനൊപ്പം ലെബനനിലേക്കും ആക്രമണം വ്യാപിപ്പിച്ച ഇസ്രായേല്‍ ഇവിടെ 120 പേരെ കൊലപ്പെടുത്തി.

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മിസൈലുകള്‍ നിലക്കണമെങ്കില്‍ മുഴുവന്‍ അമേരിക്കക്കാരെയും പുറത്താക്കണമെന്നും യുഎസ് സൈനിക ക്യാമ്പുകള്‍ നീക്കം ചെയ്യണമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇസ്ഫഹാന്‍ നഗരത്തിന് സമീപത്ത് വെച്ച് ഇസ്രായേലിന്റെ ഹെറോണ്‍ നിരീക്ഷണ ഡ്രോണ്‍ വെടിവെച്ചിട്ടതായി ഐആര്‍ജിസി പറഞ്ഞു.

Similar Posts