< Back
World
ഗസ്സയിൽ കരയുദ്ധത്തിന് ഇസ്രായേൽ ടാങ്കുകൾ സജ്ജം; 900 സൈനികരെ പശ്ചിമേഷ്യയിലേക്ക് നിയോഗിച്ചതായി പെന്റഗൺ
World

ഗസ്സയിൽ കരയുദ്ധത്തിന് ഇസ്രായേൽ ടാങ്കുകൾ സജ്ജം; 900 സൈനികരെ പശ്ചിമേഷ്യയിലേക്ക് നിയോഗിച്ചതായി പെന്റഗൺ

Web Desk
|
27 Oct 2023 6:17 AM IST

പണം നൽകി ബന്ദികളെ മോചിപ്പിക്കാൻ സന്നദ്ധമാണെന്നും ബന്ദികളുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞു.

ഗസ്സ സിറ്റി: പോരാട്ടം കനക്കുന്ന ഗസ്സയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാവുന്നു. കരയുദ്ധത്തിന് ഇസ്രായേൽ ടാങ്കുകൾ സജ്ജമാണ്. 900 സൈനികരെ പശ്ചിമേഷ്യയിലേക്ക് നിയോഗിച്ചതായി പെന്റഗൺ അറിയിച്ചു. കരയുദ്ധത്തിനെന്ന് സൂചന നൽകുന്ന വിധം ഇസ്രായേൽ ടാങ്കുകൾ ഗസ്സയിലേക്ക് നീങ്ങുന്ന ദൃശ്യങ്ങൾ ഇസ്രായേൽ സേന പുറത്തുവിട്ടു. അമേരിക്കയുടെ പൂർണ പിന്തുണയോടെയാണ് കരയുദ്ധത്തിനുള്ള ഒരുക്കം. രണ്ട് വ്യോമ പ്രതിരോധ സംവിധാനങ്ങളും പശ്ചിമേഷ്യയിലെത്തിക്കും.

പണം നൽകി ബന്ദികളെ മോചിപ്പിക്കാൻ സന്നദ്ധമാണെന്ന് ഇസ്രായേൽ ഇടനിലക്കാരെ അറിയിച്ചുവെന്ന് ഇസ്രായേൽ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ റിപ്പോർട്ട് ചെയ്തു. 222 ബന്ദികളാണ് ഹമാസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരെ തിരിച്ചെത്തിക്കാൻ കഴിയാത്തതിൽ ഇസ്രായേലിൽ തന്നെ പ്രതിഷേധം പുകയുന്നുണ്ട്. ബന്ദികളുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞു.

റഷ്യയും ഹമാസ് നേതാക്കളും മോസ്കോയിൽ കൂടിക്കാഴ്ച നടത്തിയത് ഇസ്രായേലിനെ പ്രകോപിപ്പിച്ചു. ബന്ദികളായി കഴിയുന്ന റഷ്യക്കാരുടെ മോചനത്തിനായാണ് ചർച്ച എന്നാണ് അധികൃതരുടെ വിശദീകരണം. സംഘർഷം മൂർഛിക്കുമ്പോൾ ഗസ്സക്കാർക്ക് സഹായവുമായി 12 വാഹനങ്ങൾ റഫ അതിർത്തി കടന്നെത്തി എന്നതാണ് ആശ്വാസം നൽകുന്ന വാർത്ത.

അതിനിടെ, ഗസ്സയിലെ മരണസംഖ്യയിൽ സംശയം പ്രകടിപ്പിച്ച യു.എസ് പ്രസിഡന്റ് ജോ ബൈഡനുള്ള മറുപടിയെന്നോണം ഗസ്സ ആരോഗ്യമന്ത്രാലയം കൊല്ലപ്പെട്ടവരുടെ മുഴുവൻ പേര് വിവരങ്ങൾ പ്രസിദ്ധീകരിച്ചു. 212 പേജുള്ള റിപ്പോർട്ടിൽ സംഘർഷം തുടങ്ങി ഇന്നലെ വരെ മരിച്ച 6,747 പേരുടെ വിവരങ്ങളുണ്ട്. പേരും വയസും ഐഡി നമ്പറുമടക്കമാണ് പ്രസിദ്ധീകരിച്ചത്. ഇനിയും തിരിച്ചറിയാത്ത 248 കുട്ടികൾ ഉൾപ്പെടെ 281 പേരുടെ പട്ടിക വേറയുമുണ്ട്. മൊത്തം മരണസംഖ്യ 7,028 ഇതിൽ കുട്ടികൾ 2913.


Related Tags :
Similar Posts