< Back
World
തിരിച്ചടിച്ച് ഹൂതികൾ; ഇസ്രായേലിന് നേരെ ബാലിസ്റ്റിക് മിസൈലുകളയച്ചു
World

തിരിച്ചടിച്ച് ഹൂതികൾ; ഇസ്രായേലിന് നേരെ ബാലിസ്റ്റിക് മിസൈലുകളയച്ചു

Web Desk
|
20 March 2025 10:35 AM IST

അമേരിക്കയും ഹൂതികളും തമ്മിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് ഇസ്രായേലിന് നേരെയുള്ള ഹൂതികളുടെ മിസൈല്‍ പ്രയോഗം.

തെല്‍അവീവ്: ഇസ്രായേലിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ അയച്ച് ഹൂതികൾ. അതേസമയം മിസൈൽ നിർവീര്യമാക്കിയതായി ഇസ്രായേൽ സേന അവകാശപ്പെട്ടു. കഴിഞ്ഞ കുറെ ദിവസങ്ങളായി അമേരിക്കയും ഹൂതികളും തമ്മിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് ഇസ്രായേലിന് നേരെയുള്ള ഹൂതികളുടെ മിസൈല്‍ പ്രയോഗം.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗസ്സയില്‍ ആക്രമണം തുടങ്ങിയ ഇസ്രായേലിനെതിരെ തിരിയുമെന്ന് ഹൂതികള്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ആക്രമണം. മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിലെങ്ങും വലിയ സൈറണുകള്‍ മുഴങ്ങി. സൈറണുകൾക്ക് പിന്നാലെ ആളുകൾ ഓടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇങ്ങനെ ഓടുന്നതിനിടെ വീണ് പലർക്കും പരിക്കേറ്റിട്ടുണ്ട്.

ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഗുരുതരമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഇസ്രായേലിന്റെ ആംബുലൻസ് സർവീസ് വ്യക്തമാക്കുന്നു. ഇതിനിടെ ഹൂതി വക്താവ് യഹ്‌യ സാരി ആക്രമണം നടന്നതായി സ്ഥിരീകരിച്ചു. ഫലസ്തീൻ-2 ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച്, അധിനിവേശ ജാഫ മേഖലയിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തെ ലക്ഷ്യമിട്ട് ആക്രമണം നടന്നതായാണ് യഹ്‌യ സാരി വ്യക്തമാക്കിയത്.

ഓപറേഷന്‍ വിജയകരമായി പൂര്‍ത്തിയായെന്നും അദ്ദേഹം പറയുന്നു. അതേസമയം അമേരിക്കയുടെ പ്രചാരണത്തിന് മറുപടിയായി ഇസ്രായേലിനെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ കൂടുതല്‍ നടത്തുമെന്നും അടുത്തിടെ ഹൂതികള്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഹൂതികള്‍ക്കെതിരെ അമേരിക്ക തിരിഞ്ഞത്.

ട്രംപ് അധികാരമേറ്റതിനുശേഷം മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ യുഎസ് സൈനിക നടപടിയാണ് ഹൂതികള്‍ക്ക് നേരെ നടക്കുന്നത്. ഹൂതികളെ ഇല്ലാതാക്കുമെന്നാണ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയത്. അതേസമയം ഭാവിയിൽ ഉണ്ടാകുന്ന ഹൂതി ആക്രമണങ്ങൾക്ക് ഇറാന്‍ ഉത്തരവാദിയാക്കുമെന്നും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

Similar Posts