< Back
World
ദോഹക്ക് പിന്നാലെ യെമനിലും ബോംബിട്ട്  ഇസ്രായേൽ: ഒമ്പത് മരണം, 100 ലേറെ പേർക്ക് പരിക്ക്‌
World

ദോഹക്ക് പിന്നാലെ യെമനിലും ബോംബിട്ട് ഇസ്രായേൽ: ഒമ്പത് മരണം, 100 ലേറെ പേർക്ക് പരിക്ക്‌

Web Desk
|
10 Sept 2025 10:12 PM IST

രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും പരിക്കേറ്റവരുടെ എണ്ണം ഉയര്‍ന്നേക്കാമെന്നുമാണ് ആരോഗ്യ മന്ത്രാലയം

സന്‍ആ: ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് പിന്നാലെ യെമൻ തലസ്ഥാനമായ സന്‍ആയിലും ബോംബിട്ട് ഇസ്രായേല്‍. ഒമ്പത് പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം നടന്നെന്ന് ഇസ്രായേലും യെമനും സ്ഥിരീകരിച്ചു.

സന്‍ആക്ക് പുറമെ അൽ ജാവ്ഫ് ഗവർണറേറ്റിലും ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഇസ്രായേൽ ആക്രമണത്തിൽ 118 പേർക്ക് പരിക്കേറ്റതായി യെമൻ ആരോഗ്യ മന്ത്രാലയം തന്നെ വ്യക്തമാക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും പരിക്കേറ്റവരുടെ എണ്ണം ഉയര്‍ന്നേക്കാമെന്നുമാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്.

സന്‍ആയിലെ അൽ-തഹ്‌രിർ പരിസരത്തെ വീടുകൾ, നഗരത്തിന്റെ തെക്കുപടിഞ്ഞാറുള്ള 60-ാം സ്ട്രീറ്റിലെ ഒരു ആശുപത്രി കെട്ടിടം, അൽ ജാവ്ഫിലെ ഒരു സർക്കാർ കോമ്പൗണ്ട് എന്നിവയുൾപ്പെടെയുള്ള സിവിലിയൻ, റെസിഡൻഷ്യൽ മേഖലകളിലാണ് ആക്രമണങ്ങള്‍ നടന്നതെന്നും മന്ത്രാലയം അറിയിച്ചു. സന്‍ആയിലെ അൽ-സിത്തീന്‍ സ്ട്രീറ്റിലെ ഒരു മെഡിക്കൽ സെന്ററിനെ ഇസ്രായേൽ ജെറ്റുകൾ ലക്ഷ്യമിട്ടതായി യെമൻ ഓയിൽ ആൻഡ് ഗ്യാസ് കോർപ്പറേഷനും അറിയിച്ചു.

അതേസമയം ഇസ്രായേൽ കടന്നുകയറ്റത്തിനെതിരെ എയര്‍ഡിഫന്‍സ് സിസ്റ്റം പ്രവര്‍ത്തിച്ചെന്നും ചില ഇസ്രായേല്‍ യുദ്ധവിമാനങ്ങളെ ചെറുക്കാനായെന്നും ഹൂത്തി സൈനിക വക്താവ് യഹ്‌യ സാരി പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് ദോഹയ്ക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണം. ഗസ്സ വെടിനിർത്തൽ ചർച്ചയ്‌ക്കെത്തിയ ഹമാസ് സംഘത്തെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥനുൾപ്പെടെ ആറ് പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Similar Posts