World
ഇറാനില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം; ആണവകേന്ദ്രങ്ങളിലും വിമാനത്താവളത്തിന് നേരെയുമാണ് ആക്രമണം
World

ഇറാനില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം; ആണവകേന്ദ്രങ്ങളിലും വിമാനത്താവളത്തിന് നേരെയുമാണ് ആക്രമണം

Web Desk
|
14 Jun 2025 8:42 AM IST

കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമോയെന്ന ഭയത്തിലാണ് ജനങ്ങള്‍

തെഹ്‌റാന്‍: ഇന്ന് പുലര്‍ച്ചെയോടെ ഇസ്രായേല്‍ ഇറാനില്‍ വീണ്ടും ആക്രമണം നടത്തി. ടെഹ്‌റാനില്‍ നേരം പുലര്‍ന്നപ്പോഴാണ് അഗ്നിശമാനാ സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തകരും ഒറ്റരാത്രികൊണ്ട് ഇസ്രായേല്‍ നടത്തിയ മുഴുവന്‍ ആക്രമണങ്ങളുടെയും നേര്‍ക്കാഴ്ച ആദ്യം കണ്ടത്. റോഡ് ജംഗ്ഷന് മുകളിലുള്ള പന്ത്രണ്ട് നിലയുള്ള ഫ്‌ളാറ്റിന്റെയും ഷോപ്പിങ് മാളിന്റെയും മുകളിലത്തെ രണ്ട് നിലകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. തെരുവിലെല്ലാം അവശിഷ്ടങ്ങള്‍ നിറഞ്ഞു.

ഫ്‌ളാറ്റിന്റെ ഒരു പ്രത്യേക നില മാത്രം കേന്ദ്രീകരിച്ച് ഇസ്രായേല്‍ ആക്രമണം നടത്താനുള്ള കാരണം വൈകാതെ തെളിഞ്ഞു. മുതിര്‍ന്ന സൈനിക മേധാവിയായ അലി ഷംഖാനിയുടെ വീടായിരുന്നു അത്. പ്രധാന നേതാവായ അലി ഖമേനിയയുടെ അടുത്ത സഹായിയുമാണ് അലി ഷംഖാനി. ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട് യുഎസുമായി നടന്നുകൊണ്ടിരിക്കുന്ന പരോക്ഷ ചര്‍ച്ചകളില്‍ പ്രധാന പങ്കുവഹിച്ച അദ്ദേഹത്തിന് പരിക്ക് പറ്റിയതായി ആദ്യം വിവരം ലഭിച്ചു. എന്നാല്‍ പുലര്‍ച്ചയോടെ 69 കാരനായ ഷംഖാനി കൊല്ലപ്പെട്ടതായി അറിയിച്ചു. ടെഹ്‌റാനിലും മറ്റ് സ്ഥലങ്ങളിലേയും ഡസന്‍കണക്കിനുള്ള യുദ്ധവിമാനങ്ങളാണ് ആക്രമിച്ചത്. നിരവധി കെട്ടിടങ്ങള്‍ കത്തി നശിച്ചു, തകര്‍ന്നു. ആക്രമണത്തില്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം നടക്കുമ്പോള്‍ എല്ലാവരും ഉറക്കത്തിലായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

''ആദ്യ ആക്രമണത്തില്‍ തന്നെ ഞാന്‍ ഉണര്‍ന്നു. എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ ജനലിലേക്ക് ഓടി. പിന്നാലെ നാല് സ്‌ഫോടനങ്ങള്‍ ഞാന്‍ കേട്ടു. ജനാലകള്‍ എല്ലാം ഇളകാന്‍ തുടങ്ങി. ആളുകള്‍ എല്ലാം നിലവിളിക്കാന്‍ തുടങ്ങി. സംഘര്‍ഷം വര്‍ദ്ധിച്ച കാര്യങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ഞങ്ങള്‍ അറിഞ്ഞു. എന്നാല്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് അധികാരികള്‍ ഞങ്ങളോട് പറഞ്ഞിരുന്നില്ല. എല്ലാം സംഭവിച്ചത് പെട്ടെന്നായിരുന്നു. ആക്രമണമാണോ അതോ പ്രകൃതിദുരന്തമാണോയെന്ന് ആദ്യം സംശയം തോന്നി. ജനവാസമേഖലകളിലെല്ലാം കടുത്ത ആശങ്കയാണ്. ആളുകള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് ഇപ്പോഴും പുക ഉയരുകയാണ്. ആകാശം ചുവന്നിരിക്കുകയാണ്, കൂടുതല്‍ ആക്രമണം ഉണ്ടാകുമോയെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു,'' വടക്കന്‍ തെഹ്‌റാനിലെ സാദത്ത് അബാദിലെ താമസക്കാരിയായ ഗോള്‍നാര്‍ പറഞ്ഞു.

തെഹ്റാനിലെ വിവിധ മേഖലകളിലും ഇസ്ഫഹാന്‍ ആണവ കേന്ദ്രത്തിലും ഇസ്രായേല്‍ ആക്രമണം നടത്തി. തെഹ്രാനിലെ മെഹ്‌റാബാദ് വിമാനത്താവളത്തിന് നേരെയും ഇസ്രായേല്‍ ആക്രമണം. ഇറാനെതിരായ ആക്രമണം തുടരുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു അടക്കം വ്യക്തമാക്കിയത്. അതേസമയം, ഇസ്രായേലില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. 70-ല്‍ കൂടുതല്‍ ആളുകള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിനടുത്ത് നേരിട്ട് മിസൈല്‍ പതിച്ചു.

Related Tags :
Similar Posts