World
ഗസ്സ വംശഹത്യയിൽ ഇസ്രായേൽ 50,000ത്തിലധികം കുട്ടികളെ കൊല്ലുകയോ പരിക്കേൽപ്പിക്കുകയോ ചെയ്തു: യുനിസെഫ്
World

ഗസ്സ വംശഹത്യയിൽ ഇസ്രായേൽ 50,000ത്തിലധികം കുട്ടികളെ കൊല്ലുകയോ പരിക്കേൽപ്പിക്കുകയോ ചെയ്തു: യുനിസെഫ്

Web Desk
|
4 Jun 2025 11:26 AM IST

മാർച്ച് 18ന് വെടിനിർത്തൽ അവസാനിച്ചതിനുശേഷം 1,309 കുട്ടികൾ കൊല്ലപ്പെടുകയും 3,738 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുനിസെഫ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു

വാഷിംഗ്‌ടൺ: ഗസ്സയിലെ കുട്ടികൾക്കെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് യുനിസെഫ്. മാർച്ച് 18ന് വെടിനിർത്തൽ അവസാനിച്ചതിനുശേഷം 1,309 കുട്ടികൾ കൊല്ലപ്പെടുകയും 3,738 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുനിസെഫ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 2023 ഒക്ടോബർ മുതൽ ഗസ്സയിൽ 50,000ത്തിലധികം കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച നടന്ന വ്യോമാക്രമണങ്ങളിൽ ഖാൻ യൂനിസിലെ അൽ-നജ്ജാർ കുടുംബത്തിലെ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടു. 12 വയസ്സിന് താഴെയുള്ള പത്ത് സഹോദരങ്ങളിൽ ഒരാൾ മാത്രമാണ് രക്ഷപെട്ടത്. മറ്റൊരു കൂട്ടക്കൊലയിൽ ഇസ്രായേലി ബോംബാക്രമണത്തെത്തുടർന്ന് ഗസ്സ നഗരത്തിലെ ഒരു സ്കൂൾ കത്തിനശിച്ചു. 18 കുട്ടികൾ ഉൾപ്പെടെ 31 പേർ കൊല്ലപ്പെട്ടു.

കൂട്ടത്തോടെയുള്ള കുട്ടികളുടെ കൊലപാതകങ്ങൾ, പട്ടിണി, കുടിയിറക്കൽ, ഗസ്സയിലെ അടിസ്ഥാന സൗകര്യങ്ങളായ സ്കൂളുകൾ, ആശുപത്രികൾ, ജലവിതരണ ശൃംഖലകൾ, വീടുകൾ എന്നിവയുടെ നാശം എന്നിങ്ങനെ നിരവധി ഗുരുതരമായ നിയമലംഘനങ്ങൾ യുനിസെഫ് റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.

'ഇനിയും എത്ര പെൺകുട്ടികളും ആൺകുട്ടികളും മരിക്കേണ്ടിവരും?' യൂനിസെഫ് ചോദിച്ചു. അടിയന്തര വെടിനിർത്തലിന് ഏജൻസി വീണ്ടും ആഹ്വാനം ചെയ്തു. 'അവർക്ക് ഭക്ഷണവും വെള്ളവും മരുന്നും ആവശ്യമാണ്. അവർക്ക് വെടിനിർത്തൽ ആവശ്യമാണ്. എല്ലാത്തിനുമപ്പുറം ഇത് എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ കൂട്ടായ നടപടി ആവശ്യമാണ്.' യുനിസെഫ് കൂട്ടിച്ചേർത്തു.

Similar Posts