World
Israel bombards Gaza after ceasefire ends
World

വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ഗസ്സയില്‍ ബോംബാക്രമണം തുടര്‍ന്ന് ഇസ്രായേല്‍

Web Desk
|
1 Dec 2023 11:23 AM IST

വടക്കൻ ഗസ്സയിൽ ഇസ്രായേൽ സേനയും അൽഖസ്സാം ബ്രിഗേഡും തമ്മിൽ കനത്ത ഏറ്റുമുട്ടലെന്ന് റിപ്പോർട്ട്

ഗസ്സ സിറ്റി: ഗസ്സയിൽ വെടിനിർത്തൽ അവസാനിച്ചു. ഏഴ് ദിവസം നീണ്ട വെടിനിർത്തലാണ് അവസാനിച്ചത്. ഇതിനുപിന്നാലെ വടക്കൻ ഗസ്സയിൽ ഇസ്രായേൽ സേനയും അൽഖസ്സാം ബ്രിഗേഡും തമ്മിൽ കനത്ത ഏറ്റുമുട്ടലെന്ന് റിപ്പോർട്ട്. ഹമാസിന്റേതടക്കമുള്ള വാർത്താ ഏജൻസികാളാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടത്. 48 ദിവസങ്ങൾ നീണ്ട ആക്രമണങ്ങൾക്കുപിന്നാലെയാണ് ഏഴ് ദിവസത്തെ വെടിനിർത്തലുണ്ടായത്.

ഹമാസിനെ തുരത്താനുള്ള യുദ്ധത്തിന് തങ്ങൾ എതിരല്ലെന്ന് ഇസ്രായേലിനെ അറിയിച്ച യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൺ, സിവിലിയൻ സുരക്ഷ ഉറപ്പാക്കാൻ കരുതൽ വേണമെന്ന് വ്യക്തമാക്കി. ഗസ്സയിൽ ആക്രമണം പുനരാരംഭിച്ചാൽ ചെങ്കടലിൽ ഇസ്രായേൽ കപ്പലുകൾക്കെതിരായ നീക്കം തുടരുമെന്ന് യെമനിലെ ഹൂത്തികൾ മുന്നറിയിപ്പ് നൽകിയിരുന്നു.

കൂടുതൽ ബന്ദികളെയും തടവുകാരെയും കൈമാറി നിലവിലെ താൽക്കാലിക വെടിനിർത്തൽ ഏതാനും ദിവസങ്ങൾ കൂടി നീട്ടുക. അതിനുള്ള കൂടിയാലോചനകൾ പുരോഗമിക്കുന്നതായി മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും നേരത്തേ അറിയിച്ചിരുന്നു. അമേരിക്കൻ, ഇസ്രായേൽ നേതൃത്വവുമായി ഇന്നലെയും പലവട്ടം ചർച്ച നടന്നു. ബന്ദികളുടെ കൈമാറ്റം നേരത്തെയുള്ള വ്യവസ്ഥ പ്രകാരം തുടരുകയാണെങ്കിൽ വെടിനിർത്തൽ നീട്ടുന്നതിന് തങ്ങളും അനുകൂലമാണെന്ന് ഇസ്രായേൽ അറിയിച്ചിരുന്നു. എന്നാൽ വെടിനിർത്തൽ വ്യവസ്ഥകൾ അടിക്കടി ലംഘിക്കുന്നത് ഇസ്രായേലാണെന്ന് ഹമാസ് കുറ്റപ്പെടുത്തി.

ഇന്നലെയും ബന്ദികളുടെ കൈമാാറ്റം നടന്നു. പതിവിൽ നിന്ന് വ്യത്യസ്തമായി ബന്ദികളെ പല സ്ഥലങ്ങളിലായാണ് ഇന്നലെ രാത്രി കൈമാറിയത്. അതിനിടെ, ഗസ്സയിൽവേണ്ടത് സമ്പൂർണ വെടിനിർത്തലാണെന്നും കൂടുതൽ സഹായമെത്തിക്കേണ്ടത് അനിവാര്യമാണെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറസ്. യു.എൻ രക്ഷാസമിതിയോഗത്തിൽ സംസാരിക്കുകയായിരുന്നു ഗുട്ടറസ്.

Similar Posts