< Back
World
യമനിലും യുദ്ധം തുടങ്ങി ഇസ്രായേൽ; സൻആ വിമാനത്താവളത്തിൽ ബോംബിട്ടു
World

യമനിലും യുദ്ധം തുടങ്ങി ഇസ്രായേൽ; സൻആ വിമാനത്താവളത്തിൽ ബോംബിട്ടു

Web Desk
|
6 May 2025 8:50 PM IST

24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് യമൻ തലസ്ഥാനമായ സൻആ, ഇസ്രായേൽ ലക്ഷ്യമിടുന്നത്

സൻആ: ഗസ്സക്ക് പിന്നാലെ യമനിലും യുദ്ധം തുടങ്ങി ഇസ്രായേൽ. യമന്‍ തലസ്ഥാനമായ സൻആയിലെ വിമാനത്താവളത്തിൽ ഇസ്രായേൽ ബോംബിട്ടു. ഹുദൈദ തുറമുഖവും നേരത്തെ ഇസ്രായേൽ ആക്രമിച്ചിരുന്നു. പ്രദേശത്തുള്ളവരെല്ലാം ഒഴിഞ്ഞുപോകണമെന്നാണ് ഇസ്രായേലിന്റെ ഭീഷണി.

24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് ഇസ്രായേൽ യമന്‍ തലസ്ഥാനമായ സൻആ ലക്ഷ്യമിടുന്നത്. നേരത്തെ ഇസ്രായേലിലെ വിമാനത്താവളം യമനിലെ ഹൂതികൾ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യമന് നേരെ ഇസ്രായേല്‍ തിരിഞ്ഞിരിക്കുന്നത്.

യമൻ തലസ്ഥാനമായ സൻആയിലെ പ്രധാന വിമാനത്താവളത്തിന് നേരെ നടത്തിയ വ്യോമാക്രമണത്തിൽ സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും വിമാനത്താവളം പ്രവർത്തനരഹിതമായെന്നുമാണ് ഇസ്രായേലി സൈന്യം അവകാശപ്പെടുന്നത്. മൂന്ന് സിവിലിയൻ വിമാനങ്ങൾ, പുറപ്പെടല്‍ ഹാൾ, വിമാനത്താവള റൺവേ, ഹൂതി നിയന്ത്രണത്തിലുള്ള ഒരു സൈനിക വ്യോമതാവളം എന്നിവയാണ് ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം സൻആയില്‍ ആളപായമോ അടിസ്ഥാന സൗകര്യങ്ങൾക്ക് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇസ്രായേലിന്റെ വിമാനത്താവളങ്ങളെ ഇനിയും ലക്ഷ്യമിടുമെന്നും സമഗ്ര വ്യോമ ഉപരോധം തന്നെ ഏർപ്പെടുത്തുമെന്നാണ് ഹൂതികള്‍ അടുത്തിടെ പ്രഖ്യാപിച്ചത്.

ഇസ്രായേലിലെ ബൻ ഗുരിയോൺ വിമാനത്താവളത്തിന്​ സമീപമാണ് ഹൂതികളുടെ ഹൈപ്പർസോണിക്​ ബാലിസ്റ്റിക്​ മിസൈല്‍ പതിച്ചത്. ഇതിന്റെ നടുക്കത്തിലായിരുന്നു ഇസ്രായേല്‍. പിന്നാലെ ഇസ്രാ​യേലിലേക്കുള്ള എല്ലാ സർവീസുകളും വിദേശ വിമാന കമ്പനികൾ നിര്‍ത്തിവെച്ചു.

മിസൈൽ പ്രതി​രോധിക്കുന്നതിൽ അമേരിക്ക കൈമാറിയ 'താഡ്​' സംവിധാനം പരാജപ്പെട്ടതും ഇസ്രയേലിന്​ പുതിയ വെല്ലുവിളിയായിരുന്നു. അതേസമയം യെമനിലെ ഹൂതികൾക്കും അവരെ പിന്തുണക്കുന്ന ഇറാനും കനത്ത തിരിച്ചടി നൽകുമെന്ന്​ ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ ​നെതന്യാഹു വ്യക്തമാക്കിയിരുന്നു.

Similar Posts