< Back
World
ഇറാൻ ആണവ ശാസ്ത്രജ്ഞനെ കൊന്നത് ആർട്ടിഫിഷ്യൽ ഇൻറലിജൻറ്‌സുള്ള മെഷീൻ ഗൺ ഉപയോഗിച്ച്
World

ഇറാൻ ആണവ ശാസ്ത്രജ്ഞനെ കൊന്നത് ആർട്ടിഫിഷ്യൽ ഇൻറലിജൻറ്‌സുള്ള മെഷീൻ ഗൺ ഉപയോഗിച്ച്

Web Desk
|
19 Sept 2021 5:37 PM IST

മൊഹ്‌സിൻ ഫക്രിസാദെഹ് 14 വർഷമായി മൊസാദിന്റെ നോട്ടപ്പുള്ളിയായിരുന്നു

സാറ്റലെറ്റ് വഴി നിയന്ത്രിക്കാവുന്ന, കാമറ സംവിധാനവും ആർട്ടിഫിഷ്യൽ ഇൻറലിജൻറ്‌സുമുള്ള മെഷീൻ ഗണ്ണുപയോഗിച്ചാണ് ഇറാന്റെ സുപ്രധാന ആണവ ശാസ്ത്രജ്ഞൻ മൊഹ്‌സിൻ ഫക്രിസാദെഹിനെ കൊന്നതെന്ന് റിപ്പോർട്ട്. അമേരിക്ക, ഇസ്രയേൽ, ഇറാൻ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരിൽ നിന്ന് ലഭ്യമായ വിവരങ്ങൾ വഴി ന്യൂയോർക്ക് ടൈംസ് തയാറാക്കിയ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

റോബോട്ടിക്‌സ് സാധ്യതകൾ ഉപയോഗിക്കാനാകുന്ന ബെൽജിയൻ നിർമിത എഫ്.എൻ മാഗ് മെഷീൻ ഗണ്ണാണ് കൃത്യത്തിന് ഉപയോഗിച്ചത്. ഒരു ടണ്ണിലധികം ഭാരം വരുന്ന മെഷീൻ ഗൺ, റോബോട്ട്, മറ്റു ഭാഗങ്ങൾ ചെറുഭാഗങ്ങളാക്കി, വ്യത്യസ്്ത വഴികളിലൂടെ, വിവിധ സമയങ്ങളിലാണ് ഇറാനിലേക്ക് എത്തിച്ചത്. പിന്നീട് എല്ലാം ഒരുമിച്ചു കൂട്ടുകയായിരുന്നു. ഇറാനിൽ പൊതുവായി ഉപയോഗിക്കുന്ന പിക്കപ്പിന്റെ രൂപത്തിലായിരുന്നു ഇവയുടെ നിർമാണം. ട്രക്കിന്റെ പലഭാഗത്തായി നിരവധി കാമറകൾ ഘടിപ്പിക്കപ്പെട്ടു. ലക്ഷ്യത്തെ കുറിച്ചും പരിസരത്തുമുള്ള വിശദ വിവരങ്ങൾ നൽകാനായിരുന്നിത്. ദൗത്യം കഴിഞ്ഞ് നേരത്തെ നിശ്ചയിച്ചതനുസരിച്ച് പിക്കപ്പിൽ ശേഖരിച്ച സഫോടക വസ്തുക്കൾ പൊട്ടിച്ച് തെളിവു നശിപ്പിക്കുകയും ചെയ്തു.

2020 നവംബർ 27 നാണ് ഇറാൻ ആണവപദ്ധതിയിലെ മുതിർന്ന ശാസ്ത്രജ്ഞൻ മുഹ്‌സിൻ ഫക്രിസാദെഹ് കിഴക്കൻ ടെഹ്‌റാനിലെ അബ്‌സാർഡിൽ വച്ച് കൊല്ലപ്പെട്ടത്. ആയിരം മൈലുകൾക്കപ്പുറം നിന്ന് മിനുട്ടിൽ 15 ബുള്ളറ്റുകൾ പ്രയോഗിക്കാൻ അവസരം നൽകുന്ന മെഷീൻ ഗണ്ണായിരുന്നു കൊലപാതകത്തിന് ഉപയോഗിച്ചത്.

മൊസാദ് സനൈപ്പറാണ് 1000 മൈൽ അകലെ നിന്ന് സാറ്റലൈറ്റ് വഴി നിയന്ത്രിക്കാവുന്ന ഉപകരണം വഴി ഫക്രിസാദേഹിനെ വെടിവെച്ചുവീഴ്ത്തിയത്. ഭാര്യക്ക് സമീപം നിന്ന ഫക്രിസാദേഹിനെ കൃത്യമായി വെടിവെച്ചിടുകയായിരുന്നു. പിക്കപ്പിൽ സ്ഥാപിച്ച ഉപകരണം വഴിയാണ് വെടിവെച്ചതെന്ന് ബ്രിഗേഡിയർ ജനറൽ അലി ഫാദവി പറഞ്ഞതായി അന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു.

വാഹനത്തിലെ കാമറ കാറിലിരിക്കുന്ന ഫക്രിസാദേഹിന്റെ ഇടം കൃത്യമായി സ്‌നൈപ്പറുടെ റിമോർട്ടിലേക്ക് എത്തിക്കുകയും കൃത്യമായി വെടിയുതിർക്കാൻ സഹായിക്കുകയുമായിരുന്നു.

കാമറയിലെ ചിത്രീകരണത്തിനും ട്രിഗർ വലിക്കുന്നതിനും ഇടയിലുള്ള 1.6 സെക്കൻറ് വ്യത്യാസം പരിഹരിക്കാൻ പ്രത്യേക ആർട്ടിഫിഷ്യൽ ഇൻറലിജൻറ്‌സ് സംവിധാനം തന്നെ മൊസാദ് ഒരുക്കിയിരുന്നു. കൊലപാതകം നടത്താനുള്ള ആദ്യ പ്ലാൻ പാളിയാൽ രണ്ടാമത് സംവിധാനവുമായി സ്‌പൈ കാറുണ്ടായിരുന്നു.

മൊഹ്‌സിൻ ഫക്രിസാദെഹ് 14 വർഷമായി മൊസാദിന്റെ നോട്ടപ്പുള്ളി

ഇറാന്റെ ആണവ ബോംബ് നിർമാണത്തിന് നേതൃത്വം നൽകുന്ന മൊഹ്‌സിൻ ഫക്രിസാദെഹ് 14 വർഷമായി ഇസ്രയേലിന്റെ നോട്ടപ്പുള്ളിയായിരുന്നു. ഇറാനെ ഒരുനിലക്കും ആണവായുധം നിർമിക്കാൻ സമ്മതിക്കില്ലെന്ന് നിശ്ചയിച്ചുറപ്പിച്ച ഇസ്രയേലാണ് കൊലപാതകത്തിന് പിറകിലെന്നാണ് കരുതുന്നത്. 2010 നും 2012 നും ഇടയിൽ മാത്രം നാലു ആണവ ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടിരുന്നു.

2020 കൊല്ലപ്പെട്ട മൊഹ്‌സിൻ ഫക്രിസാദെഹ് ഏറ്റവും ആണവ രംഗത്തെ സുപ്രധാനിയും ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇയുമായി ബന്ധമുള്ള ആളുമായിരുന്നു. ഇദ്ദേഹത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളുണ്ടായിരുന്നു. ഇതിൽ സുപ്രധാന വെളിപ്പെടുത്തലാണ് ന്യൂയോർക്ക് ടൈംസ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

Similar Posts