< Back
World
ഗസ്സയിലെ ഏറ്റവും പ്രായം കുറഞ്ഞ മാധ്യമപ്രവര്‍ത്തക; 11 വയസുകാരി യഖീന്‍ ഹമ്മാദിനെ കൊലപ്പെടുത്തി ഇസ്രായേല്‍
World

ഗസ്സയിലെ ഏറ്റവും പ്രായം കുറഞ്ഞ 'മാധ്യമപ്രവര്‍ത്തക'; 11 വയസുകാരി യഖീന്‍ ഹമ്മാദിനെ കൊലപ്പെടുത്തി ഇസ്രായേല്‍

Web Desk
|
24 May 2025 6:14 PM IST

യഖീന്റെ മരണത്തില്‍ ഗസ്സയിലും സോഷ്യല്‍ മീഡിയയിലുമായി നിരവധിപേര്‍ അനുശോചനം രേഖപ്പെടുത്തി

ഗസ്സ സിറ്റി: ഗസ്സയിലെ ഏറ്റവും പ്രായം കുറഞ്ഞ 'മാധ്യമപ്രവര്‍ത്തക'യായ 11 വയസുകാരി യഖീന്‍ ഹമ്മാദിനെ കൊലപ്പെടുത്തി ഇസ്രായേല്‍. ദെയ്ര്‍ അല്‍-ബലാഹില്‍ നടന്ന ഇസ്രായേല്‍ വ്യോമാക്രമണത്തിലാണ് യഖീന്‍ കൊല്ലപ്പെട്ടത്.

ഗസ്സയിലെ ഒരു ചാരിറ്റി ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ വളണ്ടിയര്‍ കൂടിയായിരുന്നു യഖീന്‍. കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ക്കും അനാഥര്‍ക്കും അവള്‍ സഹായങ്ങൾ എത്തിച്ചു നല്‍കി. ഉപരോധിക്കപ്പെട്ട ഗസ്സ മുനമ്പിന്റെ ഹൃദയഭാഗത്തുനിന്നുള്ള യഖീന്‍ തന്റെ ഇന്‍സ്റ്റാഗ്രാം വീഡിയോകളിലൂടെ ആയിരക്കണക്കിന് ആളുകളിലേക്ക് എത്തി.

ഇസ്രായേല്‍ വംശഹത്യയില്‍ തകര്‍ന്നുപോകാന്‍ വിസമ്മതിച്ച ഒരു പെണ്‍കുട്ടിയായിരുന്നു യഖീന്‍ ഹമ്മദ്. ഉപരോധം, ബോംബാക്രമണം എന്നിവയിലൂടെയാണ് അവള്‍ വളര്‍ന്നത്. എന്നിട്ടും അവള്‍ നിശബ്ദത തെരഞ്ഞെടുത്തില്ല. അവളുടെ മരണം ഗസ്സയിലെ ഏറ്റവും ധീരമായ ശബ്ദങ്ങളില്‍ ഒന്നിനെ നിശബ്ദമാക്കിയിരിക്കുകയാണ്.

യഖീന്റെ മരണത്തില്‍ ഗസ്സയിലും സോഷ്യല്‍ മീഡിയയിലുമായി നിരവധിപേര്‍ അനുശോചനം രേഖപ്പെടുത്തി.

Similar Posts