World
ഗസ്സ പിടിക്കാൻ വ്യോമ, കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; പതിനായിരങ്ങളുടെ ജീവൻ അപകടത്തിൽ
World

ഗസ്സ പിടിക്കാൻ വ്യോമ, കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; പതിനായിരങ്ങളുടെ ജീവൻ അപകടത്തിൽ

Web Desk
|
18 Sept 2025 7:46 AM IST

വടക്കൻ ഗസ്സയിലേക്കുള്ള ഏക ക്രോസിങും ഇസ്രായേൽ അടച്ച​തോടെ ആയിരങ്ങൾ പട്ടിണിയുടെ പിടിയിലമരുമെന്ന്​ യുഎൻ ഏജൻസികൾ

ഗസ്സസിറ്റി: ഗസ്സ സിറ്റിയിൽ വ്യോമ, കരയാക്രമണം കൂടുതൽ ശക്തമാക്കി ഇസ്രായേൽ. ഇന്നലെ മാത്രം 83പേരെയാണ് ഇസ്രായേൽ കൊന്നുതള്ളിയത്​. കരയാക്രമണം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചതോടെ ലക്ഷക്കണക്കിന്​ ഫലസ്തീൻകാർ കൂട്ടപലായനം തുടരുകയാണ്​. ഇന്നലെ കൊല്ലപ്പെട്ട 83 പേരില്‍​ 61ആളുകള്‍ ഗസ്സ സിറ്റിയിലുള്ളവരാണ്.

ഗസ്സ യുദ്ധം രണ്ട് വർഷം തികയാനിരിക്കെ, ഇസ്രായേൽ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികളടെ എണ്ണം 65,000 കടന്നു. ഗസ്സ സിറ്റിയിൽ നിന്നും പുറത്തുകടക്കാൻ സലാഹ്-അൽ ദിൻ തെരുവിലൂടെയുളള പുതിയൊരു റൂട്ട്​ ഇസ്രായേൽ തുറന്ന് നൽകി. ഇന്ന്​ കൂടി ഇതുവഴി യാത്ര അനുവദിക്കുമെന്ന്​ ഇസ്രായേൽ ഭരണകൂടം അറിയിച്ചു. കാൽനടയായും വാഹനങ്ങളിലും നീണ്ട നിരയായി ആയിരക്കണക്കിന് ഫലസ്തീനികളാണ്​ നഗരം വിട്ട് പലായനം ചെയ്യുന്നത്​.

വടക്കൻ ഗസ്സയിലേക്കുള്ള ഏക ക്രോസിങും ഇസ്രായേൽ അടച്ച​തോടെ ആയിരങ്ങൾ പട്ടിണിയുടെ പിടിയിലമരുമെന്ന്​ യുഎൻ ഏജൻസികൾ അറിയിച്ചു. ഇതിനിടെ ഇസ്രായേലിനുള്ള വ്യാപാര ഇളവുകൾ പുന:പരിശാധിക്കമെന്ന്​ യൂറോപ്യൻ യൂനിയൻ മുന്നറിയിപ്പ്​ നൽകി. ഗസ്സയിലെ സിവിലിയൻ കുരുതി ഉടൻ നിർത്തണമെന്ന്​ ചൈന ആവശ്യപ്പെട്ടു. യൂറോപ്യൻ നഗരങ്ങളിലും മറ്റും വ്യാപക പ്രക്ഷോഭ പരിപാടികൾ തുടരുകയാണ്​.

അതേസമയം ബന്ദികളുടെ മോചനത്തിന്​ വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട്​ ഇസ്രായേലിൽ ആയിരക്കണക്കിന്​ വിദ്യാർഥികളും തെരുവിലിറങ്ങി. വെടിനിർത്തൽ ചർച്ച പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട്​ ലണ്ടനിൽ അമേരിക്കൻ ദൂതൻ സ്റ്റിവ്​ വിറ്റ്​കോഫും​ ഇസ്രായേൽ മന്ത്രി റോൺ ഡെർമറും ചർച്ച നടത്തിയതായി യുഎസ്​ മാധ്യമങ്ങൾ റിപ്പോർട്ട് ​ചെയ്തു.

Related Tags :
Similar Posts