< Back
World
ഗസ്സയിലുടനീളം ബോംബിട്ട് ഇസ്രായേൽ: കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നു, മരിച്ചവരിൽ അധികവും കുട്ടികൾ
World

ഗസ്സയിലുടനീളം ബോംബിട്ട് ഇസ്രായേൽ: കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നു, മരിച്ചവരിൽ അധികവും കുട്ടികൾ

Web Desk
|
18 March 2025 9:56 AM IST

രക്തം പുരണ്ട വെളുത്ത പ്ലാസ്റ്റിക് ഷീറ്റുകളിൽ മൃതദേഹങ്ങൾ കൂട്ടിയിട്ടതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഗസ്സസിറ്റി: ഗസ്സയിൽ വംശഹത്യ പുനരാരംഭിച്ച് ഇസ്രായേൽ. വെടിനിർത്തൽ അവസാനിപ്പിച്ച് ഗസ്സയിലുടനീളം ബോംബിട്ടു. മണിക്കൂറുകൾക്കുള്ളിൽ കുട്ടികളടക്കം 200ലധികം പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം മരണ സംഖ്യ 232 ആയി.

ഇസ്രായേല്‍ ഏകപക്ഷീയമായി വെടിനിർത്തല്‍ അവസാനിപ്പിച്ചെന്ന് ഹമാസ് പ്രതികരിച്ചു.

ജനുവരി 19ന് വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രണമാണ് റമദാൻ മാസത്തിൽ ഇസ്രായേൽ നടത്തിയത്. അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന സമാധാന ചർച്ച ഫലംകാണാതെ പിരിഞ്ഞതിനു പിന്നാലെയാണ് ഇസ്രായേലിന്‍റെ നരനായാട്ട്.

വടക്കൻ ഗസ്സ, ഗസ്സ സിറ്റി, മധ്യ- തെക്കൻ ഗസ്സ മുനമ്പിലെ ദെയര്‍ അൽ-ബല, ഖാൻ യൂനിസ്, റഫാ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് ആക്രമണമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളാണെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചു. ഉറങ്ങിക്കിടക്കുന്ന സമയത്താണ് ഇസ്രായേലിന്റെ ബോംബുകള്‍ വന്നു പതിക്കുന്നത്.

ഡസൻ കണക്കിന് ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച ഇസ്രായേൽ സൈന്യം, ആവശ്യമുള്ളിടത്തോളം കാലം ആക്രമണം തുടരുമെന്നും വ്യോമാക്രമണത്തിനപ്പുറം നീക്കം വ്യാപിക്കുമെന്നും വ്യക്തമാക്കി. കരയാക്രമണ സാധ്യതകളിലേക്കാണ് ഇസ്രായേലിന്റെ പ്രസ്താവനയെ നിരീക്ഷിക്കുന്നത്.

അതേസമയം രക്തം പുരണ്ട വെളുത്ത പ്ലാസ്റ്റിക് ഷീറ്റുകളിൽ മൃതദേഹങ്ങൾ കൂട്ടിയിട്ടതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Similar Posts