< Back
World
ഖാംനഈയുടെ കൊലപാതകം:  മറുപടിയില്ലാതെ പോകില്ലെന്ന് ഇറാൻ പ്രസിഡന്റ് പെസഷ്‌കിയാൻ
World

ഖാംനഈയുടെ കൊലപാതകം: മറുപടിയില്ലാതെ പോകില്ലെന്ന് ഇറാൻ പ്രസിഡന്റ് പെസഷ്‌കിയാൻ

റിഷാദ് അലി
|
1 March 2026 10:27 AM IST

ഇറാനിൽ നാൽപത് ദിവസത്തെ ദുഃഖാചരണത്തിന് പുറമെ ഏഴ് ദിവസത്തെ പൊതുഅവധി കൂടി പ്രഖ്യാപിച്ചിട്ടുണ്ട്

തെഹ്റാന്‍: ആയത്തുല്ല അലി ഖാംനഈയുടെ കൊലപാതകം ഏറ്റവും വലിയ കുറ്റകൃത്യമാണെന്നും ഇതിന് മറുപടിയില്ലാതെ പോകില്ലെന്നും ഇറാന്‍ പ്രസിഡന്‍റ് മസ്ഊദ് പെസഷ്കിയാന്‍.

"ഈ മഹാപരാധത്തിന് ഒരിക്കലും മറുപടിയില്ലാതെ പോകില്ല, ഇത് ഇസ്‌ലാമിക ലോകത്തിന്റെയും ഷിയാ വിശ്വാസത്തിന്റെയും ചരിത്രത്തിൽ ഒരു പുതിയ അധ്യായം കുറിക്കും. ഖാംനഈയുടെ പവിത്രമായ രക്തം, കുതിച്ചൊഴുകുന്ന അരുവി പോലെ ഒഴുകും. അത് അമേരിക്കൻ-സയണിസ്റ്റ് അടിച്ചമർത്തലുകളെ വേരോടെ ഇല്ലാതാക്കും. ഈ വലിയ കുറ്റകൃത്യത്തിന് പിന്നിൽ പ്രവർത്തിച്ചവരേയും ഇതിന് ഉത്തരവിട്ടവരേയും ഞങ്ങൾ സങ്കടപ്പെടുത്തും''- അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

രാജ്യത്ത് നാല്പത് ദിവസത്തെ ദുഃഖാചരണത്തിന് പുറമെ ഏഴ് ദിവസത്തെ പൊതുഅവധി കൂടി പെസെഷ്കിയാൻ പ്രഖ്യാപിച്ചു.

ഇസ്രയേൽ, യുഎസ് സംയുക്ത ആക്രമണത്തിൽ ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടെന്ന് ഇന്ന് രാവിലെയാണ് ഇറാന്‍ സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ മകളും മരുമകനും പേരക്കുട്ടിയും കൊല്ലപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഖാംനഈ കൊല്ലപ്പെട്ടതായി ഇസ്രായേലും അമേരിക്കയും അവകാശപ്പെട്ടിരുന്നു. അതേസമയം അലി ഖാംനഈയുടെ കൊലക്ക് പ്രതികാരം ചെയ്യുമെന്നും കൊലയാളികളെ വെറുതെ വിടില്ലെന്നും ഇറാൻ റവല്യൂഷണറി ഗാർഡ്‌( ഐആര്‍ജിസി) വ്യക്തമാക്കി. ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ദിവസം ഓഫീസുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചു. 1989 മുതല്‍ ഇറാന്‍റെ പരമോന്നത നേതാവാണ് ആയത്തുല്ല അലി ഖാംനഈ.

Similar Posts