
രഹസ്യയോഗം നടക്കുന്ന ബങ്കറില്‍ മിസൈലാക്രമണം; ഇസ്രായേലിന്റെ വധശ്രമത്തിൽ നിന്ന് ഇറാൻ പ്രസിഡന്റ് രക്ഷപ്പെട്ടത് തലനാരിഴക്ക്
|രക്ഷപ്പെടുന്നതിനിടെ പ്രസിഡന്റിന്റെ കാലിന് ചെറിയ പരിക്കേറ്റതായും റിപ്പോര്‍ട്ട്
തെഹ്റാന്‍: ഇസ്രായേലിന്റെ വധശ്രമത്തിൽ നിന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ രക്ഷപ്പെട്ടത് തലനാരിഴക്കെന്ന് റിപ്പോർട്ട്. ജൂൺ 15നായിരുന്നു ഇസ്രായേലിന്റെ ആക്രമണം നടന്നത്. തെഹ്‌റാനിൽ നടന്ന സുപ്രിം നാഷണൽ സെക്യൂരിറ്റി കൗൺസിൽ യോഗത്തിനിടെയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ഈ ആക്രമണത്തിൽ മസൂദ് പെസെഷ്‌കിയാന് നിസ്സാര പരിക്കേറ്റതായി ഒരു മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇറാന്റെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേലിന്റെ ആക്രമണമെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
സർക്കാരിന്റെ എക്‌സിക്യൂട്ടീവ്, നിയമനിർമ്മാണ, ജുഡീഷ്യൽ ശാഖകളുടെ തലവന്മാരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായിരുന്നു യോഗത്തിൽ പങ്കെടുത്തത്. 12 ദിവസമാണ് ഇറാനും ഇസ്രായേലും തമ്മിൽ യുദ്ധം നടന്നത്. ഇസ്രായേൽ ആക്രമണം നടക്കുന്ന സമയത്ത് പടിഞ്ഞാറൻ തെഹ്‌റാനിലെ രഹസ്യ ബങ്കറിലായിരുന്നു യോഗം നടന്നതെന്ന് അർധസർക്കാർ വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്യുന്നു.
രക്ഷപ്പെടാനുള്ള വഴികൾ ഇല്ലാതാക്കുന്നതിനും വായുസഞ്ചാരം ഇല്ലാതാക്കാനും വേണ്ടി ബങ്കറിന്റെ പ്രവേശന കവാടത്തിലും പുറത്തേക്ക് പോകുന്ന വാതിലുകളിലുമായി ആറ് മിസൈലുകളാണ് പതിച്ചത്. സ്‌ഫോടനങ്ങളെത്തുടർന്ന് കെട്ടിടത്തിലെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. രക്ഷപ്പെടുന്നതിനിടെ പ്രസിഡന്റിന്റെ കാലിന് ചെറിയ പരിക്കേറ്റതായും ഫാർസ് റിപ്പോർട്ട് ചെയ്തു. ആക്രമണം നടന്നെങ്കിലും എല്ലാവരും രക്ഷപ്പെട്ടു. എന്നാൽ യോഗം നടക്കുന്നതിനെക്കുറിച്ച് ഇസ്രായേലിന് കൃത്യമായ വിവരം ലഭിച്ചതിനെക്കുറിച്ചും ഇസ്രായേലി ചാരന്മാരെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ആഴ്ച, യുഎസ് മാധ്യമ പ്രവർത്തകൻ ടക്കർ കാൾസണുമായുള്ള അഭിമുഖത്തിൽ ഇസ്രായേൽ തന്നെ വധിക്കാൻ ശ്രമിച്ചുവെന്ന് പ്രസിഡന്റ് പെസെഷ്‌കിയാനും വെളിപ്പെടുത്തിയിരുന്നു. അവർ എന്നെ വധിക്കാൻ ശ്രമിച്ചു,എന്നാൽ പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. 'എന്റെ വധശ്രമത്തിന് പിന്നിൽ അമേരിക്കയല്ല. ഇസ്രായേലായിരുന്നു. ഞാൻ ഒരു മീറ്റിംഗിലായിരുന്നു... ഞങ്ങൾ മീറ്റിംഗ് നടത്തുന്ന സ്ഥലത്ത് അവർ ബോംബാക്രമണം നടത്താൻ ശ്രമിച്ചു.'' പ്രസിഡന്റ് വ്യക്തമാക്കി.
ജൂൺ 13 നായിരുന്നു ഇറാനെതിരെ ഇസ്രായേൽ ബോംബാക്രമണം ആരംഭിച്ചത്. ആക്രമണത്തിൽ ഉന്നത സൈനിക കമാൻഡർമാരും ആണവ ശാസ്ത്രജ്ഞരുമടക്കം നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. യുദ്ധത്തിൽ ഇറാനിൽ കുറഞ്ഞത് 1,060 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇറാന്റെ പ്രത്യാക്രമണത്തിൽ ഇസ്രായേലിൽ 28 പേർ കൊല്ലപ്പെട്ടുവെന്നാണ് അധികൃതർ പറയുന്നത്. തുടർന്ന് യുഎസ് മധ്യസ്ഥതയിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്.