< Back
World
Israel Intensifies Military Maneuvers Toward Lebanon
World

സ്ഥിതി ഗുരുതരം..; ലെബനാനിലും ഇസ്രായേൽ നീക്കം പാളുന്നു

Web Desk
|
27 March 2026 9:04 PM IST

ലെബനാനിന്റെ 15%-ത്തോളം ഭൂപ്രദേശം ബഫർ സോണാക്കി പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രായേൽ

ലെബനാൻ: ഇറാൻ യുദ്ധത്തിന് പിന്നാലെ ലെബനാനിലും തുടങ്ങി വെച്ച യുദ്ധം ഇസ്രായേലിന് വെല്ലുവിളിയാകുന്നു. യുദ്ധം ലക്ഷ്യം കാണാത്ത സാഹചര്യത്തിൽ ചർച്ചയിലേക്ക് പോകണമെന്ന് ഇസ്രായേലിലെ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ ആക്രമണത്തോടെ പത്ത് ലക്ഷം പേരാണ് വീടുവിട്ട് ലെബനാനിൽ പലായനം ചെയ്തത്. ഇതിനിടെ പൗരന്മാരെ തിരിച്ചു കൊണ്ടു വാരൻ സൗദി പ്രത്യേക ഫ്ലൈറ്റുകളും ആരംഭിച്ചു. ഇറാനിലെ ഇസ്രായേൽ-യുഎസ് സഖ്യ ആക്രമണത്തോടെ ലെബനാനിലെ ഹിസ്ബുല്ല തിരിച്ചടിക്കാൻ രംഗത്തെത്തിയിരുന്നു. ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ല സായുധ വിഭാഗം ഇറാൻ സൈനിക മാതൃകയിലാണ് ഇപ്പോഴും ഇസ്രായേലിലേക്ക് ആക്രമണം നടത്തുന്നത്. ഇതോടെ ഹിസ്ബുല്ലക്കെതിരെ തുടങ്ങിയ ഇസ്രായേലിന്റെ ആക്രമണം സിവിലിയൻ കേന്ദ്രങ്ങളിലെത്തി. ലെബനാനിന്റെ പതിനഞ്ച് ശതമാനത്തോളം വരുന്ന ഭൂപ്രദേശം ബഫർ സോണാക്കി പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രായേൽ.

ലെബനാനിലെ രാഷ്ട്രീയ സംഘടന കൂടിയായ ഹിസ്ബുല്ലക്കെതിരാണ് ഔദ്യോഗിക ഭരണകൂടം. ഹിസ്ബുല്ല ആയുധം വെച്ച് കീഴടങ്ങണമെന്ന ഭരണകൂട നിർദേശം ഹിസ്ബുല്ല തള്ളിയതാണ്. ഇസ്രായേലിനെതിരെ ചെറുത്തു നിൽക്കുന്ന ഹിസ്ബുല്ല ഈ യുദ്ധത്തിലും വലിയ തലവേദനയാണ് ഇസ്രായേലിന് സൃഷ്ടിക്കുന്നത്. ഇന്നലെ ഇസ്രായേൽ സൈനികനടക്കം രണ്ടു പേർ കൊല്ലപ്പെട്ടത് ഹിസ്ബുല്ലയുടെ ആക്രമണത്തിലായിരുന്നു. ലെബനാൻ ആരോഗ്യ മന്ത്രാലയ കണക്കനുസരിച്ച് ആയിരത്തിലേറെ പേർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിൽ 79 സ്ത്രീകളും 118 കുട്ടികളും 40 ആരോഗ്യ പ്രവർത്തരും ഉൾപ്പെടുന്നു. 2,500-ലധികം പേർക്ക് പരിക്കേറ്റു. അഞ്ഞൂറിലേറെ ഹിസ്ബുല്ല ഫൈറ്റർമാർ കൊല്ലപ്പെട്ടതായാണ് ഇസ്രായേലിന്റെ അവകാശ വാദം. പത്ത് ലക്ഷത്തോളം പേർ പലായനം ചെയ്തിട്ടുണ്ട്.

ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണങ്ങളിൽ വടക്കൻ ഇസ്രായേലിലും സെൻട്രൽ ഏരിയകളിലും നാശനഷ്ടമുണ്ടായി. നൂറുകണക്കിന് വീടുകൾ തകർന്നു. ചിലർ മരിക്കുകയും നൂറ് കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പതിനായിരത്തോളം ഇസ്രായേലികൾ വീടുവിട്ട് പോയതായും റിപ്പോട്ടുകളുണ്ട്. നേരിട്ടുള്ള ഏറ്റുമുട്ടലിനിടെ മൂന്ന് ഐഡിഎഫ് സൈനികർ കൊല്ലപ്പെട്ടു. നിലവിൽ ബഫർസോൺ പ്രഖ്യാപിച്ചിട്ടും നിരന്തരം ആക്രമണം ഇസ്രായേലിലേക്ക് തുടരുകയാണ്. കരയുദ്ധം ഫലം കാണില്ലെന്നും ഒരു മാസത്തോളമായി ജനം ബങ്കറിലിരിക്കേണ്ട സ്ഥിതിയുണ്ടായത് യുദ്ധത്തിലെ പാളിച്ചയാണെന്നും ഇസ്രായേൽ പ്രതിപക്ഷം പറയുന്നു. കരയുദ്ധം ഉപേക്ഷിച്ച് കരാറിലൂടെ ലെബനോനുമായി പരിഹാരം കാണണമെന്നതാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. യുദ്ധം പടർന്നതോടെ സൗദി പൗരന്മാരോട് ഉടൻ ലെബനാൻ വിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Similar Posts