< Back
World
Iraq invites new Syria government, president al-Sharaa to Arab League summit
World

അറബ് ലീഗ് ഉച്ചകോടിയിലേക്ക് സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ ഷാറയെ ക്ഷണിച്ച് ഇറാഖ്

Web Desk
|
16 Feb 2025 3:46 PM IST

ഈ വർഷം മേയിൽ ഇറാഖിലാണ് അറബ് ലീ​ഗ് ഉച്ചകോടി നടക്കുന്നത്.

ബാഗ്ദാദ്: ഈ വർഷം മേയിൽ നടക്കുന്ന അറബ് ലീഗ് ഉച്ചകോടിയിലേക്ക് സിറിയയിലെ ഇടക്കാല പ്രസിഡന്റിനെ ക്ഷണിച്ച് ഇറാഖ്. പുതിയ സിറിയൻ സർക്കാരുമായി സഹകരിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇടക്കാല പ്രസിഡന്റായ അഹമ്മദ് അൽ ഷാറയെ ക്ഷണിച്ചതായി ഇറാഖ് വിദേശകാര്യ മന്ത്രി അറിയിച്ചത്.

ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ ഷാറ അടക്കമുള്ളവർക്കുള്ള ക്ഷണക്കത്ത് സിറിയൻ വിദേശകാര്യ മന്ത്രി അസദ് അൽ ഷിബാനിക്ക് അയച്ചതായി ഇറാഖ് വിദേശകാര്യ മന്ത്രി ഫുആദ് ഹുസൈൻ പറഞ്ഞു. സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷാറ അടക്കമുള്ള എല്ലാ അറബ് നേതാക്കളെയും ഉച്ചകോടിക്ക് ക്ഷണിക്കും. സിറിയയുമായുള്ള ബന്ധത്തിൽ ഇറാഖ് ഭരണകൂടത്തിന് മുൻവിധികളോ നിബന്ധനകളോ ഇല്ല. അതേസമയം അയൽരാജ്യത്തിന്റെ ഭാവി സംബന്ധിച്ചത് തങ്ങൾക്ക് കൃത്യമായ ധാരണയും നയവുമുണ്ടെന്നും ഇറാഖ് വിദേശകാര്യ മന്ത്രി പറഞ്ഞു.

കിഴക്കൻ സിറിയയിലെ ഐഎസ് സാന്നിധ്യം ഇറാഖിന് ഭീഷണിയാണെന്ന് ഫുആദ് ഹുസൈൻ പറഞ്ഞു. തീവ്രവാദം ഉയർത്തുന്ന ഭീഷണിയെ തങ്ങൾ ഗൗരവമായാണ് കാണുന്നത്. ഇത് നേരിടുന്നത് ഇറാഖ്-സിറിയ ഭരണകൂടങ്ങളുടെ സഹകരണം ആവശ്യമാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

അതിർത്തി സുരക്ഷ സംബന്ധിച്ച നിലപാടുകൾ സിറിയൻ വിദേശകാര്യ മന്ത്രി ഉച്ചകോടിയിൽ വ്യക്തമാക്കുമെന്നാണ് കരുതപ്പെടുന്നത്. അസദ് ഭരണകൂടം തകർന്നതോടെ നിരവധി സൈനിക ഓഫീസർമാരും അസദിന്റെ വിശ്വസ്തരും ഇറാഖിലേക്ക് പലായനം ചെയ്തിരുന്നു. ഇവരെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾക്കും ഉച്ചകോടി വേദിയാകുമെന്നാണ് കരുതുന്നത്. അതേസമയം സിറിയയിലെ ഇടക്കാല സർക്കാരുമായി സഹകരിക്കുന്നത് സംബന്ധിച്ച് ഇറാഖിൽ ശക്തമായ അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ട്.

Similar Posts