കടുത്ത എതിര്‍പ്പിനിടയിലും ഗസ്സക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഇസ്രായേൽ; ലക്ഷക്കണക്കിന് പേർ പുറന്തള്ളപ്പെടുമെന്ന് യുഎൻ മുന്നറിയിപ്പ്
|ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 63,000 കടന്നു
തെൽ അവിവ്: യുഎന്നിന്‍റെയും ലോകരാജ്യങ്ങളുടെയും എതിർപ്പിനിടയിലും ഗസ്സ സിറ്റിക്കു നേരെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. ദശലക്ഷം ഫലസ്തീനികൾ ഗസ്സ സിറ്റിയിൽ നിന്ന് പുറന്തള്ളപ്പെടമെന്ന് യുഎൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 63,000 കടന്നു.
ഗസ്സ സിറ്റിക്ക് നേരെ കൂടുതൽ ശക്തമായ വ്യോമാക്രമണവും ഷെല്ലാക്രമണവും തുടർന്ന് ഇസ്രായേൽ സേന. 67 പേരാണ് ഇന്നലെ മാത്രം കൊല്ലപ്പെട്ടത്. ഇവരിൽ 33 പേരും ഗസ്സ സിറ്റിയിലാണ്. സുരക്ഷിത കേന്ദ്രം എന്ന് ഇസ്രായേൽ വിശേഷിപ്പിച്ച അൽ മവാസിയിൽ നടന്ന ആക്രമണത്തിൽ 5 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഗസ്സയിലെ മൂന്നിടങ്ങളിൽ നേരത്തെ പ്രഖ്യാപിച്ച പത്ത് മണിക്കൂർ നേരത്തെ വെടിനിർത്തൽ പിൻവലിച്ചതായും ഇസ്രയേൽ സേന അറിയിച്ചു. ആകാശമാർഗം ഭക്ഷണം എത്തിക്കുന്ന സംവിധാനം നിർത്തി വെക്കാൻ തീരുമാനിക്കുന്നതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വരും ദിവസങ്ങളിൽ തെക്കൻ ഗസ്സയിലെ ചില കേന്ദ്രങ്ങളിൽ മാത്രമായി ഭക്ഷണവിതരണം പരിമിതപ്പെടുത്താനാണ് ഇസ്രായേൽ നീക്കം.
ഗസ്സ സിറ്റിക്കു നേരെയുള്ള ആക്രമണം ഉപേക്ഷിച്ചില്ലെങ്കിൽ ദശലക്ഷം പേർ പുറന്തള്ളപ്പെടുമെന്ന് യു.എൻ മുന്നറിയിപ്പ് നൽകി.അതിനിടെ, 22 മാസത്തിലേറെയായി തുടരുന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം പതിമൂവായിരം കടന്നു. പട്ടിണിക്കൊലയും ഉയരുകയാണ്. രണ്ട് കുട്ടികൾ ഉൾപ്പെടെ 5 പേർ കൂടി പട്ടിണി മൂലം കൊല്ലപ്പെട്ടു. ഗസ്സ കീഴ്പ്പെടുത്താനുള്ള ഇസ്രായേൽ നീക്കം സയണിസ്റ്റ് രാഷ്ട്രത്തിന്‍റെ അന്ത്യം കുറിക്കുമെന്ന് ഹമാസ് സായുധ വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ പറഞ്ഞു.
കനത്ത തിരിച്ചടി നൽകി ഇസ്രായേൽ സൈനികരെ പാഠം പഠിപ്പിക്കുമെന്നും അബൂ ഉബൈദ മുന്നറിയിപ്പ് നൽകി. ഇസ്രായേലുമായുള്ള വാണിജ്യ ബന്ധം വിച്ഛേദിച്ച തുർക്കി തീരുമാനത്തെ ഹമാസ് അഭിനന്ദിച്ചു. ഗസ്സയിലെ അൽ സൈതൂൻ പ്രദേശത്ത് ഇന്നലെ രാത്രി ഹമാസ് നടത്തിയ രണ്ട് പ്രത്യാക്രമണങ്ങൾ ഇസ്രായേലിനെ ശരിക്കും ഞെട്ടിച്ചു. ഒരു സൈനികൻ കൊല്ലപ്പെടുകയും 9 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.