
Photo: /AP
വെടിനിര്‍ത്തല്‍ കരാര്‍ പ്രതിസന്ധിയിലാക്കി ഗസ്സയിൽ വീണ്ടും ഇസ്രായേലിന്റെ വ്യോമാക്രമണം; 42 ഫലസ്തീനികൾ കൊല്ലപ്പെട്ടു
|പ്രത്യാക്രമണ നടപടി മാത്രമെന്നും വെടിനിർത്തൽ തുടരുമെന്നും അമേരിക്ക
ഗസ്സ സിറ്റി:18 ദിവസങ്ങൾ നീണ്ട വെടിനിർത്തൽ കരാറിനെ കടുത്ത പ്രതിസന്ധിയിലാക്കി, ഗസ്സക്കു മേൽ വീണ്ടും ഇസ്രായേലിന്റെ ശക്തമായ വ്യോമാക്രമണം. 42 പേർ കൊല്ലപ്പെടുകയും ഇരുപതിലേറെ പേർക്ക് പരിക്കേൽക്കുകയുംചെയ്തു. ഇന്നലെ അർധരാത്രിയാണ് അമേരിക്കയെ വിവരം അറിയിച്ച ശേഷം ഗസ്സക്കു മേലുള്ള ഇസ്രായേലിന്‍റെ പുനരാക്രമണം. ഖാൻ യൂനുസിലും തെക്കൻ ഗസ്സ മുനമ്പിലുമാണ് ഇസ്രായേലി പോർ വിമാനങ്ങൾ ബോംബിട്ടത്.
ഗസ്സയുടെ പല ഭാഗങ്ങളിലും വ്യാപക ഷെല്ലാക്രമണവും നടന്നു. ഇസ്രായേൽ നടപടി, വെടിനിർത്തൽ കരാറിന്‍റെ തകർച്ചയല്ലെന്ന് യു.എസ് വൈസ് പ്രസിഡന്‍റ് ജെ. ഡി വാൻസ് പറഞ്ഞു. ഗസ്സയിൽ നിന്ന് സേനക്ക് നേരെ ആക്രമണം ഉണ്ടായാൽ ഇസ്രായേൽ തിരിച്ചടിക്കും എന്നത് തങ്ങൾ പ്രതീക്ഷിച്ച ഒന്നാണെന്നും അദ്ദേഹം കൂട്ടച്ചേർത്തു. അവശേഷിക്കുന്ന 13 ബന്ദികളുടെ മൃതദേഹങ്ങൾ വിട്ടുനൽകാതെ, ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ആരോപിച്ച് ഗസ്സയിൽ വൻ ആക്രമണം നടത്താൻ ഇന്നലെ വൈകീട്ടാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സൈന്യത്തിന് നിർദേശം നൽകിയത്.
തെക്കൻ ഗസ്സയിൽ ഇസ്രായേൽ സൈനികർക്കെതിരെ നടന്ന ആക്രമണവും ബന്ദികളുടെ മൃതദേഹം കൈമാറുന്നതിലുള്ള കാലതാമസവും ചൂണ്ടിക്കാട്ടിയ നെതന്യാഹു ഹമാസ് തുടർച്ചയായി കരാർ ലംഘിക്കുകയാണെന്നും കുറ്റപ്പെടുത്തി. നേരത്തെ, ഹമാസ് വിട്ടുനൽകിയ ബന്ദികളുടെ മൃതദേഹങ്ങളിലൊന്ന് രണ്ടു വർഷം മുമ്പ് ഇസ്രായേൽ സേന വീണ്ടെടുത്ത മറ്റൊരു ബന്ദിയുടെ മൃതദേഹ ഭാഗങ്ങളാണെന്ന് നെതന്യാഹു ആരോപിച്ചിരുന്നു. യു.എസ്, ഖത്തർ, ഈജിപ്ത്, തുർക്കിയ രാജ്യങ്ങളുടെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങൾക്കൊടുവിൽ ഒക്ടോബർ 10നാണ് ഗസ്സ സമാധാന കരാർ നിലവിൽ വന്നത്. ഇതിന് പിന്നാലെ, ജീവനോടെയുള്ള 20 ഇസ്രായേലി ബന്ദികളെ ഹമാസ് വിട്ടയച്ചു. പകരം ഇസ്രായേൽ ജയിലുകളിൽ കഴിഞ്ഞ 250 ഫലസ്തീൻകാരെയും ഗസ്സയിൽനിന്ന് തടവിലാക്കിയ 1718 പേരെയും ഇസ്രായേൽ വിട്ടയച്ചിരുന്നു.
അതേസമയം കരാർ ലംഘിച്ചതായ ആരോപണം ഹമാസ് തള്ളി. ഇസ്രായേൽ 125 തവണ കരാർ ലംഘിച്ചെന്ന് ഗസ്സ ഗവൺമെന്‍റ് മീഡിയ ഓഫീസ് കുറ്റപ്പെടുത്തി. 94 ഫലസ്തീനികളെയാണ് കരാർ കാലയളവിൽ ഇസ്രായേൽ കൊലപ്പെടുത്തിയത്. ഇസ്രായേൽ ആക്രമത്തെ തുടർന്ന് ഇന്നലെ മൃതദേഹം കൈമാറുന്നത് ഹമാസും നിർത്തിവെച്ചു. 13 ബന്ദികളുടെ മൃതദേഹങ്ങൾ കൂടിയാണ് ഹമാസ് ഇസ്രായേലിന് കൈമാറേണ്ടത്. ഗസ്സക്കുമേലുള്ള ഇസ്രായേൽ ആക്രമണം ഉടൻ നിർത്തമെന്ന് യു.എന്നും വിവിധ ലോക രാജ്യങ്ങളും ആവശ്യപ്പെട്ടു.