
'ഇറാനെ ഇനിയും ആക്രമിക്കും, ഖാംനഇയെ വധിക്കും'- വീണ്ടും ഇസ്രായേലിന്റെ ഭീഷണി
|12 നാൾ യുദ്ധത്തിൽ വിജയിച്ചുവെന്ന് ഇസ്രായേൽ അവകാശപ്പെടുന്നുണ്ടെങ്കിലും ഇറാനെ വീണ്ടും ആക്രമിക്കാനുള്ള അവസരം അവർ തേടുന്നുണ്ട് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്. അതിനായി അമേരിക്കയുടെ സമ്മതം തേടുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു
സയണിസ്റ്റ് ഭരണകൂടം ഇറാനിൽ വീണ്ടും ആക്രമണത്തിന് ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇസ്രായേലി പ്രതിരോധ മന്ത്രി. ഇറാനെ ആക്രമിക്കുകയും പരമോന്നത നേതാവ് ആയത്തൊള്ള അലി ഖംനഈയെ വധിക്കുകയും ചെയ്യുമെന്നുമാണ് ഇസ്രായേലി കാറ്റ്സിന്റെ ഭീഷണി. വിശദാംശങ്ങൾ പരിശോധിക്കാം ഇൻഡെപ്തിലേക്ക് സ്വാഗതം.
12 നാൾ യുദ്ധത്തിൽ വിജയിച്ചുവെന്ന് ഇസ്രായേൽ അവകാശപ്പെടുന്നുണ്ടെങ്കിലും ഇറാനെ വീണ്ടും ആക്രമിക്കാനുള്ള അവസരം അവർ തേടുന്നുണ്ട് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്. അതിനായി അമേരിക്കയുടെ സമ്മതം തേടുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് ഇസ്രായേലി പ്രതിരോധ മന്ത്രിയുടെ ഭീഷണികൂടി പുറത്തുവരുന്നത്.
ഇസ്രയേലിനെ ഭീഷണിപ്പെടുത്തുന്നത് തുടരുകയാണെങ്കിൽ ഖാംനഈയെയും ഇറാനെയും ശക്തമായി ആക്രമിക്കും എന്നായിരുന്നു ഞായറാഴ്ച അദ്ദേഹം പറഞ്ഞത്. നേരത്തെയും ഇസ്രായേലി കാറ്റ്സ് ഇത്തരം ഭീഷണി മുഴക്കിയിരുന്നു. 12 നാൾ യുദ്ധത്തിനിടെ, ഖാംനഈയെ വധിക്കാൻ ആലോചന ഉണ്ടായിരുന്നു എന്ന് വെടിനിർത്തലിന് പിന്നാലെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അമേരിക്കയുടെ സമ്മതം ഇല്ലാത്തതുകൊണ്ടല്ല, അതിനുള്ള അവസരം ലഭിക്കാത്തതായിരുന്നു പദ്ധതി ഉപേക്ഷിക്കാൻ കാരണം എന്നും അന്നദ്ദേഹം അവകാശപ്പെട്ടിരുന്നു.
ഇസ്രയേലും അമേരിക്കയും അവകാശപ്പെടുന്ന' ഇറാൻ ഉയർത്തുന്ന ആണവഭീഷണി' ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നാണ്, ഏകപക്ഷീയ ആക്രമണത്തിന് ന്യായമായി ബെഞ്ചമിൻ നെതന്യാഹു ആദ്യം പറഞ്ഞത്. പിന്നീട് ഇറാനിൽ ഭരണമാറ്റം കൊണ്ടുവരുമെന്നും മാറ്റിപ്പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ ഖാംനഈയെ വധിക്കാൻ പദ്ധതിയിട്ടുവെന്നും അതിന് അമേരിക്ക സമ്മതം നൽകിയില്ല എന്നുമൊക്കെയുള്ള വാർത്തകളും പ്രചരിച്ചിരുന്നു.
അതിന്റെയെല്ലാം തുടർച്ചയിലാണ് ഇസ്രായേലി കാറ്റ്സ് ആ റിപ്പോർട്ടുകളെ തള്ളുകയും വധിക്കാൻ പദ്ധതിയുണ്ടായിരുന്നു എന്ന കാര്യത്തെ സ്ഥിരീകരിക്കുകയും ചെയ്തത്. ഇപ്പോഴിതാ അതെ ഭീഷണിയുമായി വീണ്ടും ഇസ്രായേലി കാറ്റ്സ് രംഗത്തെത്തുന്നു. അടുത്തിടെ, ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ നൽകിയ അഭിമുഖത്തിൽ, ഇസ്രയേലിന്റെ ആക്രമണം ഉണ്ടായേക്കുമെന്ന തോന്നൽ ഇറാനിയൻ ഭരണകൂടത്തിന് ഉണ്ടെന്ന് പറഞ്ഞിരുന്നു.
ഇറാന്റെ ഏത് ആക്രമണത്തെയും നേരിടാൻ തങ്ങൾ തയാറാണെന്നും പെസഷ്ക്കിയാൻ വ്യക്തമാക്കിയിരുന്നു. സമാധാനാവശ്യങ്ങൾക്ക് വേണ്ടിയുള്ള ഇറാന്റെ ആണവപദ്ധതികൾ ഉപേക്ഷിക്കാൻ ഒരിക്കലും തയാറാകില്ലെന്ന നിലപാടും അഭിമുഖത്തിൽ അദ്ദേഹം ആവർത്തിച്ചു.
ഇസ്രായേൽ വീണ്ടുമൊരു ആക്രമണം നടത്തുകയും തുടർന്നൊരു യുദ്ധത്തിലേക്ക് ഇറാൻ നീങ്ങാൻ സാധ്യത ഉണ്ടെന്നും ഇറാൻ ജനത വിശ്വസിക്കുണ്ടെന്ന് വിവിധ റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. അതിന്റെ തുടർച്ചയിലാണ് പെസഷ്കിയാന്റെയും ഇസ്രായേലി കാറ്റ്സിന്റെയുമെല്ലാം പ്രതികരണങ്ങൾ എന്നതും ശ്രദ്ധേയമാണ്.
ഇസ്രായേലിന്റെ ആക്രമണത്തിൽ തകർന്ന പ്രതിരോധ സംവിധാനങ്ങളെല്ലാം അടുത്തിടെ ഇറാൻ പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. നിലവിൽ ആണവ പദ്ധതി സംബന്ധിച്ചു യൂറോപ്യൻ രാജ്യങ്ങളായ യുകെ, ജർമ്മനി, ഫ്രാൻസ് എന്നിവരുമായി ഇറാൻ ചർച്ച നടത്തിവരികയാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച തുർക്കിയിൽ വച്ചായിരുന്നു ചർച്ച ആരംഭിച്ചത്. എന്നാൽ അതിൽ വലിയ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.
ചർച്ചയിൽ പുരോഗതിയില്ലെങ്കിൽ ഓഗസ്റ്റ് അവസാനത്തോടുകൂടി, യു എൻ നേരത്തെ ചുമത്തിയിരുന്ന ഉപരോധങ്ങളെല്ലാം ഇറാനുമേൽ വീണ്ടും ഏർപ്പെടുത്തിയേക്കാനാണ് സാധ്യത. യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും തമ്മിൽ അത്തരമൊരു ധാരണയിലേക്ക് എത്തിയതായും സൂചനകളുണ്ട്. അതേസമയം, ആണവപദ്ധതിയിൽ വിട്ടുവീഴ്ചകൾക്ക് തയാറാകുമെങ്കിലും പൂർണമായി അവസാനിപ്പിക്കാൻ ഇറാൻ സമ്മതിക്കുമോ എന്നകാര്യത്തിൽ ഉറപ്പില്ല. ഇറാന്റെ ആണവശേഷി തങ്ങളുടെ രാജ്യത്തിൻറെ അഭിമാനചിഹ്നമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാച്ചി അടുത്തിടെ പറഞ്ഞതെല്ലാം നൽകുന്ന സൂചനയും അതുതന്നെയാണ്.