< Back
World
gaza attack
World

ഗസ്സയിൽ ആക്രമണം തുടരുന്നു; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍

Web Desk
|
19 Dec 2023 1:07 PM IST

വടക്കൻ ഗസ്സയിലെ ജബാലിയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 110 പേരാണ് കൊല്ലപ്പെട്ടത്

തെല്‍ അവിവ്: ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നു. അൽ അഹ്ലി ,നാസർ ആശുപത്രി ഉൾപ്പെടെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം. ഹമാസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു.

വടക്കൻ ഗസ്സയിലെ ജബാലിയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 110 പേരാണ് കൊല്ലപ്പെട്ടത്. അൽ അഹ്ലി ആശുപത്രിയിൽ ഇസ്രായേൽ റെയ്ഡ് തുടരുകയാണ്. ആയിരത്തിലധികം രോഗികളുള്ള നാസർ ആശുപത്രിയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ലോകാരോഗ്യ സംഘടന അപലപിച്ചു. തെക്കൻ ഗസ്സയിലെ റഫയിൽ താമസ സമുച്ചയങ്ങൾ ലക്ഷ്യമിട്ടും ഇസ്രായേൽ ആക്രമണം ഉണ്ടായി. വെസ്റ്റ് ബാങ്കിലെ നബ്ലൂസിൽ കെട്ടിടങ്ങൾ തകർത്ത ഇസ്രായേൽ സേന നിരവധി ഫലസ്തീനികളെ അറസ്റ്റ് ചെയ്തു.

വടക്കൻ ഗസ്സയിലും തെക്കൻ ഗസ്സയിലുമായി ഹമാസുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഓഫീസർ ഉൾപ്പെടെ രണ്ട് ഇസ്രായേൽ സൈനികർ കൂടി കൊല്ലപ്പെട്ടു. ഇസ്രായേൽ നഗരമായ കിര്യത് ഷ്മോനയിൽ ഹിസ്ബുല്ല മിസൈലാക്രമണം നടത്തി. ഇസ്രായേലിൽ എത്തിയ യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഇസ്രായേലിനുള്ള അമേരിക്കയുടെ പിന്തുണ ആവർത്തിച്ചു.

ഹൂത്തി ആക്രമണം ശക്തമായ ചെങ്കടലിൽ സുരക്ഷിത ചരക്കുകടത്തിന് സംയുക്ത സേനയും ലോയിഡ് പ്രഖ്യാപിച്ചു. അമേരിക്കയ്ക്ക് പുറമെ ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി,സ്പെയിൻ തുടങ്ങിയ രാജ്യങ്ങളും ഗൾഫ് മേഖലയിൽ നിന്ന് ബഹ്റൈനും സേനയുടെ ഭാഗമാകും. അതേസമയം ഇസ്രായേൽ ബന്ധമുള്ള രണ്ട് കപ്പലുകൾ കൂടി ആക്രമിച്ചതായി യെമൻ അറിയിച്ചു.

Related Tags :
Similar Posts