< Back
World
യുഎൻ അഭ്യർഥന തള്ളിയ ഇസ്രായേൽ ഗസ്സയിൽ  ആക്രമണം ശക്തമാക്കി; 61 പേര്‍ കൂടി കൊല്ലപ്പെട്ടു
World

യുഎൻ അഭ്യർഥന തള്ളിയ ഇസ്രായേൽ ഗസ്സയിൽ ആക്രമണം ശക്തമാക്കി; 61 പേര്‍ കൂടി കൊല്ലപ്പെട്ടു

Web Desk
|
29 Aug 2025 7:37 AM IST

ഗസ്സയിലേക്കുള്ള വെള്ളവും വൈദ്യുതിയും വിഛേദിച്ച്​ ഫലസ്തീനികളെ കൊന്നൊടുക്കണമെന്ന്​​ തീവ്ര വലതുപക്ഷ മന്ത്രി സ്മോട്രിക്​ ആവശ്യപ്പെട്ടു

തെൽ അവിവ്: യുഎൻ രക്ഷാസമിതിയുടെ അഭ്യർഥന തള്ളിയ ഇസ്രായേൽ, ഗസ്സ സിറ്റിക്ക്​ നേരെയുള്ള ആക്രമണം കൂടുതൽ ശക്​തമാക്കി. സഹായം തേടിയെത്തിയ 19 പേരുൾപ്പെടെ 61 പേരെ 24 മണിക്കൂറിനിടെ കൊന്നൊടുക്കി. ഗസ്സയിലേക്കുള്ള വെള്ളവും വൈദ്യുതിയും വിഛേദിച്ച്​ ഫലസ്തീനികളെ കൊന്നൊടുക്കണമെന്ന്​​ തീവ്ര വലതുപക്ഷ മന്ത്രി സ്മോട്രിക്​ ആവശ്യപ്പെട്ടു. യുദ്ധാനന്തര ഗസ്സയുടെ ഭാവി പദ്ധതി വിലയിരുത്തി വൈറ്റ്​ ഹൗസിൽ ഉന്നതതല യോഗം ചേരും.

ഗസ്സയിൽ നിരുപാധികവും ശാശ്വതവുമായ വെടിനിർത്തൽ ഉടൻ വേണമെന്ന യുഎൻ രക്ഷാസമിതിയുടെ അഭ്യർഥന ഇസ്രായേൽ തള്ളി. ഗസ്സ സിറ്റി പിടിച്ചെടുക്കാനുള്ള പദ്ധതിയിൽ നിന്ന്​ ഇസ്രായേൽ പിൻമാറണമെന്ന യുഎൻ സെക്രട്ടറി ജനറൽ ആന്‍റണിയോ ഗുട്ടറസിന്‍റെ ആഹ്വാനം നിരാകരിച്ച ഇസ്രായേൽ ആക്രമണം കൂടുതൽ ശക്​തമാക്കി. വടക്കൻ ഗസ്സയിലെ സൈത്തൂൻ പ്രദേശത്ത്​ കുറഞത്​ 1500 വസതികൾ ഇസ്രായേൽ സേന ഇടിച്ചു നിരത്തി. ഇവിടെ നിന്ന്​ ആയിരങ്ങളെയാണ്​ സേന പുറന്തള്ളിയത്​. ഇന്നലെ മാത്രം 61 പേരെയാണ്​ ഇസ്രായേൽ കൊന്നൊടുക്കിയത്​. ഇവരിൽ 19 പേർ ഭക്ഷണം തേടിയെത്തിയ പട്ടിണിപ്പാവങ്ങളാണ്​. ഗസ്സയിലേക്കുള്ള വൈദ്യുതിയും വെള്ളവും പൂർണമായി വിച്ഛേദിച്ച്​ ഫലസ്തീനികളെ മുഴുവൻ പുറന്തള്ളണമെന്ന്​ ഇസ്രായേലിലെ തീവ്ര വലതുപക്ഷ മന്ത്രി സ്മോട്രിക്​ ആവശ്യപ്പെട്ടു.

വെടിവെച്ചോ പട്ടിണിക്കൊല മുഖേനയോ ഫലസ്തീൻ വംശഹത്യ നടപ്പാക്കണമെന്നും സ്​മോട്രിക്​ പറഞ്ഞു. പട്ടിണി ആയുധമാക്കി ഫലസ്തീൻ ജനതയെ ഉൻമൂലനം ചെയ്യാനുള്ള ഇസ്രായേൽ പദ്ധതിയുടെ വിളംബരമാണ്​ സ്​മോട്രികിന്‍റെ പ്രസ്താവനയെന്ന്​ ഹമാസ്​ കുറ്റപ്പെടുത്തി. അടിയന്തര വെടിനിർത്തലിന്​ ആഹ്വാനം ചെയ്യുന്ന യുഎൻ രക്ഷാ സമിതിയുടെ സംയുക്​ത പ്രസ്താവനയിൽ നിന്ന്​ വിട്ടുനിന്ന അമേരിക്ക, വൈറ്റ്​ഹൗസിൽ ഗസ്സയുടെ ഭാവി സംബന്​ധിച്ച്​ ചർച്ച ചെയ്യാൻ പ്രത്യേക യോഗം ചേർന്നു.

പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടോണി ബ്ലയർ, ജറദ്​ കുഷ്​നർ, ഇസ്രായേൽ മന്ത്രി റോൺ ഡർമർ എന്നിവരും സംബന്​ധിച്ചു. ഗസ്സയിൽ യു.എസ്​ മേൽനോട്ടത്തിലുള്ള ബദൽ സർക്കാർ സംവിധാനം രൂപപ്പെടുത്താൻ യോഗം തീരുമാനിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. അതിനിടെ, യെമൻ തലസ്ഥാനമായ സൻആയിൽ ഇസ്രായേൽ വീണ്ടും ആക്രമണം നടത്തി.

Related Tags :
Similar Posts