< Back
World

World
ഇസ്രായേൽ ആക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; മരണം 558 ആയി
|24 Sept 2024 8:02 PM IST
ഹിസ്ബുല്ലയുടെ മിസൈൽ സിസ്റ്റം കമാൻഡറാണ് ഖുബൈസി.
ബെയ്‌റൂത്ത്: ലബനാനിലെ ഇസ്രായേൽ ആക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ ഇബ്‌റാഹീം ഖുബൈസി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹിസ്ബുല്ലയുടെ മിസൈൽ സിസ്റ്റം കമാൻഡറാണ് ഖുബൈസി. ഹിസ്ബുല്ല ഇത് സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം ലബനാനിൽ ഇസ്രായേലിന്റെ രൂക്ഷമായ ആക്രമണം തുടരുകയാണ്. 50 കുട്ടികളടക്കം 558 പേരാണ് ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത്. 1835 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹിസ്ബുല്ലയെ ശ്വാസമെടുക്കാൻ അനുവദിക്കാത്ത രീതിയിൽ ആക്രമണം തുടരുമെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു.
മിഡിൽ ഈസ്റ്റിൽ സംഘർഷം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ലബനാനിലേക്കും ഇസ്രായേലിലേക്കുമുള്ള സർവീസുകൾ വിമാനക്കമ്പനികൾ റദ്ദാക്കി. എയർ ഇന്ത്യ ഉൾപ്പെടെ 12 കമ്പനികൾ ബെയ്‌റൂത്തിലേക്കുള്ള സർവീസ് റദ്ദാക്കി. ഖത്തർ എയർവേയ്‌സ്, എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ളൈദുബൈ അടക്കമുള്ള കമ്പനികളും സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.