
representative image
ഗസ്സയിൽ ആക്രമണം വ്യാപിപ്പിക്കാൻ ഇസ്രായേൽ; ആയിരക്കണക്കിന് റിസർവ് സൈനിരെ റിക്രൂട്ട് ചെയ്യാൻ നീക്കം
|വംശഹത്യക്ക് ഉടൻ അറുതി വരുത്തണമെന്ന് ആംനസ്റ്റി ഇന്‍റർനാഷണൽ
ഗസ്സസിറ്റി: വെടിനിർത്തൽ ചർച്ചകൾക്ക് തിരിച്ചടിയായി ഗസ്സയിൽ ആക്രമണം വിപുലപ്പെടുത്താൻ പദ്ധതിയുമായി ഇസ്രായേൽ സർക്കാറും സൈന്യവും. പുതുതായി ആയിരക്കണക്കിന് റിസർവ് സൈനിരെ റിക്രൂട്ട് ചെയ്യാൻ പദ്ധതി. ആക്രമണവും ഉപരോധവും മൂലം പൊറുതിമുട്ടിയ ഗസ്സയിൽ വെടിനിർത്തൽ യാഥാർഥ്യമാക്കാനുള്ള പുതിയ നീക്കവും ഇസ്രായേൽ തള്ളുകയാണ്.
ഗസ്സയിൽ കൂടുതൽ വ്യാപ്തിയിലേക്ക് ആക്രമണം കൊണ്ടുപോകാനുള്ള സൈനിക മേധാവിയുടെ പദ്ധതിക്ക് ഇസ്രായേൽ സർക്കാർ പൂർണ പിന്തുണ പ്രഖ്യാപിച്ചു. നാളെ ചേരുന്ന ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ യോഗം ആക്രമണം വിപുലീകരിക്കുന്നതിന് അനുമതി കൈക്കൊള്ളും. ഇതിന്‍റെ ഭാഗമായി ആയിരക്കണക്കിന് റിസർവ് സൈനികരെ റിക്രൂട്ട് ചെയ്യും.
എന്നാൽ ഗസ്സ യുദ്ധത്തിനെതിരെ റിസർവ് സൈനികർക്കിടയിൽ രൂപപ്പെട്ട എതിർപ്പും നിർബന്ധിത സൈനിക സേവനത്തിനെതിരെ മത യാഥാസ്ഥിതിക വിഭാഗം രംഗത്തുവന്നതും ഇസ്രായേലിന് തിരിച്ചടിയാണ്. ഗസ്സയിലെ സ്ഥിതി കൂടുതൽ ദയനീയമായി മാറിയിരിക്കെ, എത്രയും പെട്ടെന്ന് സഹായം ഉറപ്പാക്കാൻ നടപടി വേണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.
ഗസ്സയിൽ ആസൂത്രിത വംശഹത്യയാണ് ഇസ്രായേൽ നടത്തുന്നതെന്ന് ആംനസ്റ്റി ഇന്‍റർനാഷനൽ പറഞ്ഞു. പട്ടിണിയും പോഷകാഹാര കുറവും മൂലം ആയിരങ്ങൾ മരണമുഖത്താണെന്ന് ലോകഭക്ഷ്യ പദ്ധതിയും ചൂണ്ടിക്കാട്ടി. അതിനിടെ, 5 വർഷം നീണ്ടുനിൽക്കുന്ന വെടിനിർത്തൽ കരാർ നിർദേശം അംഗീകരിച്ചതായും ഇസ്രായേലാണ് ഇനി തീരുമാനിക്കേണ്ടതെന്നും ഹമാസ് അറിയിച്ചു. ഗസ്സയിലെ ഇസ്രായേൽ ക്രൂരതകളെ കുറിച്ച് അഞ്ചു ദിവസമായി നടന്ന പൊതുവാദംകേൾക്കൽ ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ പൂർത്തിയായി. ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കാൻ ശ്രമിച്ച ഫ്രീഡം ഫ്ളോട്ടില കപ്പലിനു നേരെ നടന്ന ഇസ്രായേൽ ആക്രമണത്തിൽ കൂടുതൽ രാജ്യങ്ങളും കൂട്ടായ്മകളും പ്രതിഷേധിച്ചു.