
ഇസ്രായേൽ സൈന്യത്തില്‍ 680ലധികം മരണങ്ങളും പരിക്കുകളും; അവകാശവാദവുമായി ഇറാൻ റെവല്യൂഷണറി ഗാർഡ്
|തങ്ങളുടെ അവസാന ശ്വാസം വരെയും പോരാടുമെന്നും ഐആർജിസി
തെഹ്റാന്‍: ഇറാന്റെ തിരിച്ചടിയില്‍ ഇസ്രായേൽ സൈന്യത്തില്‍ 680ലധികം മരണങ്ങളും പരിക്കുകളും സംഭവിച്ചതായി ഇറാനിയൻ റെവല്യൂഷണറി ഗാർഡ്സ്( ഐആര്‍ജിസി). സംഘര്‍ഷം നാല് ദിനം പിന്നിട്ടിരിക്കെയാണ് ഐആര്‍ജിസി ഇക്കാര്യം അവകാശപ്പെടുന്നത്.
ഇസ്രായേൽ പ്രതിരോധ ആസ്ഥാനമായ ഹക്കിരിയയിലെ ആർമി ജനറൽ സ്റ്റാഫ്, പ്രതിരോധ മന്ത്രാലയം, ബിനീ ബരാക്കിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ, തെല്‍ അവീവിന് വടക്കുകിഴക്കുള്ള പെറ്റാ തിക്‌വയിലെ സൈനിക കേന്ദ്രങ്ങൾ, പടിഞ്ഞാറൻ ഗലീലിയിലെ സൈനിക കേന്ദ്രം എന്നിവ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകളും ഡ്രോണുകളും ആക്രമണം നടത്തിയെന്നും അവിടെ കൃത്യമായ നാശനഷ്ടങ്ങൾ ഉണ്ടായെന്നും ഐആര്‍ജിസി വ്യക്തമാക്കുന്നു.
നാലാം ദിവസത്തെ പോരാട്ടത്തിൽ തന്നെ ഇസ്രായേൽ ഭാഗത്തെ മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും 680 കടന്നുവെന്നും ഐആര്‍ജിസി പറയുന്നു. ഇന്റലിജൻസ് റിപ്പോർട്ടുകളെയും ഫീൽഡ് മോണിറ്ററിംഗ് റിപ്പോർട്ടുകളെയും ഉദ്ധരിച്ചുകൊണ്ടാണ് അവര്‍ ഇക്കാര്യം അവകാശപ്പെടുന്നത്. എന്നാല്‍ ഇസ്രായേൽ അധികൃതർ ഈ കണക്കുകൾ പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല. തങ്ങളുടെ അവസാന ശ്വാസം വരെയും പോരാടുമെന്ന് ഐആർജിസി പറഞ്ഞു. അതേസമയം മറ്റൊരു യുഎസ് എഫ്-15 (F-15) വിമാനം കൂടി ഇറാൻ്റെ വ്യോമപ്രതിരോധ സേന വെടിവെച്ചിട്ടതായി ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ തസ്നിം റിപ്പോർട്ട് ചെയ്യുന്നു.
എന്നാല്‍ മിസൈലുകൾ വിക്ഷേപിക്കാനുള്ള വലിയ ശേഷി ഇറാനും ഇപ്പോഴമുണ്ടെന്ന് ഇസ്രായേൽ സൈന്യം പറയുന്നു. ഇസ്രായേൽ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ എഫി ഡെഫ്രിൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്റെ ഡസൻ കണക്കിന് മിസൈൽ ലോഞ്ചറുകൾ നശിപ്പിച്ചെന്ന് ഇസ്രായേല്‍ അവകാശപ്പെടുമ്പോഴാണ് ഇനിയുള്ളതിനെ ഓര്‍ത്ത് ആശങ്കപ്പെടുന്നത്.