< Back
World
Ismail Haniyeh
World

'ഇസ്മാഈൽ ഹനിയ്യയെ കൊലപ്പെടുത്തിയത് ഞങ്ങൾ തന്നെ': സ്ഥിരീകരിച്ച് ഇസ്രായേൽ പ്രതിരോധ മന്ത്രി

Web Desk
|
24 Dec 2024 10:19 AM IST

ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെട്ടിട്ട് അഞ്ച് മാസം പിന്നിടുമ്പോഴാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രയേൽ രംഗത്ത് എത്തുന്നത്

തെല്‍അവീവ്: ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യയെ കൊലപ്പെടുത്തിത് ഇസ്രായേലാണെന്ന് സ്ഥിരീകരിച്ച് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ്. ഇതാദ്യമായാണ് കൊലപാതകത്തിന് പിന്നില്‍ തങ്ങളാണെന്ന് ഇസ്രായേല്‍ വ്യക്തമാക്കുന്നത്.

ഹനിയ്യ കൊല്ലപ്പെട്ടതിന് പിന്നില്‍ ഇസ്രായേലാണെന്ന് ഹമാസും ഇറാനും ആരോപിച്ചിരുന്നെങ്കിലും സ്ഥിരീകരിക്കാന്‍ ഇസ്രായേല്‍ തയ്യാറായിരുന്നില്ല. ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെട്ടിട്ട് അഞ്ച് മാസം പിന്നിടുമ്പോഴാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രായേൽ രംഗത്ത് എത്തുന്നത്.

ഇസ്രായേലിനു നേരെ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിടുന്ന യെമനിലെ ഹൂതി തലവന്മാരെ വകവരുത്തുമെന്ന് പ്രഖ്യാപിച്ച ഒരു പ്രസംഗത്തിലാണ് ഇസ്രയേൽ കാറ്റ്സ്, ഹനിയ്യയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഹൂതികളുടെ നേതൃനിരയ്ക്കെതിരെയും സമാനമായ നടപടി സ്വീകരിക്കുമെന്നും കട്‌സ് മുന്നറിയിപ്പ് നല്‍കി

ഇറാൻ തലസ്ഥാനമായ തെഹ്റാനില്‍ വെച്ചായിരുന്നു ഹനിയ്യ കൊല്ലപ്പെട്ടത്. ഇറാൻ പ്രസിഡന്റായി മസൂദ് പെസഷ്കിയാൻ ചുമതലയേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഇറാനിലെ തെഹ്റാനിൽ എത്തിയ ഹനിയ്യ താമസിച്ച വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ജൂലൈ 31ന് നടന്ന സ്ഫോടനത്തിൽ ഹനിയ്യയെ കൂടാതെ അദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിരുന്നു. 2017 മുതൽ ഹമാസിന്റെ തലവനായിരുന്നു ഇസ്മാഈൽ ഹനിയ്യ. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ചുമതലയേൽക്കുന്നതിന്റെ ഭാഗമായാണ് ഹനിയ്യ തെഹ്റാനിലെത്തിയത്.

അതേസമയം ഹമാസിന്റെയും ലബനന്‍ സായുധ സംഘമായ ഹിസ്ബുല്ലയുടെയും നേതാക്കളെ വധിച്ചതും സിറിയയിലെ ബഷാർ അൽ അസദ് ഭരണകൂടത്തെ താഴെയിറക്കാൻ സഹായിച്ചതും ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം തകർത്തതും ഇസ്രയേലാണെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.

Similar Posts