< Back
World
ഇസ്രായേല്‍-യുഎസ് ആക്രമണം: ഇറാനില്‍ മരണസംഖ്യ 700 കടന്നു
World

ഇസ്രായേല്‍-യുഎസ് ആക്രമണം: ഇറാനില്‍ മരണസംഖ്യ 700 കടന്നു

അൻഫസ് കൊണ്ടോട്ടി
|
3 March 2026 4:06 PM IST

യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തിന്റെ നാലാം ദിവസമാണിന്ന്

തെഹ്‌റാന്‍: യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു. ആക്രമണത്തില്‍ ഇതിനോടകം ഇറാനില്‍ മാത്രം 787 ആളുകള്‍ കൊല്ലപ്പെട്ടുവെന്ന് ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തിന്റെ നാലാം ദിവസമാണിന്ന്.

സൗദി അറേബ്യയിലെ യുഎസ് എംബസിക്ക് നേരെ ഇറാന്‍ ഇന്ന് രാവിലെ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായി അമേരിക്കയും ഇസ്രായേലും ഇറാനില്‍ വ്യോമാക്രമണം നടത്തുകയും ചെയ്തു. ഇറാനെതിരായ പോരാട്ടത്തിന് ലോകരാജ്യങ്ങളുടെ പിന്തുണയുണ്ടെന്നും യുദ്ധം നീണ്ടുനിന്നാലും തനിക്ക് മടുപ്പില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെയാണ് സൗദിയിലെ എംബസിക്ക് നേരെയുണ്ടായ ഇറാന്റെ ആക്രമണം. ആക്രമണത്തിന് പിന്നാലെ എംബസിയില്‍ തീപിടിത്തമുണ്ടായെങ്കിലും കെട്ടിടത്തില്‍ ആരും ഇല്ലാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല. റിയാദിലേക്ക് എട്ട് ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണമുണ്ടായെന്നും സൗദി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഡ്രോണുകള്‍ എത്തിയത്.

ഇറാന്റെ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി രാത്രിയിലുടനീളം ഇസ്രായേല്‍ കനത്ത ആക്രമണങ്ങളാണ് തെഹ്‌റാനിലടക്കം അഴിച്ചുവിട്ടത്. ബെയ്‌റൂത്തിലെ ഹിസ്ബുല്ല കമാന്‍ഡ് സെന്ററുകള്‍ തകര്‍ത്തുവെന്നും ലബനനിലെ ഫലസ്തീന്‍ ഇസ് ലാമിക് ജിഹാദിന്റെ കമാന്‍ഡറെ വധിച്ചതായും ഇസ്രായേല്‍ സേന അറിയിച്ചിരുന്നു. 59 മേഖലകളില്‍ നിന്ന് ഒഴിഞ്ഞുപോകാനും അറിയിച്ചിട്ടുണ്ട്. ഇറാന്റെ സൈനിക നടപടിയില്‍ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം ആറായി.

യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ തെഹ്‌റാനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതോടെ യുദ്ധം രൂക്ഷമായിരിക്കുകയാണ്. പുതിയ ആണവായുധ കേന്ദ്രങ്ങളുടെ നിര്‍മാണം ഇറാന്‍ വേഗത്തിലാക്കിയിട്ടുണ്ടെന്നും ഇപ്പോള്‍ ആക്രമിച്ചില്ലെങ്കിലും പിന്നീടൊരിക്കലും അവരെ തൊടാനാവില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. ആണവായുധം നിര്‍മിക്കുന്നത് ലോകത്തിന് ഭീഷണിയാണെന്നും ആവശ്യമെങ്കില്‍ ഇറാനുമായി കരയുദ്ധത്തിന് ഒരുക്കമാണെന്നും അതെത്ര കാലം നീണ്ടുനിന്നാലും തനിക്ക് മടുപ്പുണ്ടാകില്ലെന്നും യുഎസ് പ്രസിഡന്‍റ് ട്രംപും വ്യക്തമാക്കിയിരുന്നു.

Similar Posts