< Back
World
ആക്രമണം അവസാനിപ്പിക്കാനുളള ലോകരാജ്യങ്ങളുടെ മുറവിളികൾക്കിടയിലും നിലപാട്​ മാറ്റാതെ ഇസ്രായേൽ; ഗസ്സയിൽ 93 പേര്‍ കൂടി കൊല്ലപ്പെട്ടു
World

ആക്രമണം അവസാനിപ്പിക്കാനുളള ലോകരാജ്യങ്ങളുടെ മുറവിളികൾക്കിടയിലും നിലപാട്​ മാറ്റാതെ ഇസ്രായേൽ; ഗസ്സയിൽ 93 പേര്‍ കൂടി കൊല്ലപ്പെട്ടു

Web Desk
|
22 May 2025 7:45 AM IST

ഉപരോധം കാരണം ഗസ്സയിൽ പട്ടിണി മൂലം നിരവധി പേർ മരിച്ചിട്ടും പരിമിത സഹായം പോലും എത്തിക്കാൻ ഇസ്രായേൽ തയാറായിട്ടില്ല

ഗസ്സസിറ്റി: ആക്രമണവും ഉപരോധവും നിർത്താനുള്ള ലോകരാജ്യങ്ങളുടെ മുറവിളികൾക്കിടയിലും നിലപാട്​ മാറ്റാതെ ഇസ്രായേൽ. ബുധനാഴ്ച പുലർച്ചെ മുതൽ ഗസ്സയിലുടനീളം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 93 പേർ കൊല്ലപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനിടെ ബുധനാഴ്ച അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർത്ഥി ക്യാമ്പ് സന്ദർശിക്കുന്ന വിദേശ നയതന്ത്രജ്ഞർക്ക് നേരെ ഇസ്രായേൽ സൈന്യം വെടിയുതിര്‍ത്തു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

അതേസമയം ഗസ്സയെ പൂർണമായും നിയന്തണത്തിൽ കൊണ്ടുവരാൻ കൂടുതൽ കടുത്ത ആക്രമണപദ്ധതിക്ക്​ രൂപം നൽകിയതായി ഇസ്രായേല്‍ പ്രധാനന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. ബന്ദികളെ മോചിപ്പിക്കാൻ ഹമാസ്​ തയാറായെങ്കിൽ മാത്രമേ ഇതിൽ മാറ്റം വരുത്തുകയുള്ളൂവെന്നും നെതന്യാഹു വ്യക്തമാക്കുന്നു.

അന്താരാഷ്ട്ര സമ്മർദവും​ ദോഹയിൽ തുടരുന്ന വെടിനിർത്തൽ ചർച്ചയുമൊന്നും ഗസ്സയിലെ കൊടുക്രൂരതകളിൽ നിന്ന്​ ഇസ്രയേലിനെ തടയില്ലെന്ന പരോക്ഷ മുന്നറിയിപ്പും നെതന്യാഹു നൽകി. യൂറോപ്യൻ യൂനിയൻ ഉൾപ്പെടെ നിരവധി ലോക രാജ്യങ്ങൾ ഗസ്സ ആക്രമണവും ഉപരോധവും അവസാനിപ്പിക്കാൻ ഇസ്രായേലിനു മേൽ സമ്മർദം തുടരുന്ന സാഹചര്യത്തിലാണ്​ നെതന്യാഹുവിന്‍റെ പുതിയ പ്രതികരണം.

മാർച്ച്​ രണ്ട്​ മുതൽ തുടരുന്ന ഉപരോധം കാരണം ഗസ്സയിൽ പട്ടിണി മൂലം 326 ​പേർ മരിച്ചിട്ടും പരിമിത സഹായം പോലും എത്തിക്കാൻ ഇസ്രായേൽ തയാറായിട്ടില്ല. സഹായ വിതരണത്തിന്​ ബദൽ സംവിധാനം ഒരുക്കുമെന്ന യുഎസ്​ പ്രഖ്യാപനവും വിജയം കണ്ടില്ല. സഹായം ഉടൻ കൈമാറാൻ നടപടി ഊർജിതമാക്കുമെന്ന്​ യുഎസ്​ സ്​റ്റേറ്റ്​ വകുപ്പ്​ അറിയിച്ചു. ഉടൻ സഹായം ലഭ്യമാക്കിയില്ലെങ്കിൽ കുഞ്ഞുങ്ങള്‍ ഉൾ​​പ്പെടെ​ ആയിരങ്ങൾ മരിച്ചുവീഴുമെന്നാണ്​ യുഎൻ മുന്നറിയിപ്പ്​.

Related Tags :
Similar Posts