< Back
World
ഗസ്സ വീണ്ടും പട്ടിണി ഭീതിയിൽ; രണ്ടാംഘട്ട വെടിനിർത്തൽ ചർച്ച അവതാളത്തിലായതോടെ  സഹായ ട്രക്കുകൾ തടഞ്ഞ് ഇസ്രായേൽ
World

ഗസ്സ വീണ്ടും പട്ടിണി ഭീതിയിൽ; രണ്ടാംഘട്ട വെടിനിർത്തൽ ചർച്ച അവതാളത്തിലായതോടെ സഹായ ട്രക്കുകൾ തടഞ്ഞ് ഇസ്രായേൽ

Web Desk
|
3 March 2025 8:19 PM IST

ഗസ്സയിലേക്കുള്ള വെള്ളവും വൈദ്യുതിയും വരെ തടയണമെന്ന്​ ഇസ്രാ​യേലിലെ തീവ്ര വലതുപക്ഷ മന്ത്രിമാർ ആവശ്യപ്പെടുന്നു

ഗസ്സസിറ്റി: ഗസ്സ വീണ്ടും കടുത്ത പട്ടിണിയുടെയും ക്ഷാമത്തിന്‍റെയും ഭീതിയിൽ. ഗസ്സയിലേക്കുള്ള എല്ലാ മാനുഷിക സഹായങ്ങളും തടയുകയാണ് ഇസ്രായേൽ. റമദാനില്‍ ഗസ്സയിലേക്കുള്ള സഹായം തടഞ്ഞ ഇസ്രായേലിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

പ്രതിദിനം ശരാശരി 500 ട്രക്കുകളാണ് ഗസ്സയിലെത്തിയിരുന്നത്. അതെല്ലാം റഫ അതിർത്തിയിൽ തടയുകയാണിപ്പോൾ ഇസ്രായേൽ. ഗസ്സയിലേക്കുള്ള വെള്ളവും വൈദ്യുതിയും വരെ തടയണമെന്ന്​ ഇസ്രാ​യേലിലെ തീവ്ര വലതുപക്ഷ മന്ത്രിമാർ ആവശ്യപ്പെടുന്നു. ഒന്നാംഘട്ട വെടിനിർത്തൽ സമയം അവസാനിച്ച ശേഷം രണ്ടാംഘട്ടത്തിലേക്ക് കടക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു തയ്യാറല്ല.

രണ്ടാംഘട്ടത്തിൽ ഇസ്രായേൽ സേന ഗസ്സയിൽ നിന്ന് സമ്പൂര്‍ണമായി പിന്മാറണം എന്നാണ് ധാരണ. അത് സാധ്യമല്ലെന്ന് ഇസ്രായേൽ വാദിക്കുന്നു. എന്നാൽ ബന്ദികളെയെല്ലാം വിട്ടുകിട്ടുകയും വേണം. ബന്ദികളെ വിട്ടുകിട്ടുന്നതുവരെ ആക്രമണം അവസാനിപ്പിക്കുക എന്ന തന്ത്രമാണ് യുഎസും ഇസ്രായേലും മുന്നോട്ടുവെച്ചത്. ഇതു സമ്മതമല്ലെന്ന് ഹമാസ് നിലപാടെടുത്തു. അങ്ങനയെങ്കിൽ ഗസ്സയിലേക്ക് ഒരു സഹായവും കടത്തിവിടില്ലെന്ന നിലപാടിലാണ് ഇസ്രായേൽ.

റമദാൻ മാസത്തിൽ മാനുഷിക സഹായം തടയുന്ന ഇസ്രായേലിനെതിര അറബ് രാജ്യങ്ങൾ രംഗത്തെത്തി. സഹായം വിലക്കിയ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന്​ യുഎന്നും കുറ്റപ്പെടുത്തി. നടപടിക്ക് യുഎസ് പിന്തുണയുണ്ടെന്നാണ് ഇസ്രായേൽ വാദം. യുഎസ്​ പശ്​ചിമേഷ്യൻ പ്രതിനിധി സ്റ്റിവ്​ വിറ്റ്​കോഫ്​ വ്യാഴാഴ്ച ഇസ്രായേലിലെത്തും.

Similar Posts